വൃത്തിഹീനമായ വാഹനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകരുത്; കർശന മുന്നറിയിപ്പുമായി എഫ്.എസ്.എസ്.എ.ഐ
text_fieldsന്യൂഡൽഹി: പാലും പാൽ ഉൽപ്പന്നങ്ങളും ഇറച്ചിയും മീനും ഉൾപ്പെടെ പെട്ടെന്ന് കേടുവരുന്ന ഭക്ഷ്യവസ്തുക്കളുടെ സംഭരണത്തിലും ഗതാഗതത്തിലും വിതരണത്തിലും കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ). വരാനിരിക്കുന്ന ഉത്സവ സീസൺ മുന്നിൽ കണ്ട് വിപണിയിലെത്തുന്ന ഭക്ഷണ സാധനങ്ങളുടെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് പുറപ്പെടുവിച്ച പുതിയ സർക്കുലറിലാണ് നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകിയത്.
ഖോവ, പനീർ, ഇറച്ചി, മീൻ തുടങ്ങിയവ സുരക്ഷിതമായ താപനിലയിലല്ല വിതരണം ചെയ്യുന്നതെന്നും കൈകാര്യം ചെയ്യുന്നതെന്നും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകാൻ വൃത്തിയുള്ളതും മൂടിയതുമായ വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നും യാത്രയിലുടനീളം ആവശ്യമായ താപനില നിലനിർത്തണമെന്നും വിതരണക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചാക്കുകളിലും ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് കവറുകളിലും ഭക്ഷണം പാക്ക് ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
കൂടാതെ, കയറ്റിറക്കലും സംഭരണവും നടത്തുമ്പോൾ പൊടിപടലങ്ങൾ, ഈർപ്പം, കീടങ്ങൾ, മറ്റു മലിനീകരണങ്ങൾ എന്നിവയിൽ നിന്ന് ഉൽപ്പന്നങ്ങളെ സംരക്ഷിക്കണമെന്നും ഭക്ഷ്യവസ്തുക്കളുടെ ഉറവിടവും വിതരണവും വ്യക്തമാക്കുന്ന കൃത്യമായ ഇൻവോയ്സുകളും രേഖകളും പരിശോധന സമയത്ത് ഹാജരാക്കണമെന്നും നിർദ്ദേശത്തിലുണ്ട്. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷണർമാർക്കും റെയിൽവേക്കും റീജിയണൽ ഡയറക്ടർമാർക്കും അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹോട്ടലുകളിലും വിതരണ ശൃംഖലകളിലും പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെ പ്രമുഖ ഹോട്ടലായ 'റാഡിസൺ ബ്ലൂ' വിന്റെ ഓപ്പറേറ്റർമാരായ എ.ബി ഹോട്ടൽസ് ലിമിറ്റഡിന് ഭക്ഷ്യസുരക്ഷാ ലംഘനത്തിന് എഫ്.എസ്.എസ്.എ.ഐ നോട്ടീസ് അയയ്ക്കുകയും അടിയന്തരമായി തിരുത്തൽ നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

