Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightപഴം പൊരിയും ബീഫും...

പഴം പൊരിയും ബീഫും ബി.ബി.സിയിൽ; കോഴിക്കോടിന്റെ ഭക്ഷണ പൈതൃകം ആഗോള ശ്രദ്ധയിൽ

text_fields
bookmark_border
Traditional Kozhikode Pazhampori and Beef curry combo featured in BBC News India documentary.
cancel

കോഴിക്കോട്: രുചിപ്രേമികളുടെ പറുദീസയായ കോഴിക്കോടിന്റെ ഭക്ഷണ സംസ്കാരവും വിഭവ സമൃദ്ധിയും ആഗോള മാധ്യമമായ ബി.ബി.സിയിൽ. കേരളത്തിന്റെ 'രുചിയുടെ തലസ്ഥാനം' (കളിനറി ക്യാപിറ്റൽ) എന്ന തലക്കെട്ടോടെ ബി.ബി.സി ന്യൂസ് ഇന്ത്യ പുറത്തുവിട്ട പ്രത്യേക വീഡിയോ ഡോക്യുമെന്ററിയിലാണ് മലബാറിന്റെ തനത് രുചിക്കൂട്ടുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. പലരുടെയും പ്രിയപ്പെട്ട കോമ്പോയായ പഴംപൊരിയും ബീഫ് കറിയും മുതൽ ദം ബിരിയാണിയും കല്ലുമ്മക്കായയും പാൽ സർബത്തും വരെ ഡോക്യുമെന്ററിയിൽ ഇടംപിടിച്ചു.

പഴംപൊരിയുടെ മധുരവും നല്ല എരിവുള്ള ബീഫ് കറിയും ചേർത്തുവെക്കുന്ന അപൂർവ രുചിക്കൂട്ടിന്റെ പ്രത്യേകതയെക്കുറിച്ചാണ് വീഡിയോയിൽ പ്രധാനമായും വിവരിക്കുന്നത്. ഏഴാം നൂറ്റാണ്ടിലെ അറബ്-യൂറോപ്യൻ വ്യാപാര പാരമ്പര്യം മുതൽ തുടങ്ങിയ കോഴിക്കോടിന്റെ ചരിത്രപരമായ ഭക്ഷണ പാരമ്പര്യവും, വിവിധ സംസ്കാരങ്ങൾ ഇഴചേർന്നുണ്ടായ തനത് പാചകരീതികളും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

പഴംപൊരി-ബീഫ് കോമ്പോയ്ക്ക് പുറമെ, പാരഗൺ ഹോട്ടലിലെ പ്രശസ്തമായ 'മാംഗോ ഫിഷ് കറി', തനിമ ചോരാതെ തയ്യാറാക്കുന്ന മലബാർ ദം ബിരിയാണി, കോഴിക്കോട് ബീച്ചിലെ കല്ലുമ്മക്കായ പൊരിച്ചത്, എം.പി റോഡിലെ ഭാസ്കരേട്ടന്റെ കടയിലെ പ്രശസ്തമായ നന്നാറി പാൽ സർബത്ത് തുടങ്ങിയ വിഭവങ്ങളുടെ രുചിക്കൂട്ടുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിലും വിളമ്പുന്നതിലും കോഴിക്കോട്ടുകാർ കാണിക്കുന്ന സ്നേഹവും ആതിഥ്യ മര്യാദയുമാണ് നഗരത്തിലെ വിഭവങ്ങളെ ഇത്രയധികം സ്വാദിഷ്ടമാക്കുന്നതെന്ന് ഡോക്യുമെന്ററി അടിവരയിടുന്നു.

യുനെസ്കോയുടെ 'സാഹിത്യ നഗര' പദവി ലഭിച്ചതിന് പിന്നാലെ കോഴിക്കോടിന്റെ തനത് ഭക്ഷണ സംസ്കാരവും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത് കേരള ടൂറിസത്തിനും വലിയ നേട്ടമാണ് സമ്മാനിക്കുന്നത്.. തെരുവ് കച്ചവടങ്ങൾ മുതൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രമുഖ ഹോട്ടലുകൾ വരെ നഗരത്തിന്റെ ഭക്ഷണ പെരുമ നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. ഭക്ഷണപ്രിയർക്കായി മാത്രം കോഴിക്കോട്ടേക്ക് യാത്ര തിരിക്കുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാക്കാൻ ഇത്തരം ആഗോള മാധ്യമ റിപ്പോർട്ടുകൾ വഴിയൊരുക്കും.

രുചിയേക്കാളുപരി മനുഷ്യർ തമ്മിലുള്ള ആത്മബന്ധവും പരസ്പര സ്നേഹവുമാണ് ഓരോ കോഴിക്കോടൻ വിഭവത്തിന്റെയും ചേരുവയെന്നാണ് ഡോക്യുമെന്ററി പങ്കുവെക്കുന്ന പ്രധാന സന്ദേശം. ഭക്ഷണത്തോടുള്ള ഈ അടങ്ങാത്ത അഭിനിവേശവും സംശുദ്ധമായ ആതിഥ്യ മര്യാദയുമാണ് മലബാറിന്റെ രുചികളെ ലോക ഭൂപടത്തിൽ സവിശേഷമായ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BBC DocumentarypazhamporiKozhikode
News Summary - Pazhampori and Beef on BBC: Kozhikode's Rich Culinary Heritage Gains Global Spotlight
Next Story