Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈയിൽനിന്ന് ഹിമാലയൻ താഴ്‌വാരത്തേക്ക്; ലോകത്തെ മികച്ച 50 റെസ്റ്റോറന്റുകളിൽ ഇന്ത്യയുടെ ഇരട്ട സാന്നിധ്യം

text_fields
bookmark_border
മുംബൈയിൽനിന്ന് ഹിമാലയൻ താഴ്‌വാരത്തേക്ക്; ലോകത്തെ മികച്ച 50 റെസ്റ്റോറന്റുകളിൽ ഇന്ത്യയുടെ ഇരട്ട സാന്നിധ്യം
cancel

2026-ലെ ലോകത്തെ മികച്ച 50 റെസ്റ്റോറന്റുകളുടെ പട്ടികയിൽ ആദ്യമായി ഇന്ത്യയിൽനിന്ന് രണ്ട് ഭക്ഷണശാലകൾ ഒരുമിച്ച് ഇടംപിടിച്ചു. മുംബൈയിലെ മസ്കും ഹിമാചൽ പ്രദേശിലെ കസൗലിയിലുള്ള നാറുമാണ് ആഗോള പട്ടികയിൽ ഇടംനേടിയത്. ചൊവ്വാഴ്ച പെറുവിലെ ലിമയിൽ നടന്ന ചടങ്ങിലാണ് ഈ വർഷത്തെ റാങ്കിങ് പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ഭക്ഷണരംഗത്തെ ഏറ്റവും ശ്രദ്ധേയമായ അംഗീകാരങ്ങളിലൊന്നായാണ് ഈ പട്ടിക കണക്കാക്കപ്പെടുന്നത്.

സ്പെയിനിലെ ബാസ്ക് മേഖലയിലുള്ള ആക്സ്പെ ഗ്രാമത്തിലെ അസഡോർ എറ്റ്സെബാരിയാണ് ഈ വർഷം ലോകത്തെ മികച്ച റെസ്റ്റോറന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പർവതങ്ങളും മനോഹരമായ പ്രകൃതിദൃശ്യങ്ങളും നിറഞ്ഞ പ്രദേശത്തുള്ള ഈ ഭക്ഷണശാല, ഷെഫ് ബിറ്റോർ അർഗിൻസോണിസിന്റെ വ്യത്യസ്തമായ ഗ്രിൽ വിഭവങ്ങൾക്കാണ് പേരുകേട്ടത്. വിശപ്പകറ്റാനുള്ള ചെറിയ വിഭവങ്ങൾ മുതൽ മധുരപലഹാരങ്ങൾ വരെ തീയിൽ പാകം ചെയ്താണ് ഇവിടെ വിളമ്പുന്നത്.

ഇന്ത്യൻ ഭക്ഷണരീതികൾ അവതരിപ്പിക്കുന്ന നിരവധി റെസ്റ്റോറന്റുകൾക്കും പട്ടികയിൽ ഇടം ലഭിച്ചിട്ടുണ്ട്. ഇതിൽ കൊൽക്കത്തയിൽ ജനിച്ച ഷെഫ് ഗഗൻ ആനന്ദിന്റെ നേതൃത്വത്തിലുള്ള ബാങ്കോക്കിലെ ഗഗൻ രണ്ടാം സ്ഥാനത്തെത്തി. 2026-ലെ ഏഷ്യയിലെ മികച്ച റെസ്റ്റോറന്റ് എന്ന അംഗീകാരവും ഗഗൻ സ്വന്തമാക്കി.

ഫ്രഞ്ച്, തായ്, ജാപ്പനീസ് പാചകരീതികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യൻ വിഭവങ്ങളെ പുതിയ രീതിയിൽ അവതരിപ്പിക്കുന്നതാണ് ഗഗന്റെ പ്രത്യേകത. ഭക്ഷണത്തിന്റെ രുചിക്കൊപ്പം സംഗീതം, നിറങ്ങൾ, അവതരണരീതി എന്നിവയും ചേർത്താണ് ഇവിടെ വ്യത്യസ്തമായ അനുഭവം ഒരുക്കുന്നത്. ഭക്ഷണം കൈകൊണ്ട് കഴിക്കാനും ചിലപ്പോൾ പ്ലേറ്റ് നക്കാനും അതിഥികളെ പ്രോത്സാഹിപ്പിക്കുന്ന ഗഗൻ, ഭക്ഷണസമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാനുള്ള നയവും നടപ്പാക്കിയിട്ടുണ്ട്.

