ചായ, കടി... ബത്തേരിയിലും കൽപറ്റയിലും തീവില തന്നെ
text_fieldsസുൽത്താൻ ബത്തേരി: മാനന്തവാടിയിൽ ചായക്കും കടിക്കും 12 രൂപയെന്ന വില ഏകീകരണം വന്നു. എന്നാൽ സുൽത്താൻ ബത്തേരിയിലും കൽപറ്റയിലും ഹോട്ടലുകളിലും ബേക്കറികളിലും ചായക്കും ചെറുകടികൾക്കും തീവില തന്നെ. നേരത്തേ പാചകവാതക വിലയിലുള്ള പ്രതിസന്ധി പറഞ്ഞാണ് മൂന്നും നാലും രൂപയുമൊക്ക ചായക്കും കടികൾക്കും വർധിപ്പിച്ചത്.
എന്നാൽ പ്രതിസന്ധിക്ക് മാറ്റം വന്നുവെങ്കിലും കൂട്ടിയ വിലയിൽ യാതൊരു മാറ്റവുമില്ല. കൽപറ്റയിലും ബത്തേരിയിലും 15 രൂപക്കും അതിനു മുകളിലും ചായക്ക് വില ഈടാക്കുന്നവരുണ്ട്. വിലവിവര ബോർഡ് ചിലയിടത്ത് മാത്രമാണുള്ളത്. അതിനാൽ വില നോക്കി കടയിൽ കയറാമെന്ന് വെച്ചാൽ സാധിക്കില്ല.
സുൽത്താൻ ബത്തേരി നഗരത്തിൽ ഇന്ത്യൻ കോഫി ഹൗസിൽ ചായക്കും സാധാരണ എണ്ണക്കടികൾക്കും 13 രൂപ തന്നെയാണ്. ജി.എസ്.ടി ഉൾപ്പെടെ 14, 15 എന്നിങ്ങനെ ബില്ല് വരും. അതേസമയം, ചുങ്കത്ത് മറ്റ് ഹോട്ടലുകളിൽ 15 രൂപ കൊടുക്കണം. കോട്ടക്കുന്നിലെ തട്ടുകടയിൽ 13 രൂപയാണ് ചായക്കും എണ്ണകടികൾക്കും. നഗരസഭ ഓഫിസ് കോമ്പൗണ്ടിനുള്ളിലെ കുടുംബശ്രീ കഫ്റ്റീരിയൽ 12 രൂപ തോതിലാണ് ഈടാക്കുന്നത്. തുടക്കത്തിൽ ഇവിടെ 10 രൂപയായിരുന്നു.
നഗരസഭ മുൻകൈയെടുത്താണ് മാനന്തവാടിയിൽ വില ഏകീകരണം നടപ്പാക്കിയത്. അത്തരത്തിലുള്ള ശ്രമംപോലും കൽപറ്റയിലും ബത്തേരിയിലും ഉണ്ടായിട്ടില്ല. കൽപറ്റയിൽ 15 രൂപ വരെ ചായക്ക് ഈടാക്കുന്നുണ്ട്. പൊടിച്ചായക്കാകട്ടെ രണ്ടോ മൂന്നോ രൂപ കൂടുതൽ നൽകുകയും വേണം. ഊണിന് 20 രൂപ വരെയാണ് വില വർധിപ്പിച്ചത്. മീനങ്ങാടിയിൽ മിക്കയിടത്തും ചായക്കും കടിക്കും 15 രൂപയാണ്. പഴയ ത്രിവേണി തീയറ്റർ കവലയിലെ തട്ടുകടയിൽ ഇപ്പോഴും12 രൂപ വീതമാണ് ഈടാക്കുന്നത്. കേണിച്ചിറയിൽ ട്രാഫിക് ജങ്ഷനിലെ മീൻ കടക്ക് എതിർവശത്തുള്ള ബേക്കറിയിൽ ചായക്കും കടിക്കും 12 രൂപയാണ്. എല്ലായിടത്തും ഈ തുകയല്ല. ഈ രീതിയിൽ താലൂക്കിന്റെ ഏതൊരു ഭാഗത്ത് പോയാലും വിലയിൽ ഏകീകരണമില്ലെന്ന് കാണാം.
