'ഇന്ത്യൻ നോൺ-വെജ് ഭക്ഷണം വളരെ സ്വാദിഷ്ടമാണ്'; ബ്രിക്സ് ഉച്ചകോടിയിലെ ഭക്ഷണമെനുവിനെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയ വിരുന്ന് ചടങ്ങിലെ ഭക്ഷണമെനുവിനെതിരെ പരോക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക, യു.എ.ഇ, മലേഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ ഉന്നത നേതാക്കൾ പങ്കെടുത്ത ഈ അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശനിയാഴ്ച പ്രത്യേക ഗാലാ ഡിന്നർ ഒരുക്കിയത്. എന്നാൽ ഈ വിരുന്നിൽ പൂർണ്ണമായും സസ്യഭക്ഷണം മാത്രമാണ് വിളമ്പിയതെന്ന പ്രത്യേകതയാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്.
ബ്രിക്സ് ഉച്ചകോടിയുടെ ഔദ്യോഗിക ഭക്ഷണക്രമത്തെക്കുറിച്ച് നേരിട്ട് പരാമർശങ്ങൾ ഒന്നും നടത്തിയിട്ടില്ലെങ്കിലും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ രാഹുൽ ഗാന്ധി പങ്കുവെച്ച ഒരു കുറിപ്പും ചിത്രവുമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തിയിരിക്കുന്നത്. പ്രശസ്തമായ ചോലെ ഭട്ടൂര അടങ്ങിയ ഉച്ചഭക്ഷണത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ച വരികൾ ഇങ്ങനെയാണ്, 'ഒരു കാര്യം ഓർമ്മിപ്പിക്കുന്നു: ഇന്ത്യയിൽ 80 ശതമാനവും നോൺ-വെജ് കഴിക്കുന്നവരാണ്. ഇന്ത്യൻ നോൺ-വെജ് ഭക്ഷണങ്ങൾ വളരെ സ്വാദിഷ്ടമാണ്, അതുപോലെ തന്നെ എന്റെ സഹോദരിയുടെ ചോലെ ഭട്ടൂരയും.'
പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിച്ച ഈ ഗാലാ ഡിന്നറിൽ ഇന്ത്യയുടെ തനതായ വിവിധതരം സസ്യവിഭവങ്ങളാണ് ലോകനേതാക്കൾക്കായി ഒരുക്കിയിരുന്നത്. കന്ദ്വി മിൽഫെൽ, മഷ്റൂം കബാബ് തുടങ്ങിയ സ്റ്റാർട്ടറുകളോടെ ആരംഭിച്ച മെനുവിൽ പനീർ ലബാബ്ദർ, ഗുച്ചി മാർമിക്, കാർട്ട് ബീൻ പൊരിയൽ, റാഗി-മില്ലറ്റ് പുലാവ് തുടങ്ങിയ വൈവിധ്യമാർന്ന വിഭവങ്ങളും ഉൾപ്പെടുത്തിയിരുന്നു. കൂടാതെ ഡെസർട്ടുകളായി വിവിധതരം മധുരപലഹാരങ്ങളും ഒരുക്കിയിരുന്നു.
എന്നാൽ ഈ ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും യു.എ.ഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദും ഗാലാ ഡിന്നറിൽ നിന്ന് വിട്ടുനിന്നത് വലിയ രീതിയിൽ വാർത്തകളിൽ ഇടംനേടിയിരുന്നു. ഇതിനിടയിലാണ് രാജ്യത്തെ ജനങ്ങളുടെ ഭക്ഷണരീതികളും താൽപ്പര്യങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് രാഹുൽ ഗാന്ധി പങ്കുവെച്ച ഈ കുറിപ്പ് രാഷ്ട്രീയ തലത്തിലും സാമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായി മാറിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

