ലോകത്തിലെ ഏറ്റവും മികച്ച 30 സാൻഡ്‌വിച്ചുകളുടെ പട്ടികയിൽ മുംബൈയുടെ സ്വന്തം വടാ പാവും
text_fieldsമുംബൈ: ലോകത്തിലെ ഏറ്റവും മികച്ച 30 സാൻഡ്‌വിച്ചുകളുടെ പട്ടികയിൽ മുംബൈയുടെ വടാ പാവും ഇടംപിടിച്ചു. ഉള്ളിൽ മൃദുവായതും പുറത്ത് നല്ല മൊരിഞ്ഞതുമായ ചൂടൻ ഉരുളക്കിഴങ്ങ് ഫ്രിറ്റർ, വെളുത്തുള്ളി, പച്ചമുളക്, കടുക്, മഞ്ഞൾ, സുഗന്ധവ്യജ്ഞനങ്ങൾ എന്നിവ ചേർത്ത് തയാറാക്കുന്നതാണ് മുബൈക്കാരുടെ വികാരമായ വടാപാവ്. ഇതിന്റെ ജനപ്രീതി മുംബൈയിലെ തെരുവുകൾക്കും അപ്പുറത്തേക്ക് വളർന്നിരിക്കുകയാണ്. പ്രശസ്തമായ ഫുഡ് ആൻഡ് ട്രാവൽ ഗൈഡായ 'ടേസ്റ്റ് അറ്റ്ലസ്' പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‌വിച്ചുകളുടെ പട്ടികയിൽ 30-ാം സ്ഥാനത്താണ് വടാ പാവ് എത്തിയിരിക്കുന്നത്.
വടാ പാവിന് ഏറ്റവും പ്രശസ്തമായ സ്ഥലമെന്ന നിലയിൽ 'അശോക് വടാ പാവ്' എന്ന കടയെ ടേസ്റ്റ് അറ്റ്ലസ് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. മുംബൈക്കാർക്ക് വടാ പാവ് ഒരു ജീവവായു പോലെയാണ്. തലമുറകളായി മുംബൈക്കാരുടെ ഇഷ്ടവിഭവമായ ഇതിന്റെ പ്രാധാന്യം വിലക്കുറവിലും എളുപ്പത്തിൽ ലഭിക്കുമെന്നതിലുമാണ്. വേഗത്തിൽ കഴിക്കാവുന്നതും, വയറുനിറയുന്നതും, വിലകുറഞ്ഞതുമായ വടാ പാവ് വിദ്യാർഥികൾക്കും ദിവസവേതനക്കാർക്കും തുടങ്ങി അനേകം പേർക്ക് ഒരു ആശ്രയമാണ്.
1960-കളിലും 70-കളിലും മുംബൈയിലെ ദാദർ റെയിൽവേ സ്റ്റേഷന് സമീപം കച്ചവടം ചെയ്തിരുന്ന അശോക് വൈദ്യ എന്ന വഴിയോര കച്ചവടക്കാരനാണ് വടാപാവിന്‍റെ ഉപജ്ഞാതാവായി കണക്കാക്കപ്പെടുന്നത്. വിശന്നു വലഞ്ഞ തൊഴിലാളികൾക്കും യാത്രക്കാർക്കും വേണ്ടി, കൊണ്ടുനടക്കാവുന്നതും വിലകുറഞ്ഞതും വയറുനിറയുന്നതുമായ ഒരു ഭക്ഷണം തയാറാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ലളിതവും രുചികരവുമായ ഈ വിഭവം പെട്ടെന്നുതന്നെ നഗരത്തിലെ പ്രിയ ഭക്ഷണമായി മാറി.
ഇന്ന് വടാ പാവ് മുംബൈയുടെ ഭക്ഷണ സംസ്കാരത്തിന്റെ പര്യായമാണ്. വഴിയോരത്തെ ചെറിയ തട്ടുകടകൾ മുതൽ ആഡംബര റസ്റ്റോറന്റുകൾ വരെ എല്ലായിടത്തും ഇത് ലഭിക്കും. തേങ്ങ, നിലക്കടല, വെളുത്തുള്ളി, പുളി, മുളക് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചുവന്ന ചട്ണിക്കൊപ്പമാണ് ഇത് കഴിക്കാറുള്ളത്.
തുർക്കിയുടെ 'ടോംബിക് ഡോണർ' ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. വിയറ്റ്നാമിന്റെ 'ബാൻ മി' രണ്ടാം സ്ഥാനത്തും ക്ലാസിക് ബാൻമി മൂന്നാം സ്ഥാനത്തും എത്തി. ലബനന്റെ ഐക്കണിക് വിഭവമായ 'ഷവർമ' നാലാം സ്ഥാനവും, വെനസ്വേലയുടെ ചീസ് സ്റ്റഫ് ചെയ്ത 'അരേപ്പ റെയ്ന പെപ്പിയാഡ' അഞ്ചാം സ്ഥാനവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

