ഈ റസ്റ്റോറന്‍റിൽനിന്നും ഭക്ഷണം കഴിച്ചാൽ അത് വിളമ്പിയ പ്ലേറ്റുകൾ വീട്ടിൽ കൊണ്ടുപോകാം; 1964 മുതൽ പിന്തുടരുന്ന സംസ്കാരത്തിന് പിന്നിൽ...
text_fieldsവിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ഏറ്റവും ആകർഷകമാകുന്നത് ആ പ്രദേശത്തെ ഭക്ഷണംകൂടിയാണ്. ചില റസ്റ്റോറന്‍റുകളും അവിടുത്തെ ഭക്ഷണവും എത്ര കാലം കഴിഞ്ഞാലും ഓർമയിൽ നിന്നും മായില്ല. ഭഷണത്തിന്‍റെ രുചിമാത്രമല്ല അത് വിളമ്പുന്ന രീതിയും പലയിടത്തും വ്യത്യസ്തമാണ്. ഇത്തരത്തിൽ ഭക്ഷണത്തിന്‍റെ ഡ്രസ്സിങിന് പേരുകേട്ട സ്ഥലമാണ് ഇറ്റലി. എന്നാൽ ഇവിടെ കഴിച്ച പാത്രം ഉപഭോക്താവിന് നൽകുന്ന ഒരു പാരമ്പര്യം കൂടെയുണ്ട്. ഭക്ഷണത്തിന്‍റെയും അത് കഴിച്ച സ്ഥലത്തിന്‍റെയും നല്ല ഓർമകൾ കാത്ത് സൂക്ഷിക്കാനുള്ള സെറാമിക് പ്ലേറ്റുകൾ നമുക്ക് വീട്ടിലേക്ക് കൊണ്ടുപോകാം.
'പ്ലേറ്റ്സ് ഓഫ് ഗുഡ് മെമ്മറീസ്' അഥവാ 'പിയാറ്റി ഡെൽ ബുവോൺ റിക്കോർഡോ' എന്ന് വിളിക്കുന്ന ഈ പാരമ്പര്യം 1964 മുതൽ നിലവിലുണ്ട്. ഭക്ഷണം ആസ്വദിച്ച ശേഷം ആ പ്ലേറ്റ് തന്നെ ഒരു സുവനീറായി വീട്ടിലേക്ക് കൊണ്ടുപോകാൻ ഇവിടെ ഉപഭോക്താക്കൾക്ക് സാധിക്കും. 'ഇറ്റാലിയൻ ട്രാട്ടോറിയ നമ്മുടെ ജനങ്ങളുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകങ്ങളിലൊന്നാണ്. അതൊരു ഭക്ഷണശാല മാത്രമല്ല, നമ്മുടെ ചരിത്രത്തിൽ വേരൂന്നിയ പാരമ്പര്യങ്ങളുടെയും അവിസ്മരണീയമായ കൂടിക്കാഴ്ചകളുടെയും ഇടം കൂടിയാണ്,' എന്ന് ഫോർബ്‌സ് ഇറ്റാലിയയുടെ ഫുഡ് എഡിറ്റർ ആൽബർട്ടോ കൗസി സ്മിത്‌സോണിയൻ പറയുന്നു.
യാത്രക്കാരും ഭക്ഷണപ്രേമികളും ട്രാട്ടോറിയയിൽ ഭക്ഷണം ആസ്വദിക്കാറുണ്ടെങ്കിലും ട്രാട്ടോറിയകളെ ദേശീയതലത്തിലും ആഗോളതലത്തിലും പ്രോത്സാഹിപ്പിക്കുന്നതിനായി 1960-കളിൽ രൂപംകൊണ്ട 'പിയാറ്റി ഡെൽ ബുവോൺ റിക്കോർഡോ' എന്ന ഈ ആചാരത്തെക്കുറിച്ച് പലർക്കും അറിയാൻ ഇടയില്ല. ഇതിൽ പങ്കെടുക്കുന്ന റെസ്റ്റോറന്റുകളിൽ പ്രത്യേക വിഭവം ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക്, കൈകൊണ്ട് പെയിന്റ് ചെയ്ത ഒരു സെറാമിക് കളക്ടബിൾ പ്ലേറ്റ് സുവനീറായി വീട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കും. തുടക്കത്തിൽ ഡെസേർട്ട് റെസ്റ്റോറന്റുകൾ മാത്രമാണ് ഇതിൽ പങ്കാളികളായിരുന്നത്. പിന്നീട് ഈ പ്രസ്ഥാനം വളർന്നു വലുതാവുകയും, ഇന്ന് 111 ആധികാരിക ട്രാട്ടോറിയകൾ ഇറ്റലിയിൽ ഈ പ്രത്യേക രീതിയിലൂടെ തദ്ദേശീയമായ പാചകരീതികളെ ഇപ്പോഴും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ലോകമെമ്പാടുമുള്ള സഞ്ചാരികളും ശേഖർകരും വിന്റേജ് പ്ലേറ്റുകൾ സ്വന്തമാക്കാൻ താൽപ്പര്യപ്പെടുന്നു. ഇറ്റലിയിലെ പ്രധാന ഡിസൈൻ മേളകളിലും സെക്കൻഡ് ഹാൻഡ് സ്റ്റോറുകളിലും ഈ സെറാമിക് പാത്രങ്ങൾ കണ്ടെത്തുന്നതിനായി പലരും താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഈ പാരമ്പര്യത്തിന് പിന്നിലെ ബുദ്ധി ദിനോ വില്ലാനിയുടേതാണ്. ട്രെൻഡുകൾ കണ്ടെത്താനും അവയെ വിജയകരമായി മാർക്കറ്റ് ചെയ്യാനും പ്രത്യേക കഴിവുണ്ടായിരുന്ന ഒരു വ്യവസായിയായിരുന്നു അദ്ദേഹം. ഇരുപതാം നൂറ്റാണ്ടിലെ ഇറ്റലിയിൽ അക്കാലത്ത് നിരവധി സാംസ്കാരിക മാറ്റങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലിയിൽ ടൂറിസവും ഗ്യാസ്ട്രോണമിയും വളർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം.
ഈ പദ്ധതി ആരംഭിച്ച കാലത്ത് ഫ്രഞ്ച് സ്വാധീനമുള്ള മെനുവുകളിലേക്ക് യുവതലമുറ ആകൃഷ്ടരാകുന്നുണ്ടായിരുന്നു. ഇറ്റാലിയൻ തനത് ഭക്ഷണശൈലിയെ സംരക്ഷിക്കുന്നതിനും ഫ്രഞ്ച് ഭക്ഷണശൈലിയുടെ ആധിപത്യത്തെ പ്രതിരോധിക്കുന്നതിനുമുള്ള ഒരു മാർഗമായാണ് ഇത് കണ്ടത്. വില്ലാനിയുടെ ഈ ആശയത്തിന് പിന്നിൽ തനത് ഇറ്റാലിയൻ ഭക്ഷണ സംസ്കാരത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന വലിയ ലക്ഷ്യമുണ്ടായിരുന്നു. ഇന്നും ഈ മനോഹരമായ പാരമ്പര്യം ഇറ്റാലിയൻ ഭക്ഷണപ്രേമികൾക്കിടയിൽ വലിയ തരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ട് സജീവമായി തുടരുന്നു.

