ട്രെയിനിൽ കയറി ഭക്ഷണം കഴിക്കാം; കേരളത്തിലെ ആദ്യ കോച്ച് റസ്റ്റാറന്റ് പയ്യന്നൂരിൽ
text_fieldsപയ്യന്നൂർ: കേരളത്തിലെ ആദ്യ റെയിൽവെ കോച്ച് റസ്റ്റാറന്റ് ജുജു എക്സ്പ്രസ് എന്ന പേരിൽ പയ്യന്നൂർ റെയിൽവെ സ്റ്റേഷന് മുന്നിൽ പ്രയാണം തുടങ്ങി. സ്റ്റേഷന്റെ മുൻഭാഗം പ്രധാന കവാടത്തിലാണ് പ്രത്യേക ട്രാക്ക് ഒരുക്കി ട്രെയിൻ ബോഗി സ്ഥാപിച്ചിരിക്കുന്നത്. മംഗളൂരുവിൽ നിന്ന് പഴയ ത്രീ ടയർ എ.സി കോച്ചാണ് ഖലാസികളുടെ സഹായത്തോടെ പയ്യന്നൂരിൽ എത്തിച്ചത്.
റെയിൽവേ സ്റ്റേഷന് മുൻവശത്തായി രാമന്തളി, എട്ടിക്കുളം ഭാഗങ്ങളിലേക്കുള്ള ബസുകൾ നിർത്തുന്ന സ്ഥലത്താണ് റസ്റ്റാറന്റ് ഒരുക്കിയിരിക്കുന്നത്. ഒരു തീവണ്ടി യാത്രയുടെ സ്വാഭാവികത ഒട്ടും ചോരാതെയാണ് റെയിൽവേ സ്റ്റേഷൻ മാതൃകയും റസ്റ്റാറന്റും ട്രാക്കും ഒരുക്കിയത്. റെയിൽവേയുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സംയുക്ത സംരംഭമാണ് പയ്യന്നൂരിൽ യാഥാർഥ്യമായത്.
ട്രെയിനിനകത്തും പുറത്തുള്ള പ്ലാറ്റ് ഫോമിലുമിരുന്ന് ഭക്ഷണം കഴിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന റസ്റ്റാറന്റിൽ ചൂടോടെ ഇഷ്ട ഭക്ഷണങ്ങൾ കഴിക്കാം. പാർസൽ സൗകര്യവുമൊരുക്കും. ഇന്ത്യയിലെ ചില പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഇത്തരം കോച്ച് റസ്റ്റാറന്റുകൾ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നുണ്ടെങ്കിലും കേരളത്തിൽ ഇത് ആദ്യമാണ്. പയ്യന്നൂരിലെ ജുജു ഇന്റർ നാഷനൽ ഹോട്ടൽ മാനേജ്മെന്റാണ് അഞ്ച് വർഷത്തേക്ക് ഹോട്ടൽ നടത്തിപ്പിന് കരാർ എടുത്തത്.
ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ് കേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള ദീർഘദൂര യാത്രക്കാരും പയ്യന്നൂർ റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. യാത്രയും വ്യത്യസ്ത ഭക്ഷണവും ഇഷ്ടപ്പെടുന്നവർക്കായി ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾ ചൂടോടെ രുചിക്കാൻ ഇനി പയ്യന്നൂരിലേക്കെത്താം. വ്യാഴാഴ്ച റസ്റ്റാറന്റ് റെയിൽവേ ഡിവിഷനൽ മാനേജർ മധുകർ റാവത്ത് നാട്ടുകാർക്കായി തുറന്നുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

