'ചായ ഇനി വിത്ത് ഔട്ട് മതി,' പഞ്ചസാര ഉത്പാദനത്തിൽ വൻ ഇടിവ്; വില ഇനിയും കൂടും!
text_fieldsരാജ്യത്ത് നിലവിലുള്ള സീസണിലെ പഞ്ചസാര ഉത്പാദനം പ്രതീക്ഷിച്ചതിലും താഴേക്ക് പോകുമെന്ന് സർക്കാരിന്റെ പുതിയ വിലയിരുത്തൽ. തുടക്കത്തിൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ കണക്കാക്കിയിരുന്ന 343 ലക്ഷം ടണ്ണിൽ നിന്ന് 11% കുറഞ്ഞ് ഉത്പാദനം ഏകദേശം 306 ലക്ഷം ടണ്ണായി ചുരുങ്ങുമെന്നാണ് വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഒക്ടോബർ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഈ ഉത്പാദനക്കുറവ് കണക്കാക്കിയിരിക്കുന്നത്. ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ ലഭ്യത കുറയാനും വില കുതിച്ചുയരാനും ഇത് പ്രധാന കാരണമായിട്ടുണ്ട്.
അതേസമയം പഞ്ചസാര എഥനോൾ ഉത്പാദനത്തിനായി തിരിച്ചുവിടുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്ന തരത്തിലുള്ള ആരോപണങ്ങളെ സർക്കാർ പൂർണമായും തള്ളിക്കളഞ്ഞു. ഏതാനും വർഷങ്ങൾക്ക് മുമ്പുള്ളതിനെ അപേക്ഷിച്ച് നിലവിൽ വളരെ കുറഞ്ഞ അളവിലുള്ള പഞ്ചസാര മാത്രമാണ് എഥനോൾ നിർമാണത്തിനായി ഉപയോഗിക്കുന്നത്. കൂടാതെ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന എഥനോളിന്റെ ഭൂരിഭാഗവും ധാന്യങ്ങളിൽ നിന്നാണ് നിർമിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഉത്പാദനക്കുറവിന് പുറമെ ഉത്സവകാലത്തെ ഉയർന്ന ആവശ്യകതയും വിളകൾക്ക് വന്ന നാശനഷ്ടങ്ങളുമാണ് വില വർദ്ധനവിന് പിന്നിലെ മറ്റ് കാരണങ്ങൾ.
ഉത്പാദനം കുറഞ്ഞതിനെ തുടർന്ന് ഒക്ടോബർ ഒന്നിന് ബാക്കി നിൽക്കുന്ന സ്റ്റോക്ക് ഏകദേശം 33 മുതൽ 34 ലക്ഷം ടണ്ണായി കുറയാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം ഇത് 50 ലക്ഷം ടണ്ണായിരുന്നു. എങ്കിലും പുതിയ ക്രഷിങ് സീസണിൽ നിന്നുള്ള പുതിയ പഞ്ചസാര വിപണിയിലെത്തുന്നത് വരെ ഈ കരുതൽ ശേഖരം ആഭ്യന്തര ആവശ്യം നിറവേറ്റാൻ പര്യാപ്തമായിരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകുന്നുണ്ട്. വിപണിയിലെ വിതരണ തടസ്സങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സർക്കാർ നേരത്തെ തന്നെ 10 ലക്ഷം ടൺ അസംസ്കൃത പഞ്ചസാര തീരുവ രഹിതമായി ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

