ഇന്ത്യൻ ഹൃദയങ്ങളിൽ ‘കൊറിയൻ ട്രെൻഡ്’
text_fieldsഇന്ത്യയിൽ ‘ഹാല്യു’ എന്നറിയപ്പെടുന്ന കൊറിയൻ സംസ്കാരത്തിന്റെ ഉദയം ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ല. 2022 മുതലാണ് കൊറിയൻ സംസ്കാര സ്വാധീനം ഇവിടെ കൂടുതലായി കണ്ടു തുടങ്ങിയതെങ്കിലും അതിനുമുമ്പുതന്നെ കൊറിയക്കാർക്ക് ഇവിടെ ആരാധകരുണ്ടായിരുന്നു. കുടുംബ ബന്ധവും സൗന്ദര്യശാസ്ത്രവും ഭക്ഷണ സംസ്കാരവും വസ്ത്രധാരണവുമെല്ലാം ദൈനംദിന ശീലങ്ങളായി മാറി വളരെ പതിയെയാണ് കൊറിയൻ സാംസ്കാരിക സ്വാധീനം ഇന്ത്യയിലുണ്ടായതെന്നാണ് കണ്ടെത്തൽ. കൊറിയൻ ഡ്രാമകൾക്ക് ഇന്ത്യൻ വീടുകളിൽ കാഴ്ചക്കാർ ഏറെയുണ്ടായിരുന്നു. കൗമാരക്കാരും മാതാപിതാക്കളുമെല്ലാം അതിന്റെ ഫാൻസുമായിരുന്നു. സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ ഹിന്ദിയിൽ ഡബ്ബ് ചെയ്ത കൊറിയൻ ഡ്രാമകൾക്ക് കാഴ്ചക്കാർ ഏറെയായിരുന്നു.
കോവിഡ് മഹാമാരിക്കാലത്ത് ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൂടെ കെ-ഡ്രാമകളും കെ-പോപും വ്യാപകമായതോടെ ഇന്ത്യൻ യുവതയുടെ ഹൃദയത്തിലേക്ക് കൊറിയൻ സംസ്കാരം വേരിറങ്ങുകയായിരുന്നു. ബി.ടി.എസ് പോലുള്ള ആരാധകരുടെ ആർമികൾ സജീവമായി.
കൗമാരക്കാരെ വളരെ ആഴത്തിൽ സ്വാധീനിക്കാവുന്ന കാഴ്ചപ്പാടുകളും മൂല്യങ്ങളുമാണ് കൊറിയൻ ഡ്രാമകൾക്ക് ഇവിടെ പ്രചാരമുണ്ടാകുന്നതിന്റെ ആദ്യ കാരണം. കുടുംബബന്ധങ്ങൾ, പ്രണയം, സാമൂഹിക പ്രശ്നങ്ങൾ എന്ന കൂട്ടിയിണക്കുന്ന സീരിസുകൾ ആഴത്തിൽ സ്വാധീനം ചെലുത്തുന്നു.
മാത്രമല്ല, വേഷവും ഭാഷയും മറ്റും മാറുന്നുണ്ടെങ്കിലും ഇന്ത്യക്കാർക്ക് വേഗത്തിൽ കൂട്ടിയിണക്കാൻ പറ്റുന്നതാണ് ഈ ഡ്രാമകളിലെ പല കഥകളും. പുരുഷ കഥാപാത്രങ്ങൾക്കാണ് ഇതിൽ ആരാധകർ ഏറെ. അവർ സ്ക്രീനുകളിൽ കരയാനും ക്ഷമ ചോദിക്കാനും പാകം ചെയ്യാനും മടി കാണിക്കാത്തതിനാൽ ഇവർക്ക് നല്ല ആരാധകരുമുണ്ട്. സ്ക്രീനുകളിൽനിന്ന് ഭക്ഷണത്തിലേക്കും ഫാഷനിലേക്കും ദൈനംദിന ജീവിതത്തിലേക്കും കൊറിയൻ കൾച്ചർ സ്വാധീനം മാറി.
യുവാക്കൾക്കിടയിൽ കൊറിയൻ ഭക്ഷണത്തിന് വലിയ പ്രചാരം ലഭിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സ്വിഗ്ഗിയുടെ ഡേറ്റ റിപ്പോർട്ട് അനുസരിച്ച്, ബംഗളൂരു, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ കൊറിയൻ ഭക്ഷണത്തിനുള്ള ഓർഡറുകൾ വർഷം തോറും 50 ശതമാനം വർധിച്ചുവരുന്നുണ്ട്. സൂററ്റ്, മൈസൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ വളർച്ച 59 ശതമാനത്തിലും കൂടുതലാണ്.
കൊറിയൻ സ്റ്റൈൽ കഫേകളും ക്ലൗഡ് കിച്ചണുകളും ചെറിയ റസ്റ്റോറന്റുകളുമെല്ലാം നഗരങ്ങളിൽ സജീവമാണ്. ഫാഷനിലും കൊറിയൻ സ്റ്റൈൽ ട്രെൻഡാണിപ്പോൾ. ഓവർ സൈസ്ഡ് ക്ലോത്തുകൾ, സ്നീക്കറുകൾ തുടങ്ങിയവ കൊറിയൻ ഫാഷൻ സങ്കൽപ്പങ്ങളിൽനിന്ന് വന്നവയാണ്. കൂടാതെ, സൗന്ദര്യ ലോകത്ത് ഗ്ലാസ് സ്കിൻ എന്നു പറയുന്ന കണ്ണാടി പോലെ തിളങ്ങുന്ന ചർമമാണ് പുതിയ കാലത്തെ ട്രെൻഡ്.
കെ-ബ്യൂട്ടി ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽ ആരാധകർ ഏറെയാണ്. കൊറിയൻ ഭാഷ പഠിക്കാനുള്ള താൽപര്യം കൗമാരക്കാരിൽ വർധിച്ചുവരുന്നുവെന്നും പഠനങ്ങൾ പറയുന്നു. ഇന്ത്യയിലുടനീളം കൊറിയൻ ഭാഷ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും ഉയർന്നുവന്നിട്ടുണ്ട്. ഒരു പഠനത്തിൽ, ഇന്ത്യയിൽ കൊറിയൻ ഭാഷാ പഠിതാക്കളുടെ എണ്ണത്തിൽ, പ്രത്യേകിച്ച് 13നും 22 നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കളിൽ, 75 ശതമാനം വാർഷിക വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

