മുംബൈയിലെ 70 വർഷം പഴക്കമുള്ള യസ്ദാനി ബേക്കറി അടച്ചു; കാരണം തേടി സോഷ്യൽ മീഡിയ
text_fieldsമുംബൈയിലെ ഏറ്റവും പ്രശസ്തവും പഴക്കമേറിയതുമായ ഭക്ഷണശാലകളിൽ ഒന്നായ യസ്ദാനി ബേക്കറി പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. സെപ്റ്റംബർ 29 മുതൽ നവീകരണ പ്രവർത്തനങ്ങൾക്കായി ബേക്കറി അടച്ചിടുകയാണെന്ന് ഉടമകൾ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. തലമുറകളായി മുംബൈ നഗരത്തിലെ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട സങ്കേതമായിരുന്ന യസ്ദാനി തങ്ങൾക്ക് നൽകിയ സ്നേഹത്തിന് ജനങ്ങളോട് നന്ദി അറിയിക്കുകയും ഉടൻ തന്നെ പുതിയ രൂപത്തിൽ തിരിച്ചെത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കൃത്യമായി എന്ന് പ്രവർത്തനം പുനരാരംഭിക്കുമെന്ന കാര്യം അറിയിച്ചിട്ടില്ല.
അതേസമയം കെട്ടിട നവീകരണമാണ് പൂട്ടാൻ കാരണമെന്ന് ബേക്കറി മാനേജ്‌മെന്റ് പറയുമ്പോഴും സോഷ്യൽ മീഡിയയിൽ മറ്റു ചില അഭ്യൂഹങ്ങളും സജീവമാണ്. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ തുക്കാറാം മുണ്ഡെയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടക്കുന്ന കർശനമായ ഭക്ഷ്യസുരക്ഷാ പരിശോധനകളാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്നാണ് ഇന്‍റർനെറ്റിലെ പ്രധാന ചർച്ച.
ശുചിത്വമില്ലായ്മയും മാനദണ്ഡ ലംഘനങ്ങളും കണ്ടെത്തിയതിനെ തുടർന്ന് മുംബൈയിലെ പ്രശസ്തമായ നൂറിലധികം വർഷം പഴക്കമുള്ള 'ക്യാനി ആന്റ് കോ' ഉൾപ്പെടെ നിരവധി പ്രമുഖ ഹോട്ടലുകളുടെയും ബേക്കറികളുടെയും ലൈസൻസ് എഫ്.ഡി.എ സസ്പെൻഡ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ പരിശോധനയും സാധ്യമായ നടപടികളും മുൻകൂട്ടി ഒഴിവാക്കാനായി ബേക്കറി സ്വയം അടച്ച് നവീകരിക്കുകയാണോ എന്ന സംശയവും 'മുണ്ഡേ ഇഫക്റ്റ്' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നുണ്ട്.
ദക്ഷിണ മുംബൈയിലെ ഫോർട്ട് മേഖലയിൽ കാവാസ്ജി പട്ടേൽ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന യസ്ദാനി ബേക്കറിക്ക് എഴുപതിലേറെ വർഷത്തെ പാരമ്പര്യമുണ്ട്. 1950-കളുടെ തുടക്കത്തിൽ മെഹർവാൻ സെന്ദ് ആരംഭിച്ച ഈ ബേക്കറി പരമ്പരാഗത രീതിയിലുണ്ടാക്കുന്ന ബ്രെഡ്, ലാഡി പാവ്, ബൺ മസ്ക, മാവ കേക്ക്, ഖാരി ബിസ്കറ്റുകൾ, പ്രശസ്തമായ ഇറാനി ചായ എന്നിവക്ക് ഏറെ പേരു കേട്ടതാണ്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ നിർമാണ ശൈലി നിലനിർത്തുന്ന ഇവിടുത്തെ പൈതൃക കെട്ടിടത്തിന് 2007-ൽ 'അർബൻ ഹെറിറ്റേജ് അവാർഡും' ലഭിച്ചിരുന്നു. സാധാരണക്കാരായ മുംബൈക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഈ പഴയകാല ഇറാനി അനുഭവവും സ്വാദും നഷ്ടപ്പെടാതെ ബേക്കറി വീണ്ടും തുറക്കുമെന്ന പ്രതീക്ഷയിലാണ് ഭക്ഷണപ്രിയർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

