ചക്കത്തൊലി പാറ്റന്റ് നേടി റൂർക്കല എൻ.ഐ.ടി വിദ്യാർഥികൾ
text_fieldsമലയാളിയുടെ വീട്ടുപരിസരങ്ങളിൽ പലപ്പോഴും ഉപയോഗിക്കാതെ നശിച്ചുപോകുന്ന മധുര വിഭവമായ ചക്കയുടെ തോൽ പോലും വലിയ ഔഷധമാകുമോ? അങ്ങനെയൊരു കണ്ടുപിടിത്തത്തിന് പേറ്റന്റ് നേടിയിരിക്കുകയാണ് റൂർക്കല എൻ.ഐ.ടിയിലെ വിദ്യാർഥികൾ.
മലിനമായ കുടിവെള്ളത്തിലെ പരിധിവിട്ട ഫ്ലൂറൈഡ് നീക്കം ചെയ്യാൻ ചക്കത്തൊലിയിൽ ആർക്കും നിർമിക്കാവുന്ന വസ്തു ഏറെ സഹായകമാണെന്ന് റൂർക്കല എൻ.ഐ.ടി കെമിക്കൽ എൻജിനീയറിങ് വിഭാഗം പ്രഫസർ സുഷ്മിത മിശ്ര പറയുന്നു. ചക്കത്തൊലി നന്നായി കത്തിച്ച് കിട്ടുന്ന കരിയിൽ സിർകോണിയം ചേർത്തുള്ള മിശ്രിതത്തിന് ഫ്ലൂറൈഡ് പിടിച്ചെടുക്കാനാകുമെന്നാണ് കണ്ടെത്തൽ. ശുദ്ധജല സ്രോതസ്സുകളുമായി ബന്ധപ്പെട്ട ആധികൾ നിലനിൽക്കുന്ന രാജ്യത്തുടനീളം വലിയ തോതിൽ ആശ്വാസകരമാകുന്നതാണ് ഈ കണ്ടെത്തൽ.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ളത്തിൽ അമിതമായി ഫ്ലൂറൈഡ് കലർന്ന് ഉപയോഗശൂന്യമാകുന്ന വെല്ലുവിളി നിലനിൽക്കുന്നുണ്ട്. ഇവിടങ്ങളിൽ ചെലവു കുറഞ്ഞ പ്രതിവിധിയായി ഇത് ഉപയോഗപ്പെടുത്താനാകും.
കുടിവെള്ളത്തിൽ അമിതമായ അളവിൽ ഫ്ലൂറൈഡ് കലരുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് വ്യക്തമാക്കുന്നു. പല്ലിനും എല്ലിനും കേടുപാടുകൾ വരാം. കുട്ടികളിലെന്നല്ല, മുതിർന്നവർക്കും ഒരുപോലെ അപകടകരമാണിത്. പൊതുവേ വലിച്ചെറിയുന്ന ഒരു ജൈവവസ്തു ജലശുദ്ധീകരണത്തിന് ഉപയോഗിക്കാമെന്നതാണ് ചക്കത്തൊലി മരുന്നിലെ ഏറ്റവും വലിയ ശുഭവാർത്ത. ചക്കത്തൊലിയിൽനിന്നുള്ള കരി സിർകോണിയവുമായി ചേർത്തുണ്ടാക്കിയ വസ്തു ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിൽ ജലത്തിലെ ഫ്ലൂറൈഡിന്റെ 90 ശതമാനവും നീങ്ങിയതായി ലബോറട്ടറി പരിശോധനകളിൽ തെളിഞ്ഞെന്ന് റൂർക്കല എൻ.ഐ.ടി പുറത്തുവിട്ട വാർത്താക്കുറിപ്പ് പറയുന്നു.
റിവേഴ്സ് ഓസ്മോസിസ് പോലെ നിലവിൽ ഉപയോഗിച്ചുവരുന്ന ശുദ്ധീകരണ പ്രക്രിയകളിൽ വൻതോതിൽ കുടിവെള്ളം നഷ്ടമാകുന്നുവെന്ന പ്രശ്നങ്ങളുണ്ട്. കാൽസ്യം, മഗ്നീഷ്യം പോലുള്ള ഉപകാരപ്രദമായ വസ്തുക്കൾ നഷ്ടപ്പെടുന്നത് വേറെ. ഇത്തരം പ്രശ്നങ്ങളൊന്നും ഇവിടെയില്ലെന്നതാണ് ഏറ്റവും വലിയ സവിശേഷത.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

