സൂപ്പർഹിറ്റായി സർക്കാറിന്റെ സവാള വിൽപന; കിലോക്ക് 35 രൂപയാണ് വില
text_fieldsകൽപറ്റ: സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃഷി വകുപ്പ് ഹോര്‍ട്ടികോര്‍പ് മുഖേന ജില്ലയില്‍ കുറഞ്ഞ നിരക്കില്‍ സവാള വിൽപന ആരംഭിച്ചു. കലക്ടറേറ്റ് പരിസരത്ത് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ ഹോര്‍ട്ടികോര്‍പ് മൊബൈല്‍ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചെയ്തു. വിപണിയില്‍ കിലോ ഗ്രാമിന് 65.75 രൂപയോളം വില നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹോര്‍ട്ടികോര്‍പിലൂടെ കിലോക്ക് 35 രൂപ നിരക്കില്‍ സവാള ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
നാഷണല്‍ കോഓപറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍.സി.സി.എഫ്) സംഭരിച്ച രണ്ട് ടണ്‍ സവാളയാണ് ആദ്യഘട്ടം വിതരണം ചെയ്യുന്നത്. രണ്ട് വാഹനങ്ങളിലായാണ് വിൽപന ക്രമീകരിച്ചത്. രാവിലെ 10 മുതല്‍ വൈകിട്ട് ഏഴ് വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മൊബൈല്‍ വാഹനങ്ങളെത്തും. കൃഷി-ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പകളുടെ സംയുക്ത ഇടപെടലിന്റെ ഭാഗമായി 100 ടണ്‍ സവാള അടിയന്തരമായി കേരളത്തിലെത്തിക്കും. ആദ്യഘട്ടം ഓര്‍ഡര്‍ നല്കിയ 30 ടണ്ണില്‍ 20 ടണ്‍ ഇതിനകം കേരളത്തിലെത്തി. ഇതില്‍ 10 ടണ്‍ മലബാര്‍ മേഖലയിലേക്കും 10 ടണ്‍ തെക്കന്‍ കേരളത്തിലേക്കുമാണ് എത്തിച്ചത്. 30 ടണ്‍ സവാള വ്യാഴാഴ്ച കേരളത്തിലെത്തിക്കും. ശേഷിക്കുന്ന സവാളയ്ക്കായുള്ള ഓര്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. നാഷണല്‍ കോഓപറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് മുഖേനയാണ് സവാള സംഭരിച്ച് കേരളത്തിലെത്തിക്കുന്നത്.
കലക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ എ.ഡി.എം കെ. അജീഷ്, ഹോര്‍ട്ടികോര്‍പ് ജില്ല മാനേജര്‍ എ.ആര്. ചിത്ര, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ. ലാല്‍സുന, ഹോര്‍ട്ടികോര്‍പ് അസി. മാനേജര്‍ സിബി ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

