കടുത്ത ചൂടിനെ പ്രതിരോധിക്കാൻ 'നായ ഇറച്ചി സൂപ്പ്'; ജനങ്ങൾക്ക് നിർദേശവുമായി ഉത്തര കൊറിയ
text_fieldsഉത്തര കൊറിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ താപനില അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ കടുത്ത ചൂടിനെ പ്രതിരോധിക്കാൻ പരമ്പരാഗതമായ 'നായ ഇറച്ചി സൂപ്പ്' കഴിക്കാൻ ഉത്തരകൊറിയൻ ഔദ്യോഗിക മാധ്യമങ്ങളുടെ നിർദ്ദേശം. തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ താപനില 36.7 ഡിഗ്രി സെൽഷ്യസ് (98.1°F) വരെ ഉയർന്നതോടെയാണ് ജനങ്ങൾക്ക് ആശ്വാസകരമെന്ന രീതിയിൽ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ മുഖപത്രമായ റോഡോങ് സിൻമുൻ ഈ വിഭവം പരിചയപ്പെടുത്തിയത്.
വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ ദിവസങ്ങളെ സൂചിപ്പിക്കുന്ന 'സംബോക്' എന്ന കാലയളവിലാണ് ഈ പ്രത്യേക ആരോഗ്യ നിർദ്ദേശം പുറത്തുവന്നിരിക്കുന്നത്. പ്യോങ്‌യാങ് ജനറൽ ഹോസ്പിറ്റലിലെ ഒരു ഡോക്ടറെ ഉദ്ധരിച്ചുകൊണ്ട് വേനൽച്ചൂടിനെ നേരിടാനും കടുത്ത ചൂടിൽ ശരീരത്തിന് നഷ്ടപ്പെട്ട ഊർജ്ജവും ശക്തിയും വീണ്ടെടുക്കാനും നായയുടെ മാംസം കൊണ്ടുണ്ടാക്കുന്ന സൂപ്പ് മികച്ചതാണെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. വേനൽക്കാലത്ത് ശരീരത്തിന് ഔഷധഗുണം നൽകുന്ന ഒന്നായാണ് ഈ വിഭവത്തെ അവിടത്തെ പരമ്പരാഗത സമൂഹം വിശ്വസിക്കുന്നത്.
ഈ പരമ്പരാഗത സൂപ്പിന് പുറമെ കടുത്ത ചൂടിനെ നേരിടാൻ സഹായിക്കുന്ന മറ്റ് നിരവധി ഭക്ഷണങ്ങളും ഔദ്യോഗിക മാധ്യമങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. തണ്ണിമത്തൻ, വെള്ളരിക്ക, മീൻ കഞ്ഞി, പയറുവർഗ്ഗങ്ങൾ എന്നിവക്കൊപ്പം ജിൻസെങ്, അരി, ജുജൂബ്സ് എന്നിവ ചേർത്തുണ്ടാക്കുന്ന പരമ്പരാഗത കോഴിക്കറിയായ 'സംജെയ്ടാം' പോലുള്ള വിഭവങ്ങളും കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി എടുത്തുപറയുന്നുണ്ട്. നിലവിൽ പ്യോങ്‌യാങ്ങിലെ റെസ്റ്റോറന്റുകളിൽ ഇത്തരം പരമ്പരാഗത വിഭവങ്ങൾ കഴിക്കാൻ ആളുകളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
അയൽരാജ്യമായ ദക്ഷിണ കൊറിയയിൽ കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് ഇരുപതിലധികം പേർ മരണപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുമ്പോൾ ഉത്തരകൊറിയയിൽ ഇതുവരെ ചൂടുമൂലമുള്ള മരണസംഖ്യ സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഈ കൊടുംചൂടിൽ നിന്നും ഉഷ്ണരാത്രികളിൽ നിന്നും രക്ഷനേടാൻ ജനങ്ങൾക്ക് ആവശ്യമായ ആരോഗ്യ നിർദ്ദേശങ്ങളും ജലാംശം നിലനിർത്താനുള്ള വഴികളും ദേശീയ ടെലിവിഷനിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും അധികൃതർ നിരന്തരം നൽകിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

