Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലത്ത് മൂത്രപ്പുര, പാചകത്തിനായി മലിനജലം; ക്രിസ്റ്റഫർ നോളൻ സന്ദർശിച്ച മുംബൈ കഫേയുടെ ലൈസൻസ് റദ്ദാക്കി

text_fields
bookmark_border
ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലത്ത് മൂത്രപ്പുര, പാചകത്തിനായി മലിനജലം; ക്രിസ്റ്റഫർ നോളൻ സന്ദർശിച്ച മുംബൈ കഫേയുടെ ലൈസൻസ് റദ്ദാക്കി
cancel

മുംബൈ: 108 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ 'ഒളിമ്പിയ കോഫി ഹൗസ്' വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ലോകപ്രശസ്ത ഹോളിവുഡ് താരങ്ങൾ സന്ദർശിച്ചതിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ഈ കഫേയുടെ ലൈസൻസ് ഗുരുതരമായ ആരോഗ്യ ശുചിത്വ ലംഘനങ്ങളെ തുടർന്ന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

ഈ വർഷം ജൂലൈ മാസത്തിലാണ് ഹോളിവുഡ് സംവിധായകൻ ക്രിസ്‌ഫർ നോളൻ, പ്രമുഖ താരങ്ങളായ ടോം ഹോലൻഡ്, മാറ്റ് ഡാമൻ എന്നിവർ തങ്ങളുടെ പുതിയ ചിത്രമായ 'ദി ഒഡീസി'യുടെ പ്രീമിയറുമായി ബന്ധപ്പെട്ട് മുംബൈയിൽ എത്തിയപ്പോൾ ഈ കൊളാബ കഫേ സന്ദർശിച്ചത്. ചില്ലുഗ്ലാസുകളിലെ ചായയും ബൺ മസ്കയും ചില പലഹാരങ്ങളും കഴിച്ചുള്ള അവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. പാരമ്പര്യ ശൈലിയിലുള്ള മട്ടൻ കീമ പാവ്, ബിരിയാണി, കബാബുകൾ, ഇറാനി ചായ, ബൺ മസ്ക എന്നിവക്ക് പേരുകേട്ട ഈ സ്ഥാപനം സാധാരണക്കാർ മുതൽ വലിയ സെലിബ്രിറ്റികൾ വരെ നിരവധി പേരെ വർഷങ്ങളായി ആകർഷിച്ചുവരുന്ന ഒന്നാണ്.

എന്നാൽ അടുത്തിടെ ലഭിച്ച ഒരു ഉപഭോക്തൃ പരാതിയെ തുടർന്ന് എഫ്.ഡി.എ അധികൃതർ ഇവിടെ നടത്തിയ മിന്നൽ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിനുള്ളിൽ തന്നെ മൂത്രപ്പുര പ്രവർത്തിക്കുന്നത് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു. ഇതിനുപുറമേ കഫേയിൽ പാറ്റകളുടെയും ഈച്ചകളുടെയും കനത്ത ശല്യവും കണ്ടെത്തി. ഫ്രിഡ്ജിനുള്ളിൽ മാംസാവശിഷ്ടങ്ങളും രക്തക്കറകളും ഉണങ്ങിപ്പിടിച്ച നിലയിലുണ്ടായിരുന്നു.

ഭക്ഷ്യവസ്തുക്കൾ യാതൊരുവിധ ശുചിത്വവുമില്ലാതെ തറയിൽ വെച്ച് കൈകാര്യം ചെയ്യുന്നതും പാചകത്തിനായി വൃത്തിഹീനമായ വെള്ളം ഉപയോഗിക്കുന്നതും പരിശോധനയിൽ വ്യക്തമായി. അടുക്കളയിൽ കേടായ മരത്തിന്റെ കട്ടിങ് ബോർഡുകളാണ് ഉപയോഗിച്ചിരുന്നത്. ഭക്ഷണം പാകം ചെയ്യുന്നവരും വിളമ്പുന്നവരും ആവശ്യമായ സുരക്ഷാ വസ്ത്രങ്ങളോ ഗ്ലൗസോ ധരിച്ചിരുന്നില്ലെന്നും അധികൃതർ കണ്ടെത്തി. കഫേയിലെ പാചക സ്ഥലവും പാത്രങ്ങൾ കഴുകുന്ന സ്ഥലവും തികച്ചും ദയനീയമായ അവസ്ഥയിലായിരുന്നു.

മഹാരാഷ്ട്രയിലാകെ എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുന്ധെയുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ കർശനമാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. ഒളിമ്പിയ കോഫി ഹൗസിന് പുറമെ മുംബൈ സെൻട്രലിലെ നായർ ഹോസ്പിറ്റൽ കാന്റീൻ ഉൾപ്പെടെയുള്ള 14 സ്ഥാപനങ്ങളുടെ ലൈസൻസും സമാനമായ കാരണങ്ങളാൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അടുത്ത ഉത്തരവുകൾ ഉണ്ടാകുന്നതുവരെ ഈ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുവാദമുണ്ടായിരിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mumbai cafe where Christopher Nolan visited has its license revoked
Next Story