കുട്ടികളുടെ വയർ നിറക്കാൻ ബനാന പാൻകേക്ക്
text_fieldsമിക്ക കുട്ടികളും പ്രഭാതഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നവരാണ്. എന്നും ഒരേ വിഭവങ്ങൾ തയാറാക്കുന്നതിന് പകരം വ്യത്യസ്തമായത് പരീക്ഷിക്കാം. അത്തരത്തിൽ കുട്ടികളെ എളുപ്പം കഴിപ്പിക്കാൻ പറ്റുന്ന ഒന്നാണ് ബനാന പാൻകേക്ക്. വ്യത്യസ്ത ആകൃതിയിൽ ഉണ്ടാക്കി പഴങ്ങൾ ചേർത്ത് അലങ്കരിച്ച് കൊടുക്കുമ്പോൾ കുട്ടികൾക്ക് കഴിക്കാൻ തോന്നും.
ആവശ്യമായ ചേരുവകൾ:
- നന്നായി പഴുത്ത നേന്ത്രപ്പഴം- 1 (വലുത്)
- ഗോതമ്പ് പൊടി (അല്ലെങ്കിൽ മൈദ)- 1/2 കപ്പ്
- മുട്ട - 1 എണ്ണം
- പാൽ -1/4 കപ്പ് (ആവശ്യാനുസരണം അളവ് കൂട്ടാവുന്നതാണ്)
- ഏലക്കാപൊടി - 1/4 ടീസ്പൂൺ
- നെയ്യ് അല്ലെങ്കിൽ വെണ്ണ - ചുട്ടെടുക്കാൻ ആവശ്യത്തിന്
- ഉപ്പ് - ഒരു നുള്ള്
തയാറാക്കുന്ന വിധം:
പഴം സ്പൂൺ ഉപയോഗിച്ചോ മിക്സിയിലിട്ടോ നന്നായി ഉടക്കുക. കഷ്ണങ്ങൾ ഇല്ലാതെ പേസ്റ്റ് പോലെയാവണം. ഇതിലേക്ക് മുട്ട ചേർത്ത് നന്നായി ഇളക്കുക. ശേഷം ഗോതമ്പ് പൊടി, ഏലക്കാപൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ഇനി മാവ് അധികം കട്ടിയാവാതിരിക്കാൻ പാൽ ചേർത്ത് ഇളക്കുക. ദോശമാവിനേക്കാൾ അൽപം കൂടി കട്ടിയുള്ള പരുവമായിരിക്കണം മാവ്. ആവശ്യാനുസരണം പാലിന്റെ അളവ് കൂട്ടാവുന്നതാണ്. പക്ഷേ മാവ് നേർത്ത് പോവാൻ പാടില്ല. ശേഷം നോൺസ്റ്റിക് പാൻ ചൂടാക്കി അൽപം നെയ്യ് തടവുക. ശേഷം മാവ് ഒഴിക്കുക. ദോശ ചുടുന്നതു പോലെ പരത്തരുത്.
ഇത് ചെറിയ തീയിൽ വേവിച്ച് മുകൾഭാഗത്ത് കുമിളകൾ വരുന്നത് കാണുമ്പോൾ തിരിച്ചിടുക. രണ്ട് വശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വേവിക്കുക. ആവശ്യമെങ്കിൽ പാൻകേക്കിന് മുകളിൽ അൽപം തേനോ ഈന്തപ്പഴത്തിന്റെ സിറപ്പോ ഒഴിച്ച് കൊടുക്കുന്നത് കുട്ടികൾക്ക് കൂടുതൽ ഇഷ്ടപ്പെടും. കൂടുതൽ ഹെൽത്തി ആക്കാൻ ഗോതമ്പിന് പകരം ഓട്സ് പൊടിച്ചത് ചേർക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