വില രേഖപ്പെടുത്തിയ ബോർഡുകൾ കടകൾക്കു മുമ്പിൽ സ്ഥാപിക്കപ്പെട്ടാൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും. ഇക്കാര്യത്തിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ ഉറക്കത്തിലാണെന്ന ആക്ഷേപം ശക്തമാണ്. പാചകവാതക വിലവർധനവിന്റെ പേരിലാണ് ചായക്കും എണ്ണകടികൾക്കും ഊൺ ഉൾപ്പെടെയുള്ള വിഭവങ്ങൾക്കും വില കൂട്ടിയത്.
പാചകവാത വിലയും ലഭ്യതയും ഇപ്പോൾ ഏറെക്കുറെ പഴയ പോലെയായിട്ടുണ്ട്. എന്നാൽ, വില കുറക്കാൻ എല്ലാവരും മടിക്കുകയാണ്. മാനന്തവാടിയിലെ വില ഏകീകരണത്തിനെതിരെ ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ രംഗത്തുവന്നിട്ടുണ്ട്. ഹോട്ടൽ ഉടമകൾക്ക് നഷ്ടംവരാത്ത രൂപത്തിലും ഉപഭോക്താക്കളുടെ കീശകീറാത്ത രൂപത്തിലും വിലയിൽ മാറ്റംവരുത്തണമെന്ന ആവശ്യം വ്യാപകമായിട്ടുണ്ട്.
മാനന്തവാടിയില്‍ ഇനി ചായക്കും ചെറുകടികൾക്കും 12 രൂപ; നഗരസഭ വില ഏകീകരിച്ചു
മാനന്തവാടി: നഗരത്തിലെ ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, ബേക്കറികൾ, ചായകടകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ചായക്കും ചെറുകടികൾക്കും 12 രൂപ ഈടാക്കാൻ തീരുമാനം. വില ഏകീകരണം ബുധനാഴ്ച മുതൽ നടപ്പിൽവന്നു.
നഗരസഭ ആരോഗ്യ വകുപ്പിന് ലഭിച്ച വ്യാപക പരാതികളെ തുടർന്നും ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടുകയും ചെയ്ത സാഹചര്യത്തില്‍ നഗരസഭ വിളിച്ചുചേര്‍ത്ത ഹോട്ടൽ, റസ്റ്റാറന്റ് ഉടമകൾ, വഴിയോര തട്ടുകട കച്ചവടക്കാർ, ബേക്കറി ഉടമകൾ എന്നിവരുടെ സംയുക്ത അടിയന്തര യോഗത്തിലാണ് തീരുമാനം.
സ്ഥാപനങ്ങളിൽ ശുദ്ധജലം ഉപയോഗിക്കാനും വലിയ സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾക്ക് കാണാൻ കഴിയുന്ന വിധത്തിൽ അടുക്കളയിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും ശുചിത്വം പൂർണമായി പാലിക്കാനും തീരുമാനിച്ചു.
പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടുന്ന സ്ഥാപനങ്ങൾക്ക് ആദ്യഘട്ടത്തിൽ പിഴ ചുമത്തുകയും വീണ്ടും പിടികൂടിയാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഹോട്ടൽ മേഖല അടച്ച് പൂട്ടൽ ഭീഷണിയിലാണെന്നും വില ഏകീകരണം നഗരസഭയുടെ ആവശ്യപ്രകാരം താത്കാലികമായി നടപ്പാക്കുമെന്നും തീരുമാനം പുനഃപരിശോധിക്കാൻ നഗരസഭ തയാറാകണമെന്നും ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
നഗരസഭ ഡെപ്യുട്ടി ചെയർപേഴ്സൻ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, സ്ഥിരംസമിതി അധ്യക്ഷരായ ലേഖ രാജീവൻ, പി.വി. ജോർജ്, പി.വി.എസ്. മൂസ, ഷീജ ഫ്രാൻസിസ്, കൗൺസിലർമാരായ വി.യു. ജോയ്, പി.കെ. ഹംസ, സജ്ന, ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ ജില്ല സെക്രട്ടറി ബിജു മന്ന, യൂനിറ്റ് പ്രസിഡന്റ് അബ്ദുൽഗഫൂർ, വഴിയോര തട്ടുകട തൊഴിലാളി ഫെഡറേഷൻ പ്രതിനിധികളായ വി. ഷറഫുദ്ദീൻ, കേളോത്ത് നവാസ്, ക്ലീൻ സിറ്റി മാനേജർ ഇൻ ചാർജ് എസ്. ഷൈജു എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

