'ഇത് ഉച്ചഭക്ഷണമോ അത്താഴമോ അല്ല, പ്രസാദമാണ്'; സരയു കമല എക്സ്പ്രസിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണമൊരുക്കി സന്യാസികൾ
text_fieldsപുതുതായി ആരംഭിച്ച സരയു കമല എക്സ്പ്രസ് ഇന്ത്യൻ റെയിൽവേ അയോധ്യയെയും നേപ്പാളിലെ ജനക്പൂരിനെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസാണ്. ഇതിന്‍റെ ഉദ്ഘാടനവും യാത്രയും ഇതിനകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാൽ യാത്രക്കിടയിൽ ലഭിക്കുന്ന ഭക്ഷണ സേവനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും യാത്രക്കാർക്കിടയിലും ഏറ്റവും വലിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
ട്രെയിനിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ ദൃശ്യങ്ങൾ അടുത്തിടെ ഒരു യാത്രക്കാരൻ പങ്കുവെച്ചതോടെ യാത്രക്കാർക്ക് പ്രതീക്ഷിക്കാവുന്ന ആതിഥ്യമര്യാദയെക്കുറിച്ച് വ്യക്തമായൊരു ചിത്രം എല്ലാവർക്കും ലഭിച്ചു. 'ഈ ട്രെയിനിലെ ഒരു പ്രത്യേകത ഞാൻ നിങ്ങൾക്ക് കാണിച്ചു തരാം. രാജധാനി, ശതാബ്ദി, വന്ദേ ഭാരത് പോലുള്ള ട്രെയിനുകളിൽ പോലും നിങ്ങൾക്ക് കാണാൻ കഴിയാത്തൊരു സൗകര്യമാണിത്' എന്ന ആമുഖത്തോടെയാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്.
കാഷായ വസ്ത്രങ്ങൾ ധരിച്ച ഇസ്‌കോൺ ഭക്തർ യാത്രക്കാരുടെ സീറ്റുകൾക്കരികിൽ നേരിട്ടെത്തി സസ്യാഹാരമായ സാത്വിക പ്രസാദം വിളമ്പുന്നതാണ് വിഡിയോയിൽ കാണുന്നത്. ഉള്ളിയോ വെളുത്തുള്ളിയോ ചേർക്കാതെ തയാറാക്കിയ ഈ വിഭവങ്ങൾ ഉദ്ഘാടന ദിവസത്തെ ഒരു താൽക്കാലിക ആചാരം മാത്രമല്ലെന്നും ഈ ട്രെയിനിൽ എല്ലാ ദിവസവും തുടരുന്ന ഒരു സേവനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചോറ്, ദാൽ, കറികൾ, മധുരപലഹാരങ്ങൾ എന്നിവ അടങ്ങുന്നതായിരുന്നു ഭക്ഷണത്തളിക. ഭക്ഷണത്തിന്റെ രുചിയെയും നിലവാരത്തെയും കുറിച്ച് സഹയാത്രികരോടും അദ്ദേഹം ചോദിച്ചറിയുന്നുണ്ട്. ട്രെയിൻ യാത്രക്കിടയിൽ ആദ്യമായാണ് ഇത്തരമൊരു ക്ഷണം ലഭിക്കുന്നതെന്ന് യാത്രക്കാർ സന്തോഷത്തോടെ പ്രതികരിക്കുകയും ഭക്ഷണത്തെ പ്രശംസിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായും ചേർന്നാണ് സർയു കമല എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
അയോധ്യയെയും നേപ്പാളിലെ ജനക്പൂരിനെയും നേരിട്ട് ബന്ധിപ്പിക്കുന്നത് തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും യാത്ര കൂടുതൽ എളുപ്പമാക്കും. ഈസ്റ്റ് സെൻട്രൽ റെയിൽവേയാണ് അയോധ്യ കന്റോൺമെന്റിനും ജനക്പൂർ ധാമിനും ഇടയിൽ ആഴ്ചതോറുമുള്ള ഈ അതിർത്തി കടന്നുള്ള എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുന്നത്. ഏകദേശം 604 കിലോമീറ്റർ ദൂരം 19 മണിക്കൂറിൽ താഴെ സമയത്തിനുള്ളിലാണ് ട്രെയിൻ പിന്നിടുന്നത്.
അയോധ്യ ധാം, ബസ്തി, ഗോരഖ്പൂർ, നർക്കറ്റിയഗഞ്ച്, രക്സോൾ, സീതാമർഹി, ഷിഷോ, മധുബനി, ജയനഗർ എന്നിവയാണ് ഈ പാതയിലെ പ്രധാന സ്റ്റോപ്പുകൾ. തിങ്കളാഴ്ചകളിൽ ഇന്ത്യൻ സമയം വൈകുന്നേരം 5:50-ന് അയോധ്യ കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന 15596 സർയു കമല എക്സ്പ്രസ് ചൊവ്വാഴ്ച നേപ്പാൾ സമയം ഉച്ചക്ക് 12:40-ന് ജനക്പൂർ ധാമിൽ എത്തിച്ചേരും. മറുവശത്ത് ശനിയാഴ്ചകളിൽ നേപ്പാൾ സമയം ഉച്ചക്ക് 1:10-ന് ജനക്പൂർ ധാമിൽ നിന്ന് പുറപ്പെടുന്ന 15595 സർയു കമല എക്സ്പ്രസ് ഞായറാഴ്ച ഇന്ത്യൻ സമയം രാവിലെ 8:10-ന് അയോധ്യ കന്റോൺമെന്റിൽ എത്തും.

