പഞ്ചസാരക്കും ഉള്ളിക്കും വില കുറയുന്നു...
text_fieldsകാസർകോട്: ഓണം, നബിദിനം നാളുകളിൽ ഉയർന്ന അവശ്യസാധന വിലയിൽ ഇളവ്. പഞ്ചസാരയുടെയും ഉള്ളിയുടെയും വില കുത്തനെ ഉയർന്നത് ഓണനാളിലും നബിദിനത്തിലും വലിയ പ്രതിഷേധം ഉയർന്നുവന്നിരുന്നു. സർക്കാറിനെതിരെ പ്രതിപക്ഷം വിലക്കയറ്റം ചർച്ചയാക്കുകയും ചെയ്തിരുന്നു. പഞ്ചസാര ഇന്നത്തെ വിപണി വില 58 രൂപയാണ്. ഓണനാളിൽ ഇത് 70 രൂപ വരെ എത്തിയിരുന്നു. ഉള്ളി 60ൽ നിന്ന് 54ആയി കുറഞ്ഞിട്ടുണ്ട്. നേന്ത്രപ്പഴം വില 80ൽ നിന്ന് 70 ആയി കുറഞ്ഞു. മറ്റ് അവശ്യസാധനങ്ങളുടെ വില ഉയർച്ചയും താഴ്ചയുമില്ലാതെ തുടരുന്നുണ്ട്. അരിക്ക് അഞ്ചുരൂപ മുതൽ പത്തുരൂപ വരെ വില വർധനയുണ്ടായപ്പോൾ റേഷൻ കടകളിൽനിന്ന് ഓണത്തിന് 10 കിലോ വെള്ളരി കിലോക്ക് 26 രൂപ നിരക്കിൽ നൽകിയത് ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസമായിരുന്നു. ഈ അരി റേഷൻ കടകളിൽനിന്ന് വൻതോതിൽ വിറ്റഴിച്ചിരുന്നു.അതിനിടെ കോഴിക്ക് വില ഇന്നും ഇടിഞ്ഞു. 113 രൂപയാണ് ഇന്നത്തെ ചില്ലറ വിൽപന വില. മുട്ടക്കും വിലകുറഞ്ഞു. ഒരെണ്ണത്തിന് 6.10 എന്ന നിലയിലാണ് ഇന്നത്തെ വില. നേരത്തെ 7.50 മുതൽ എട്ടുരൂപ വരെ എത്തിയിരുന്നതാണ്. പഴം, പച്ചക്കറികൾക്ക് ഓണനാളുകളിലെ വില തന്നെ ഇപ്പോഴും തുടരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

