Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിക്കൂറിൽ 5 ടൺ ഫ്രഞ്ച് ഫ്രൈസ് ഉത്പാദിപ്പിക്കുന്ന അത്യാധുനിക ഫാക്ടറി; ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

text_fields
bookmark_border
മണിക്കൂറിൽ 5 ടൺ ഫ്രഞ്ച് ഫ്രൈസ് ഉത്പാദിപ്പിക്കുന്ന അത്യാധുനിക ഫാക്ടറി; ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
cancel

ഗാന്ധിനഗർ: ബനാസ് ഡെയറിയുടെ ഭാഗമായി അടിസ്ഥാന സൗകര്യ, ഗവേഷണ പദ്ധതികളുടെ ഉദ്ഘാടനത്തോടൊപ്പം ഗുജറാത്തിൽ അത്യാധുനിക രീതിയിൽ വികസിപ്പിച്ചെടുത്ത ഫ്രഞ്ച് ഫ്രൈസ് സംസ്കരണ ശാല പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ബനസ്കന്ത ജില്ലയിലാണ്ഫാ ക്ടറി സ്ഥിതി ചെയ്യുന്നത്. പുതിയ നവീകരണത്തിലൂടെ ഫാക്ടറിക്ക് ഇപ്പോൾ മണിക്കൂറിൽ 5 ടൺ ഫ്രഞ്ച് ഫ്രൈസ് വരെ സംസ്കരിച്ചെടുക്കാനുള്ള ശേഷിയുണ്ട്.

ഫാക്ടറിയുടെ പ്രവർത്തനങ്ങളുടെയും ഓട്ടോമേറ്റഡ് പ്രൊഡക്ഷൻ ലൈനുകളുടെയും ചിത്രങ്ങൾ പ്രധാനമന്ത്രി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പൊതുജനങ്ങളുമായി പങ്കുവെച്ചു. "ഫാമിൽ നിന്ന് ഫാക്ടറിയിലേക്ക്, ഫാക്ടറിയിൽ നിന്ന് ഫ്രൈസിലേക്ക്. മേഡ് ഇൻ ഇന്ത്യ, ലോകത്തിന് സേവനം" എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

ഏകദേശം 51.65 കോടി രൂപ ചെലവഴിച്ചാണ് ഈ ഫ്രഞ്ച് ഫ്രൈസ് പ്ലാന്റ് വിപുലീകരിച്ചിരിക്കുന്നത്. 2026 ഏപ്രിലിൽ ആരംഭിച്ച ഈ വിപുലീകരണ പ്രവർത്തനങ്ങളിലൂടെ പ്ലാന്റിന്റെ ഉത്പാദന ശേഷി മണിക്കൂറിൽ രണ്ട് ടണ്ണിൽ നിന്ന് അഞ്ച് ടണ്ണായി ഉയർന്നു. ഈ പുതിയ പദ്ധതി ബനസ്കന്തയിലെ ഉരുളക്കിഴങ്ങ് കർഷകർക്ക് വലിയ തോതിലുള്ള അവസരങ്ങളാണ് തുറന്നുനൽകുന്നത്. മൂല്യവർദ്ധിത ഭക്ഷ്യ വിപണികളിലേക്കും സംസ്കരണ ശാലകളിലേക്കും കർഷകർക്ക് നേരിട്ട് പ്രവേശനം ലഭിക്കാൻ ഇത് സഹായകരമാകും.

2019-ലാണ് ബനാസ് ഡെയറി 'അമുൽ' ബ്രാണ്ടിന് കീഴിൽ ഫ്രഞ്ച് ഫ്രൈസ് മേഖലയിലേക്ക് കടന്നുവരുന്നത്. തുടക്കം മുതൽ തന്നെ വിത്തുവികസനം മുതൽ അന്തിമ സംസ്കരണം വരെയുള്ള സമഗ്രമായ വിതരണ ശൃംഖലയാണ് അവർ രൂപീകരിച്ചിട്ടുള്ളത്. പരീക്ഷണശാലകളിലെ സസ്യവികസനം, വിത്തുവിളകളുടെ കൃഷി, ശീതികരണ സംഭരണികൾ, കർഷകരിൽ നിന്നുള്ള നേരിട്ടുള്ള സംഭരണം, ചില്ലറ വിപണനം എന്നിവ ഉൾപ്പെടുന്ന സമ്പൂർണ്ണ ഉത്പാദന ആവാസവ്യവസ്ഥ രാജ്യത്ത് ഈ സഹകരണ സംഘം മാത്രമാണ് നടപ്പിലാക്കുന്നത്. രോഗരഹിതമായ നടീൽ വസ്തുക്കൾ നൽകാനും, കർഷകരിൽ നിന്ന് നേരിട്ട് ഉരുളക്കിഴങ്ങ് സംഭരിക്കാനും ഈ മാതൃക സഹായിക്കുന്നുണ്ട്. കൂടാതെ ഉത്പാദന പ്രക്രിയയിൽ ഉണ്ടാകുന്ന ജൈവ അവശിഷ്ടങ്ങളിൽ നിന്ന് ബയോഗ്യാസ് നിർമിക്കുകയും ബാക്കി വരുന്ന അവശിഷ്ടങ്ങൾ കാർഷിക ഭൂമിയിലേക്ക് തന്നെ തിരികെ നൽകുകയും ചെയ്യുന്ന സർക്കുലർ പ്രൊസസിങ് മാതൃകയാണ് ഇവിടെ പിന്തുടരുന്നത്.

കഴിഞ്ഞ 25 വർഷത്തിനിടയിൽ ബനസ്കന്ത ജില്ലയിൽ വ്യവസായ ആവശ്യങ്ങൾക്കുള്ള ഉരുളക്കിഴങ്ങ് കൃഷി വൻതോതിൽ വളർച്ച പ്രാപിച്ചിട്ടുണ്ട്. കൃഷിസ്ഥലത്തിന്റെ വിസ്തൃതി വെറും 400 ഹെക്ടറിൽ നിന്ന് 61,000 ഹെക്ടറിലധികമായി ഉയർന്നു. 2024-25 കാലയളവിൽ ജില്ലയിൽ ഏകദേശം 1.87 ദശലക്ഷം ടൺ ഉരുളക്കിഴങ്കാണ് ഉത്പാദിപ്പിച്ചത്. ഹെക്ടറിന് ഏകദേശം 30 ടൺ ഉത്പാദനക്ഷമതയാണ് ഇവിടെ കണക്കാക്കുന്നത്.

2025-26 കാലയളവിൽ രാജ്യം ഏകദേശം 2,744.50 കോടി രൂപ വിലമതിക്കുന്ന 2.77 ലക്ഷം ടൺ മൂല്യവർദ്ധിത ഉരുളക്കിഴങ്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ട്. വർദ്ധിച്ച ഉത്പാദന ശേഷിയോടുകൂടിയ ഈ പുതിയ പ്ലാന്റ് മേഖലയിലെ സംസ്കരണ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുക മാത്രമല്ല, കർഷകർക്ക് മികച്ച വിപണി സാധ്യതകൾ തുറന്നുകൊടുക്കാനും ആഗോള തലത്തിൽ ഇന്ത്യയുടെ സാന്നിധ്യം കൂടുതൽ ദൃഢമാക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - factory producing 5 tonnes of French fries per hour
Next Story