'പുഴു പൊരിച്ചത്, പുൽച്ചാടി തന്തൂരി, പ്രാണി പിസ്സ'; അതിവിചിത്രമായ ഭക്ഷണങ്ങളുമായി കൃഷിമേള
text_fieldsധാര്‍വാഡ് യൂനിവേഴ്സിറ്റി കാമ്പസിലെ
അഗ്രികൾചറൽ സയൻസ് വിഭാഗം സംഘടിപ്പിച്ച പ്രാണിമേളയിൽനിന്ന്
ബംഗളൂരു: പട്ടുനൂൽ പുഴു പൊരിച്ചത്, പുൽച്ചാടി തന്തൂരി, പ്രാണി പിസ്സ, പുൽച്ചാടി 65, പട്ടുനൂൽ പുഴു സൂപ്പ് തുടങ്ങി അതിവിചിത്രമായ ഭക്ഷണങ്ങൾ നിരത്തിയ കൃഷിമേള സംഘടിപ്പിച്ച് ധാര്‍വാഡ് യൂനിവേഴ്സിറ്റി കാമ്പസിലെ അഗ്രികൾചറൽ സയൻസ് വിഭാഗം. 13 വിഭാഗം പ്രാണികളെ കൊണ്ടാണ് സ്വാദിഷ്ടമായ വിഭവങ്ങൾ തയാറാക്കിയിരിക്കുന്നത്. വിവിധതരം പുൽച്ചാടികൾ ചീവീടുകൾ, വണ്ടുകൾ, വിവിധതരത്തിലുള്ള നിശാശലഭങ്ങൾ, പട്ടുനൂൽപ്പുഴുവിന്റെ പ്യൂപ്പ, യൂറോപ്യൻ തേനീച്ച തുടങ്ങിയവയാണ് വ്യത്യസ്തതരത്തിലുള്ള ഭക്ഷണങ്ങളായി പ്രദർശനത്തിലെത്തിച്ചിരിക്കുന്നത്.
മറ്റുള്ള ഭക്ഷണങ്ങളെ അപേക്ഷിച്ച് പ്രാണികൾ വളരെയധികം പ്രോട്ടീൻ ഉള്ളതും തയാറാക്കാൻ എളുപ്പമുള്ളതും ആണ് എന്നാണ് പ്രാണി ശാസ്ത്രജ്ഞരുടെ അഭിപ്രായം. കിഴക്കേഷ്യൻ രാജ്യങ്ങളിലെ ജനങ്ങളുടെ പ്രിയ ഭക്ഷണമാണ് ഇവയെങ്കിലും ഇന്ത്യയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമാണ് ഇത്തരത്തിലുള്ള ഭക്ഷ്യവിഭവങ്ങൾ ഉപയോഗിക്കുന്നത്. ‘പ്രാണികളുടെ വിസ്മയ ലോകം’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച എക്സിബിഷൻ നാലുദിന കൃഷിമേളയിൽ പ്രത്യേക ആകർഷണമായി.
ആദ്യദിനത്തിൽതന്നെ രണ്ട് ലക്ഷത്തിലധികം ആളുകൾ മേള സന്ദർശിച്ചുവെന്ന് സംഘാടകർ പറഞ്ഞു. പ്രാണികൾ തീൻമേശയിൽ ഇടംപിടിക്കുന്ന ഈ ഭക്ഷണ സംസ്കാരം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ദക്ഷിണേന്ത്യവരെ വ്യാപിക്കുന്നുവെന്ന് എന്റോമോളജി വിഭാഗം തലവൻ ഗണപതി ഹെഡ്ഗെ പറഞ്ഞു. സാധാരണ സസ്യ- സസ്യേതര ഭക്ഷണങ്ങളിൽനിന്ന് ആറ് മുതൽ 30 ശതമാനം വരെ പ്രോട്ടീനാണ് നമുക്ക് ലഭിക്കുന്നത് എന്നാൽ, പ്രാണികളിൽനിന്ന് 50 മുതൽ 60 ശതമാനം വരെ പ്രോട്ടീൻ ലഭിക്കും.
പ്രാണി ലോകത്തെക്കുറിച്ചുള്ള വ്യത്യസ്തമായ അറിവുകളും അവയുടെ പ്രത്യുൽപാദനം ജീവശാസ്ത്രം, മനുഷ്യനുമായുള്ള ബന്ധം എന്നിവ വിശദമാക്കുന്ന വിവിധതരം പ്രദർശനങ്ങളും മേളയുടെ ഭാഗമായിട്ടുണ്ട്. പ്രാണികളെ ഉപയോഗിച്ചുള്ള കലാപരമായ വസ്തുക്കളും ജീവികളെ ഭക്ഷിക്കുന്ന ചെടികളും മേളയിൽ കൗതുകമുണർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

