Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാചക എണ്ണയുടെ പുനരുപയോഗം; 'ഓപ്പറേഷൻ തെളിമ'യുടെ ഭാഗമായി സംസ്ഥാനത്ത് മിന്നൽ പരിശോധന, 74 സ്ഥാപനങ്ങൾ പൂട്ടിച്ചു

text_fields
bookmark_border
പാചക എണ്ണയുടെ പുനരുപയോഗം; ഓപ്പറേഷൻ തെളിമയുടെ ഭാഗമായി സംസ്ഥാനത്ത് മിന്നൽ പരിശോധന, 74 സ്ഥാപനങ്ങൾ പൂട്ടിച്ചു
cancel

തിരുവനന്തപുരം: ഭക്ഷ്യസ്ഥാപനങ്ങളിൽ പാചക എണ്ണ ആവർത്തിച്ച് ചൂടാക്കി ഉപയോഗിക്കുന്നത് തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ സംസ്ഥാനവ്യാപക പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. 'ഓപ്പറേഷൻ തെളിമ' എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ മാനദണ്ഡങ്ങൾ ലംഘിച്ച 74 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. ഉപയോഗയോഗ്യമല്ലാത്ത 1436.4 ലിറ്റർ പാചക എണ്ണ പിടിച്ചെടുത്തതായി ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.

സെപ്റ്റംബർ 29, 30 തീയതികളിൽ 14 ജില്ലകളിലുമായി 1834 ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളിലാണ് ഫുഡ് സേഫ്റ്റി ഓഫീസർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് പരിശോധന നടത്തിയത്. വൈകീട്ട് നാലു മുതലായിരുന്നു പരിശോധന. വഴിയോര ഭക്ഷണശാലകൾ, ചായക്കടകൾ, തട്ടുകടകൾ, പലഹാര നിർമാണ യൂനിറ്റുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധനയും.

എണ്ണ ആവർത്തിച്ച് ചൂടാക്കുമ്പോഴുണ്ടാകുന്ന ഗുണനിലവാരത്തകർച്ച അളക്കുന്ന 'ടോട്ടൽ പോളാർ കോമ്പൗണ്ട്സ്' (ടി.പി.സി.) മീറ്ററുകളും മൊബൈൽ ലബോറട്ടറികളും ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. സ്ഥലത്തുവെച്ചുതന്നെ 74 സാമ്പിളുകൾ പരിശോധിക്കുകയും നിയമലംഘനം കണ്ടെത്തിയവക്കെതിരെ ഉടൻ നടപടി സ്വീകരിക്കുകയും ചെയ്തു. നിലവിലെ ചട്ടപ്രകാരം ടി.പി.സി. 25 ശതമാനത്തിൽ കൂടുതലുള്ള എണ്ണ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാൻ പാടില്ല. ഈ അളവ് മറികടന്ന് രാസവിഘടനം സംഭവിച്ച എണ്ണയാണ് പലയിടത്തും ഉപയോഗിച്ചിരുന്നത്. ഇത്തരം എണ്ണ തുടർച്ചയായി ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

മാനദണ്ഡങ്ങൾ പാലിക്കാത്ത 19 സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള അഡ്ജ്യൂഡിക്കേഷൻ നടപടികൾക്ക് ശിപാർശ ചെയ്തു. പോരായ്മകൾ പരിഹരിക്കാൻ 147 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ്/റെക്റ്റിഫിക്കേഷൻ നോട്ടീസും നൽകിയിട്ടുണ്ട്. വലിയ അളവിൽ പാചക എണ്ണ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ എണ്ണയുടെ ഉപയോഗവും നിർമാർജനവും സംബന്ധിച്ച രേഖകൾ സൂക്ഷിക്കണമെന്നും ഉപയോഗിച്ച എണ്ണ ബയോഡീസൽ നിർമാണത്തിനായി അംഗീകൃത ഏജൻസികൾക്ക് കൈമാറണമെന്നും നിർദ്ദേശമുണ്ട്.

പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Operation Thelima: 74 Establishments Shut Down Across Kerala Over Cooking Oil Reuse
Next Story