Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജങ്ക് ഫുഡ് വിൽപന നിയന്ത്രിക്കും കേന്ദ്രചട്ടങ്ങളിൽ വ്യക്തത തേടും

text_fields
bookmark_border
ജങ്ക് ഫുഡ് വിൽപന നിയന്ത്രിക്കും കേന്ദ്രചട്ടങ്ങളിൽ വ്യക്തത തേടും
cancel

തിരുവനന്തപുരം: കുട്ടികളുടെ അനാരോഗ്യ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കാനും ജങ്ക് ഫുഡിന്‍റെ അമിത ഉപയോഗം തടയാനും നിയമപരമായ നടപടികൾ ശക്തമാക്കാൻ സർക്കാർ. ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ നിർവചനത്തിലും വിൽപന നിയന്ത്രണത്തിനുള്ള മാനദണ്ഡങ്ങളിലും വ്യക്തത തേടി കേന്ദ്ര ഭക്ഷ്യസുരക്ഷ അതോറിറ്റിയെ സമീപിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

ജങ്ക് ഫുഡിന് കൃത്യമായ ശാസ്ത്രീയ നിർവചനമില്ലാത്തതിനാൽ ഏതൊക്കെ ഭക്ഷ്യവസ്തുക്കളെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തണം, അവയുടെ വിൽപന എങ്ങനെ നിയന്ത്രിക്കണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല. ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷ്യവസ്തുക്കളെ എച്ച്.എഫ്.എസ്.എസ് വിഭാഗത്തിൽ ഉൾപ്പെടുത്താമെങ്കിലും അവയുടെ അളവ് നിർണയിക്കാൻ വ്യക്തമായ മാനദണ്ഡങ്ങൾ വേണം. ഇതിന്‍റെ അഭാവം സ്കൂൾ പരിസരങ്ങളിലെ വിൽപന നിയന്ത്രിക്കാനും ഇത്തരം ഭക്ഷ്യവസ്തുക്കളുടെ പട്ടിക തയാറാക്കാനും തടസ്സമാകുന്നു.

2026 ആഗസ്റ്റ് ഏഴിന് കേന്ദ്ര ഭക്ഷ്യസുരക്ഷ അതോറിറ്റി ഇതുസംബന്ധിച്ച് കരട് റെഗുലേഷൻ പ്രസിദ്ധീകരിച്ചിരുന്നു. കരടിൽ ഖരഭക്ഷണത്തിൽ 100 ഗ്രാമിന് 4.2 ഗ്രാമിൽ കൂടുതൽ കൊഴുപ്പ്, മൂന്ന് ഗ്രാമിൽ കൂടുതൽ പഞ്ചസാര, 0.625 ഗ്രാമിൽ കൂടുതൽ ഉപ്പ് എന്നിവയും ദ്രാവകരൂപത്തിലുള്ള ഭക്ഷണത്തിൽ 100 മില്ലി ലിറ്ററിന് യഥാക്രമം 1.5 ഗ്രാം കൊഴുപ്പ്, രണ്ടു ഗ്രാം പഞ്ചസാര, 0.175 ഗ്രാം ഉപ്പ് എന്നിവയിൽ കൂടുതലും അടങ്ങിയാൽ ഉയർന്ന അളവായി കണക്കാക്കാനുള്ള നിർദേശങ്ങളുണ്ട്. കരട് റെഗുലേഷൻ അന്തിമമാക്കി നിയമപരമായ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയാൽ മാത്രമേ ഇത്തരം ഭക്ഷ്യവസ്തുക്കളുടെ പട്ടിക തയാറാക്കാനും സ്കൂൾ പരിസരങ്ങളിലെ വിൽപന നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാനും സംസ്ഥാനങ്ങൾക്ക് നിയമ പിൻബലമുണ്ടാവുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട നടപടി വേഗത്തിലാക്കാൻ കേന്ദ്ര അതോറിറ്റിക്ക് കേരളം കത്ത് നൽകുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സ്കൂളുകളിൽ സുരക്ഷിതവും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കാനും കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലം വളർത്താനും ഈറ്റ് റൈറ്റ് സ്കൂൾ പദ്ധതി നടപ്പാക്കുന്നുണ്ട്. മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും പദ്ധതിയുണ്ട്. സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും കാന്‍റീനുകളിൽ ശുചിത്വം, ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ, പോഷകസമൃദ്ധമായ ഭക്ഷണ ലഭ്യത എന്നിവ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും സർക്കാർ നടത്തുന്നുണ്ട്. ഇതുവരെ 169 സ്കൂളുകളിൽ ഈറ്റ് റൈറ്റ് സ്കൂൾ പദ്ധതി വന്നു. കുട്ടികൾക്ക് പോഷകാഹാരത്തെക്കുറിച്ച് പ്രായോഗിക അറിവ് നൽകാൻ എസ്.എൻ.എഫ്@സ്കൂൾ പദ്ധതി 2,500 സ്കൂളുകളിലും നടപ്പാക്കി. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ പരിശോധനകളും നിയമനടപടികളും സ്വീകരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story