സോഡയിൽ ചീസ്; വൈറലായി 'ചീസ് സോഡ ബ്ലാസ്റ്റ്'
text_fieldsചീസ് ചേർത്ത ഭക്ഷണ പദാർഥങ്ങൾക്ക് പൊതുവെ ആരാധകർ ഏറെയാണ്. ഒട്ടുമിക്ക ഭക്ഷണങ്ങളിലും ആളുകൾ ചീസ് ചേർക്കുന്നു. ഇത്തരം വീഡിയോകൾക്ക് ഇന്‍റർനെറ്റിലും ഡിമാന്‍റ് കൂടുതലാണ്. ദോശ മുതൽ പാവ് ഭാജി വരെ പലതിലും ചീസ് ചേർക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും പാനീയങ്ങളിൽ ചീസ് ചേർക്കുന്നത് ഇതാദ്യമായാണ്.
'ചീസ് സോഡ ബ്ലാസ്റ്റ്' എന്ന പാനീയമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പിടിച്ച് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. മയൂർ സുർത്തി എന്ന ഫുഡ് ബ്ലോഗറാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കടക്കാരൻ ചീസ് സോഡയുണ്ടാക്കുന്നതിന്റെ റീൽ പോസ്റ്റ് ചെയ്തത്.
ആദ്യം ഐസ് നിറച്ച ഗ്ലാസിൽ കുറച്ച് നിലക്കടല വിതറി അതിലേക്ക് പൈനാപ്പിൾ സോഡയും ബ്ലൂബെറി സോഡയും നിറക്കുന്നു. ശേഷം അതിലേക്ക് ചീസ് ഗ്രേറ്റ് ചെയ്യുന്നു. 'പവർഫുൾ സോഡ' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ഈ വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയത്. സൂറത്തിലെ റാൻഡർ ബസ് സ്റ്റോപ്പിന് സമീപമാണ് ഈ കട.
ഈ വൈറൽ പാനീയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. വൈവിധ്യം തേടി പോകുന്ന ഭക്ഷണപ്രേമികൾക്ക് ഈ ചീസ് സോഡ ബ്ലാസ്റ്റ് പരീക്ഷിച്ചുനോക്കാവുന്നതാണ്.

