സോഫ്റ്റ് ഡ്രിങ്ക് കമ്പനികൾക്ക് ആശ്വാസം; പാനീയങ്ങളിൽ 'എനർജി ഡ്രിങ്ക്' എന്ന പദം ഉപയോഗിക്കരുതെന്ന ഉത്തരവ് സ്റ്റേ ചെയ്ത് ഹൈകോടതി
text_fieldsന്യൂഡൽഹി: ഉൽപ്പന്നങ്ങളിൽ 'എനർജി ഡ്രിങ്ക്' എന്ന പദം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പെപ്സികോ, മോൺസ്റ്റർ ബീവറേജസ് എന്നീ പ്രമുഖ കമ്പനികൾക്ക് ഡൽഹി ഹൈകോടതിയിൽ ആശ്വാസം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ച കർശന ഉത്തരവാണ് ജസ്റ്റിസ് അമിത് മഹാജൻ താൽക്കാലികമായി സ്റ്റേ ചെയ്തത്. ഈ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ കമ്പനികൾക്ക് തങ്ങളുടെ പക്കലുള്ള നിലവിലുള്ള സ്റ്റോക്കുകൾ വിപണിയിൽ വിൽക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.
എന്നിരുന്നാലും കോടതി ഇക്കാര്യത്തിൽ ഒരു പ്രധാന നിബന്ധന കൂടി മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ ഇടക്കാല ഇളവ് നിലവിലുള്ള സ്റ്റോക്കുകൾ വിൽക്കാൻ മാത്രമുള്ളതാണ്. അതായത് 'എനർജി ഡ്രിങ്ക്' ലേബൽ ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ നിർമിക്കാൻ കമ്പനികൾക്ക് നിലവിൽ അനുവാദമില്ല. നവംബർ 5-നാണ് കേസിന്റെ അടുത്ത വാദം കേൾക്കൽ നടക്കുന്നത്. പെപ്സികോയുടെ സ്റ്റിങ് എനർജി, അഡ്രിനാലിൻ റഷ്, മോൺസ്റ്റർ ബീവറേജസിന്റെ മോൺസ്റ്റർ എനർജി തുടങ്ങിയ ജനപ്രിയ ഡ്രിങ്കുകളെയാണ് FSSAI ഉത്തരവ് പ്രതികൂലമായി ബാധിച്ചിരുന്നത്.
ഉൽപ്പന്നങ്ങളിൽ നിന്ന് 'എനർജി ഡ്രിങ്ക്' എന്ന ലേബൽ നീക്കം ചെയ്യണമെന്നും രാജ്യവ്യാപകമായി പരിശോധനകളും നടപടികളും നടത്തണമെന്നുമുള്ള FSSAI-യുടെ നിർദ്ദേശങ്ങളെ ചോദ്യം ചെയ്താണ് കമ്പനികൾ കോടതിയെ സമീപിച്ചത്. വ്യവസായ രംഗത്തെ പ്രതിനിധികളുമായി കൂടിയാലോചനകൾ നടത്തിയ ശേഷമാണ് ഉത്തരവുകൾ ഇറക്കിയതെന്നാണ് FSSAI കോടതിയിൽ വാദിച്ചത്.
എന്നാൽ കൃത്യമായ കാരണം കാണിക്കൽ നോട്ടീസോ വാദം കേൾക്കാനുള്ള അവസരമോ നൽകാതെയാണ് അതോറിറ്റി ഇത്തരം പെട്ടെന്നുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചതെന്ന് കോടതി വിലയിരുത്തി. ഇതിനുമുമ്പ് റിലയൻസിന്റെ കാമ്പ എനർജി ഡ്രിങ്ക്, റെഡ് ബുൾ എന്നിവയുടെ കാര്യത്തിലും ഹൈകോടതി സമാനമായ രീതിയിൽ FSSAI ഉത്തരവുകൾ സ്റ്റേ ചെയ്തിരുന്നു എന്നത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