ആദ്യമായി പട്ടികയിൽ ഇടംനേടിയ മുംബൈയിലെ മസ്ക് 26-ാം സ്ഥാനത്താണ്. ദുബൈയിലെ മൂന്ന് മിഷേലിൻ സ്റ്റാറുകളുള്ള ട്രെസിന്ദ് സ്റ്റുഡിയോയെക്കാൾ മുന്നിലാണ് മസ്കിന്റെ നേട്ടം. ട്രെസിന്ദ് സ്റ്റുഡിയോ 28-ാം സ്ഥാനത്താണ്.

2016ൽ പ്രവർത്തനം ആരംഭിച്ച മസ്കിൽ കമിസ് ഷെഫായാണ് വരുൺ ടോട്ലാനി തന്റെ കരിയർ തുടങ്ങിയത്. 2021-ൽ സൂസ് ഷെഫായി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം, 2022-ൽ പ്രതീക് സാധുവിൽനിന്ന് ഹെഡ് ഷെഫിന്റെ ചുമതല ഏറ്റെടുത്തു. ഇന്ത്യൻ തെരുവുഭക്ഷണങ്ങളെയും പ്രാദേശിക ചേരുവകളെയും പുതിയ രീതിയിൽ അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പാചകരീതിയുടെ പ്രത്യേകത.

ഷെഫ് പ്രതീക് സാധുവിന്റെ നേതൃത്വത്തിലുള്ള നാറാണ് പട്ടികയിൽ ഇടംനേടിയ മറ്റൊരു ഇന്ത്യൻ റെസ്റ്റോറന്റ്. 49-ാം സ്ഥാനത്താണ് നാർ. പ്രാദേശിക ചേരുവകളുടെ ഉപയോഗം, സമൂഹത്തിന്റെ പങ്കാളിത്തം, പരിസ്ഥിതി സൗഹൃദ പാചകരീതികൾ എന്നിവ പരിഗണിച്ച് 2026-ലെ സസ്റ്റെയിനബിൾ റെസ്റ്റോറന്റ് പുരസ്കാരവും നാറിന് ലഭിച്ചു.

ഹിമാലയൻ മലനിരകളുടെ താഴ്‌വാരത്ത് പൈൻ മരങ്ങൾക്കിടയിലാണ് നാർ സ്ഥിതി ചെയ്യുന്നത്. ചണ്ഡീഗഢിൽനിന്ന് വളഞ്ഞുപുളഞ്ഞ മലമ്പാതകളിലൂടെ ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്താണ് ഇവിടെ എത്തിച്ചേരുന്നത്. ഹിമാലയത്തിലെ ആറ് പരമ്പരാഗത ഋതുക്കളെ അടിസ്ഥാനമാക്കിയാണ് ഇവിടത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. ഓരോ കാലാവസ്ഥാ മാറ്റത്തിനുമനുസരിച്ച് മെനുവിലും മാറ്റമുണ്ടാകും.

ലോകത്തെ മികച്ച 50 റെസ്റ്റോറന്റുകളുടെ പട്ടികയിൽ ഇന്ത്യൻ ഭക്ഷണശാലകൾക്ക് ലഭിച്ച ഈ അംഗീകാരം, ഇന്ത്യൻ രുചികൾക്കും പ്രാദേശിക ചേരുവകൾക്കും പാചകപാരമ്പര്യത്തിനും ആഗോളതലത്തിൽ ലഭിച്ചുവരുന്ന സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - For The First Time Ever, 2 Restaurants In India Feature On World's 50 Best Restaurants List
Next Story