‘രാമശ്ശേരി ഇഡ്ഡലിക്ക് ഭൗമ സൂചിക പദവി ലഭ്യമാക്കണം’
text_fieldsപാലക്കാട്: 150 വർഷത്തെ പാരമ്പര്യമുള്ള രാമശ്ശേരി ഇഡ്ഡലിക്ക് ഭൗമ സൂചിക പദവി ലഭ്യമാക്കി ജില്ലയിലെ പൈതൃക ഉൽപന്നമായ രാമശ്ശേരി ഇഡ്ഡലിയെയും അതുണ്ടാക്കി ഉപജീവനം നടത്തുന്ന കുടുംബങ്ങളെയും അന്തസോടെ നിലനിർത്താൻ തയാറാവണമെന്ന് രാമശ്ശേരി ഇഡ്ഡലി സംരംഭകരുടെ പദ്ധതി ആസൂത്രണ യോഗം ആവശ്യപ്പെട്ടു.
രാമശ്ശേരി ഇഡ്ഡലിയുടെ സ്വാദറിയാൻ നൂറോളം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും ഭക്ഷണപ്രിയരും രാമശ്ശേരിയിൽ എത്തിയിട്ടുണ്ട്. ഇത്രയും പ്രാധാന്യമേറിയ രാമശ്ശേരി ഇഡ്ഡലി തയാറാക്കി ഉപജീവനം നടത്തുന്ന ഒമ്പത് കുടുംബങ്ങൾ ഇനി എത്ര കാലം ഇങ്ങനെ തുടരും എന്ന കാര്യത്തിൽ ആശങ്കയുണ്ട്.
150 വർഷങ്ങൾ പിന്നിടുന്ന സംരംഭമായിട്ട് കൂടി സർക്കാരിന്റെ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി നല്ല നിലയിൽ വികസിപ്പിക്കാനോ വിപണി കണ്ടെത്താനോ നാളിതുവരെ കഴിഞ്ഞിട്ടില്ല. പ്രാദേശിക സാമ്പത്തിക വികസനത്തിലും വനിതാ ശാക്തീകരണത്തിലും ഊന്നിയുള്ള പദ്ധതികൾ നടപ്പിലാക്കുന്ന കുടുംബശ്രീ മിഷനും പഞ്ചായത്തീരാജ് സ്ഥാപനങ്ങളും ഇതുവരെ തങ്ങളെ സഹായിച്ചില്ലെന്ന് സംരംഭകർ പറഞ്ഞു.
രാമശ്ശേരി ഇഡ്ഡലിയുടെ തനിമയും സാംസ്കാരിക പാരമ്പര്യവും നിലനിർത്തി കൊണ്ട് തന്നെ ഗുണമേന്മയോടെ ഉൽപാദന ശേഷി കൂട്ടുക, ആധുനിക വിപണന സംവിധാനം ഒരുക്കി മാന്യമായ വരുമാനം സംരംഭകർക്ക് ഉറപ്പാക്കുക, വിദഗ്ധ പരിശീലനവും സാമ്പത്തിക പിന്തുണയും നൽകി മികച്ച സംരംഭകരാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് യോഗത്തിൽ ഉന്നയിച്ചത്. രാമശ്ശേരി ഗാന്ധി ആശ്രമത്തിൽ സംഘടിപ്പിച്ച രാമശ്ശേരി ഇഡ്ഡലി സംരംഭകരുടെ പദ്ധതി ആസൂത്രണ യോഗത്തിൽ ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
സഹജീവനം ഫൗണ്ടേഷൻ ഡയറക്ടർ ഗിരീഷ് കടുന്തിരുത്തി, സർവ്വോദയ കേന്ദ്രം ജോ. ഡയറക്ടർ ഉണ്ണിക്കുട്ടൻ മടച്ചിപ്പാടം, ഗാന്ധി ആശ്രമം സപ്പോർട്ട് ഗ്രൂപ്പ് അംഗം ആർ. രാമദാസ്, കുടുംബശ്രീ മിഷൻ മെന്റർ പി. അശ്വതി, സി. മുരുകേശൻ, കെ.ടി. രാജേശ്വരി, വിജയകുമാരി മുത്തുകുമാർ, എൽ. സ്മിത, വി. ജാനകി, കെ. ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

