മന്തിയുടെ സ്വന്തം ‘മദ്ബി’
text_fieldsമദ്ബി
മന്തിയുടെ സുപ്രധാന വകഭേദമാണ് മദ്ബി. ഒരേ ജനുസ്സിൽപെട്ടതാണെങ്കിലും മന്തിയും മദ്ബിയും വ്യത്യാസപ്പെട്ടിരിക്കുന്നത് ചിക്കന്‍റെ കൂട്ടിലാണ്. രണ്ടിനും ഒരേ അരിയാണ് ഉപയോഗിക്കുന്നത്. എന്നാൽ, മന്തിയിൽ ബേക്ക്ഡ് ചിക്കനാണ് ഉപയോഗിക്കുന്നതെങ്കിൽ മദ്ബിയിലെത്തുമ്പോൾ അത് ഗ്രിൽഡ് ചിക്കനായി മാറും.
സോഫ്റ്റായ അരിയാണ് ഇതിനും ഉപയോഗിക്കുന്നത്. യമനി മസാലക്കൂട്ടായ ഹവേജാണ് രുചി വ്യത്യാസമൊരുക്കുന്നത്. ചെറിയ ആട്ടിൻകുട്ടിയാണെങ്കിൽ പൊളിക്കും. മറ്റു മന്തികളെ അപേക്ഷിച്ച് മത്സ്യം ഇതിനൊപ്പം ഉപയോഗിക്കാറില്ല. ഈജിപ്തിലും തുർക്കിയിലും ഏറെ സ്വീകാര്യതയുള്ള ഭക്ഷണമാണ് മദ്ബി. ഈത്തപ്പഴം, തഹ്നിസോസ്, തേൻ, ഗ്രീൻ സാലഡ് എന്നിവയും ചേർത്ത് വിളമ്പാം.
ചെമ്പിലേക്ക് അര കപ്പ് സൺഫ്ലവർ ഓയിൽ ഒഴിച്ചുകൊടുക്കുക. അതിലേക്ക് ഒരു ഉള്ളിയും കാപ്സികവും ചെറുതായി അരിഞ്ഞിട്ട് വഴറ്റണം. ഇതിലേക്ക് പട്ടയുടെ ഇല മൂന്നെണ്ണം, ഗ്രാമ്പു നാലെണ്ണം, കുരുമുളക് ഒരു ടീസ്പൂൺ, ചെറിയ ജീരകം ഒരു ടീസ്പൂൺ, പച്ചമല്ലി ഒരു ടീസ്പൂൺ, ഏലക്കായ എട്ട്, നാലു കഷണം പട്ട, ഉണങ്ങിയ നാരങ്ങ രണ്ട് (വലുതാണെങ്കിൽ ഒന്ന്) എന്നിവ ഇടണം.
ഇതിലേക്കാണ് അരി ഇടേണ്ടത്. ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് എന്ന അളവിൽ വെള്ളം ഒഴിക്കണം. തീ കുറച്ച് വെച്ച ശേഷം ഫോയിൽകൊണ്ട് മൂടിയശേഷം അതിനു മുകളിൽ ചെമ്പിന്‍റെ അടപ്പ് ഇടണം. ആവി പുറത്തേക്കു പോകാതെ ഫ്ലേവർ തങ്ങിനിൽക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 30 മിനിറ്റ് കഴിഞ്ഞ് തീ അൽപം കുറക്കണം.
ഇനി ചിക്കൻ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. തോൽ ഇല്ലാത്തതാണ് മദ്ബിക്ക് ഉചിതം. ഒരു ചിക്കൻ രണ്ടായി മുറിക്കണം. രണ്ടു ചിക്കന്‍റെ അളവാണ് നി പറയാൻ പോകുന്നത്. പച്ചമല്ലി ഒരു ടേബ്ൾ സ്പൂൺ, ചെറിയ ജീരകം ഒരു ടേബ്ൾ സ്പൂൺ, കുരുമുളക് ഒരു ടേബ്ൾ സ്പൂൺ, ആവശ്യത്തിന് ഉപ്പ്, കശ്മീരി ചില്ലി പൗഡർ ഒരു ടേബ്ൾ സ്പൂൺ, വെളുത്തുള്ളി അല്ലി രണ്ടെണ്ണം, കളർ എന്നിവ നന്നായി അരച്ചെടുക്കുക.
അതിലേക്ക് മൂന്ന് ടേബ്ൾസ്പൂൺ ഒലിവ് ഓയിൽ ചേർക്കണം. ഇത് നന്നായി മിക്സ് ചെയ്യണം. ചിക്കൻ കഷണങ്ങൾ നന്നായി വരഞ്ഞിട്ട് വേണം ഈ മസാല തേച്ചുപിടിപ്പിക്കാൻ. ആറു മണിക്കൂർ ഇങ്ങനെ വെച്ചശേഷമാണ് ഗ്രിൽ ചെയ്തെടുക്കുന്നത്. ചോറിനു മുകളിൽ ഈ ചിക്കൻ വെച്ച് സർവ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

