പശ്ചിമേഷ്യയിലെ സംഘർഷം; ഖത്തറിൽ ഭക്ഷ്യവസ്തുക്കളുടെ ക്ഷാമമില്ല
text_fieldsദോഹ: മേഖലയിലുണ്ടായ പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ പ്രാദേശിക വിപണികളിൽ ഭക്ഷ്യവസ്തുക്കളുടെ ഒരുവിധ ക്ഷാമവും നേരിട്ടിട്ടില്ലെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം. കഴിഞ്ഞ ഫെബ്രുവരി അവസാനത്തിലാണ് പ്രാദേശിക സംഘർഷം ആരംഭിച്ചത്. ആറുമാസം പിന്നിട്ടിട്ടും ഒരുതരത്തിലുള്ള ഭക്ഷ്യക്ഷാമവും രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണൽ പ്ലാനിങ് കൗൺസിൽ സംഘടിപ്പിച്ച പോഡ്‌കാസ്റ്റ് അൽ-തൻമിയയിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി എൻജിനീയർ അലി ബിൻ മുഹമ്മദ് അൽ അലി വ്യക്തമാക്കി.
ഖത്തർ എനർജി ഉൾപ്പെടെയുള്ള സർക്കാർ -സ്വകാര്യ പങ്കാളികളുമായി സഹകരിച്ച് പ്രധാന പാതയോരങ്ങളിൽ ഒരു കോടി മരങ്ങൾ നടുന്ന പദ്ധതി വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിവരുന്നതായും അലി ബിൻ മുഹമ്മദ് അൽ അലി പറഞ്ഞു. ഇതുവരെ 48 ലക്ഷത്തിലധികം മരങ്ങൾ നട്ടുകഴിഞ്ഞു. പദ്ധതിയുടെ പകുതിയോളം മരങ്ങൾ വെച്ചുപിടിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തേ 30 ദിവസത്തിലധികം സമയമെടുത്തിരുന്ന റെസിഡൻഷ്യൽ വില്ല നിർമാണ പെർമിറ്റുകൾ ഇപ്പോൾ എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒറ്റദിവസത്തിനുള്ളിൽ ലഭ്യമാക്കുന്നുണ്ട്. എല്ലാ നടപടികളും ചട്ടങ്ങളും എ.ഐ സിസ്റ്റത്തെ പരിശീലിപ്പിച്ച ശേഷമാണ് നടപ്പാക്കിയത്. ഭാവിയിൽ മന്ത്രാലയത്തിന്റെ മറ്റു സേവനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. കെട്ടിട പരിശോധനയിലും പൊതുശുചിത്വ പരിപാലനത്തിലും എ.ഐ സേവനങ്ങൾ ഉപയോഗിക്കുന്നു. നഗരത്തിന്റെ സമ്പൂർണ മാതൃക വിഭാവനം ചെയ്യാൻ സഹായിക്കുന്ന 'ഡിജിറ്റൽ ട്വിൻസ്' സാങ്കേതികവിദ്യ വികസിപ്പിച്ചു വരികയാണെന്നും അദ്ദേഹം വിശദീകരിച്ചു.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഡിജിറ്റൽ പരിഷ്കരണത്തെകുറിച്ചും അദ്ദേഹം സംസാരിച്ചു. ഇതുവരെ ഏകദേശം 2.9 കോടി രേഖകൾ ഡിജിറ്റൈസ് ചെയ്തു. എല്ലാ പരാതികളും സംയോജിത കോൾ സെന്റർ വഴി വേഗത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. 2025ൽ ഔൻ ആപ്ലിക്കേഷനിലൂടെയും ഓൺലൈനായി മന്ത്രാലയത്തിന് 10 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഔൺ ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം 8 ലക്ഷം പിന്നിട്ടു. മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളിൽ ഉപഭോക്തൃ സംതൃപ്തി 86 ശതമാനത്തിലെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

