തലകീഴായി, കമ്പിൽ തൂങ്ങി വാനരർ ഓണസദ്യയുണ്ടു
text_fieldsഇടയിലെക്കാട് കാവിലെ വാനരർക്ക് നവോദയ ഗ്രന്ഥാലയം സംഘടിപ്പിച്ച ഓണസദ്യയിൽ നിന്ന്
തൃക്കരിപ്പൂർ: ഇടയിലെക്കാട് കാവിലെ വാനരപ്പടയുടെ ഓണസദ്യയിൽ ഇക്കുറിയും വാനരൻമാർ ആവേശത്തോടെ പങ്കുചേർന്നു. സദ്യയുടെ കൗതുകം പകർത്താനെത്തിയ ക്യാമറക്കാരെ കണ്ട് അമ്പരന്ന് വാനരപ്പട.
സാധാരണയായി കിട്ടാത്ത പഴുത്ത ചക്കച്ചുളകൾ ആർത്തിയോടെ കഴിച്ച് ഏമ്പക്കമിട്ടും വിക്രിയകൾ കാട്ടിയും വാനരസംഘം ആഘോഷത്തെ ഒന്നാകെ തൂക്കി. നടൻ പി.പി കുഞ്ഞികൃഷ്ണൻ കുട്ടികളുടെ ഘോഷയാത്രയിൽ ഓണപ്പാട്ടുകളും ശാസ്ത്രഗാനങ്ങളും ആലപിച്ച് സദ്യക്ക് താരപ്പൊലിമ പകർന്നു. വാനരപ്പടയെ വിളിച്ച് വാഴയിലയിൽ ചോറ് വിളമ്പി സദ്യവട്ടങ്ങൾക്ക് തുടക്കമിട്ടതും കുഞ്ഞികൃഷ്ണൻ തന്നെ.
മനുഷ്യരോട് ഏറെ ഇണക്കമുള്ള ഇടയിലെക്കാട് കാവിലെ വാനരൻമാർക്ക് രണ്ടു പതിറ്റാണ്ടുകാലം മുറതെറ്റാതെ ചോറൂട്ടിയ ചാലിൽ മാണിക്കമ്മയുടെ വീട്ടിൽ വെച്ചാണ് സദ്യക്കുള്ള പഴങ്ങളും പച്ചക്കറികളും മുറിച്ചത്. അസുഖം മൂലം ശയ്യാവലംബിയായ മാണിക്കമ്മയെ സന്ദർശിച്ച് വിശിഷ്ടാതിഥികൾ സാന്ത്വനം പകർന്നു. മാണിക്കമ്മയുടെ കുടുംബാംഗങ്ങളാണ് വിഭവങ്ങൾ കൈമാറിയത്.
ഓണപ്പാട്ടുകൾ പാടി കുട്ടികളും മുതിർന്നവരും വിഭവങ്ങൾ കയ്യിലേന്തി ഘോഷയാത്രയോടെ കാവിലേക്ക് നീങ്ങി. ഇക്കുറി പത്തൊമ്പതാം വർഷത്തിലേക്ക് കടന്ന വാനരസദ്യയിൽ 19 വിഭവങ്ങളാണ് വിളമ്പിയത്.
ചോറിന് പുറമെ ചക്ക, കാരറ്റ്, പപ്പായ, തക്കാളി, ബീറ്റ്റൂട്ട്, കക്കിരിക്ക, വെള്ളരിക്ക, ഉറുമാൻ പഴം, പേരയ്ക്ക, സപ്പോട്ട, നെല്ലിക്ക, ചെറുപഴം, വത്തക്ക, പൈനാപ്പിൾ, സബർജില്ലി, മത്തൻ,കോവക്ക, നക്ഷത്രപ്പുളി എന്നിവയായിരുന്നു വട്ടത്തിലും നീളത്തിലുമൊക്കെയായി മുറിച്ച് വിളമ്പിയത്. ഹരിത പെരുമാറ്റം ചട്ടം പാലിച്ച് സ്റ്റീൽ ഗ്ലാസ്സിൽ വെള്ളവും നൽകി. വലിയപറമ്പ് പഞ്ചായത്ത് മെമ്പറും ബാലവേദി കൺവീനറുമായ എം. ബാബുവിന്റെ ആമുഖത്തോടെയായിരുന്നു സദ്യയുടെ തുടക്കം.
ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി ഡോ.പി. പ്രഭാകരൻ, ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് സുനിൽ പട്ടേന, സെക്രട്ടറി പി. വേണുഗോപാലൻ, ജോയൻറ് സെക്രട്ടറി പി.വി.ദിനേശൻ, സിനിമാനടൻ കെ.യു. മനോജ്, പത്മനാഭൻ വെളിച്ചപ്പാടൻ, പഞ്ചായത്ത് മെമ്പർ കെ.സുലോചന, ഗ്രന്ഥാലയം സെക്രട്ടറി വി.കെ. കരുണാകരൻ, പ്രസിഡൻറ് കെ. സത്യവ്രതൻ, പരിസ്ഥിതി പ്രവർത്തകരായ ആനന്ദ് പേക്കടം, കെ.വി.കൃഷ്ണപ്രസാദ് വൈദ്യർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

