ആറന്മുള വള്ളസദ്യക്ക് അഞ്ചു നാൾ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
text_fieldsപ്രതീകാത്മക ചിത്രം
പത്തനംതിട്ട: ആറന്മുള വഴിപാട് വള്ളസദ്യകൾ ജൂലൈ 19 മുതൽ സെപ്റ്റംബർ 16 വരെ നടക്കും. ദേവസ്വം ബോർഡിന്‍റെ സഹായത്തോടെയാണ് സദ്യകൾ നടക്കുന്നത്. 51 പള്ളിയോടങ്ങൾ സദ്യയിൽ പങ്കെടുക്കും. 20 സദ്യാലയങ്ങളിലായി 16 കോൺട്രാക്ടർമാർ സദ്യ ഒരുക്കും. ശനിയാഴ്ച രാവിലെ 8.30ന് അടുപ്പിൽ അഗ്നി പകരും. ആരോഗ്യവകുപ്പ് നിഷ്കർഷിച്ചതനുസരിച്ചുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് സദ്യാലയങ്ങളും സദ്യയും ഒരുക്കുന്നത്. പള്ളിയോടകരകളെ സ്വീകരിക്കാൻ ക്ഷേത്രക്കടവിലെക്കുള്ള വടക്കേ ഗോപുരവഴി ഉപയോഗിക്കും. പൊതുജനങ്ങൾക്കായി ഭഗവതിക്ഷേത്ര നടവഴി ക്ഷേത്രക്കടവിലേക്ക് പ്രത്യേക വഴി സജ്ജമാക്കിയിട്ടുണ്ട്.
കൈകഴുകാൻ നൂറുകണക്കിന് ടാപ്പുകൾ മൂന്ന് സ്ഥലത്തായി ഒരുക്കി. പൊതുജനങ്ങൾക്ക് വിശ്രമിക്കാൻ ക്ഷേത്രത്തിന് വടക്ക് മുറ്റത്ത് വലിയ പന്തൽ തയാറാക്കി. ആദ്യ ദിവസം 10 സദ്യകൾ നടക്കും. കീഴ്‌ച്ചേരിമേൽ, തെക്കേമുറി, കോടിയാട്ടുകര, തോട്ടപ്പുഴശ്ശേരി, മല്ലപ്പുഴശ്ശേരി, പൂവത്തൂർപടിഞ്ഞാറ്, തെക്കേമുറികിഴക്ക്, മേലുകര, ഇടശ്ശേരിമല ചെറുകോൽ എന്നീ പള്ളിയോടങ്ങൾ സദ്യയിൽ പങ്കെടുക്കും. 19ന് ഉച്ചക്ക് 12ന് മന്ത്രി കെ. മുരളീധരൻ സദ്യ ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി സുരേഷ്ഗോപി, ആന്‍റോ ആന്‍റണി എം.പി, എം.എൽ.എമാരായ അബിൻ വർക്കി, പഴകുളം മധു തുടങ്ങിയവർ പങ്കെടുക്കും.
19 മുതൽ തുടർച്ചയായി സെപ്റ്റംബർ 16 വരെ ഫയർ ഫോഴ്സ് സ്കൂബ ടീം, രണ്ട് ബോട്ടുകൾ എന്നിവ സ്റ്റാർട്ടിങ് പോയന്റ് മുതൽ ജവാൻ കടവ് വരെ പമ്പാനദിയിൽ പള്ളിയോടങ്ങൾക്ക് സുരക്ഷ ഒരുക്കും. പള്ളിയോടങ്ങളുടെ എണ്ണം കൂടുന്നത് അനുസരിച്ചു ബോട്ടുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകും. പടിഞ്ഞാറ് നിന്ന് തുഴഞ്ഞെത്തുന്ന പള്ളിയോടങ്ങൾക്ക് ആഞ്ഞിലിമൂട്ടിൽകടവ് പാലം കടക്കുന്നതിന് ബോട്ട് സഹായം നൽകും. വള്ളസദ്യക്കും മറ്റു ആവശ്യങ്ങൾക്കും ദൂരസ്ഥലത്തുള്ള പള്ളിയോടങ്ങളെ ക്ഷേത്ര കടവിൽ എത്തിക്കുന്നതിന് പ്രത്യേകം സൗകര്യം ഒരുക്കും. പള്ളിയോടത്തിലെ എല്ലാ തുഴച്ചിൽകാർക്കും രണ്ട് മാസകാലത്തേക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്.
കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെൽ 500 സർവിസുകളിലായി പഞ്ചപാണ്ഡവ തീർഥയാത്ര സംഘം ആറന്മുള സദ്യയിൽ പങ്കെടുക്കും. പാറശ്ശാല മുതൽ കാസർകോട് വരെ 89 ഡിപ്പോകളിൽ നിന്ന് ദിവസേന എട്ട് ബസ്സുകളിലായി 400ൽപ്പരം ആളുകൾ എത്തും. സ്പെഷ്യൽ പാസ് (ആറന്മുളസദ്യ) തെക്കേടത്ത് ഇല്ലം സദ്യാലയത്തിൽ ജൂലൈ 20 മുതൽ ആരംഭിക്കും. ദേവ സങ്കീർത്തന സോപാനം (വഞ്ചിപ്പാട്ട് മത്സരം-2026) ആഗസ്റ്റ് രണ്ടിന് രാവിലെ 10.30 നു എ.ഡി.ജി.പി പി. വിജയൻ ഉദഘാടനം ചെയ്യും.
ആഗസ്റ്റ് 23ന് സമാപിക്കും. മത്സരവിജയിക്ക് മഠത്തിൽ രഘു സമർപ്പിച്ച 52 പവൻ സ്വർണ ട്രോഫി നൽകും. പ്രസിഡൻറ് കെ.വി. സാംബദേവൻ, വൈസ് പ്രസിഡൻറ് കെ.എസ്. സുരേഷ്, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ജോ. സെക്രട്ടറി അജയ് ഗോപിനാഥ്, ഫുഡ് കമ്മിറ്റി കൺവീനർ ബി. കൃഷ്ണകുമാർ, പബ്ലിസിറ്റി കൺവീനർ വിജയകുമാർ ചുങ്കത്തിൽ, റെസ്ക്യൂ കൺവീനർ ശശികുമാർ കുറുപ്പ് എന്നിവർ വാർത്തസമ്മേളനത്തിൽ ക്രമീകരണങ്ങൾ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

