ഓൺലൈനിൽ വൈറലായി 'കുക്കുംബർ ഇംലി ഷോട്ടുകൾ'; പുളിയാണിവിടെ മെയ്ൻ
text_fieldsസോഷ്യൽ മീഡിയ എപ്പോഴും പുതിയതും കൗതുകകരവുമായ വിഭവങ്ങൾ ആലുകൾക്ക് പരിചയപ്പെടുത്താറുണ്ട്. പാൻ ഷോട്ടുകൾ, ജാമുൻ ഷോട്ടുകൾ തുടങ്ങി പലതരം ഹെൽത്തി ഷോട്ടുകൾ മുതൽ ഫുൽജാർ സോഡവരെ ഒരുകാലത്ത് ഇൻറർനെറ്റിൽ ട്രെന്‍റായിരുന്നു. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു രുചിക്കൂട്ടാണ്. അതാണ് കുക്കുംബർ ഇംലി ഷോട്ടുകൾ. കണ്ടന്റ് ക്രിയേറ്ററായ വംശി റെഡ്ഡി ചില്ലാകൂരി തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെ ഈ വെറൈറ്റി റെസിപ്പി പരിചയപ്പെടുത്തിയത് ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
വാഴയിലയിൽ പഴങ്ങളും പച്ചക്കറികളും വെച്ചുകൊണ്ട് വളരെ രസകരമായാണ് ഈ പാചകരീതി അദ്ദേഹം ആരംഭിക്കുന്നത്. ആദ്യം വെള്ളരിയ്ക്ക (കുക്കുംബർ) നന്നായി തൊലിചെത്തി, അത് കുത്തിനിർത്തി അതിന്റെ അകത്തെ കുരുവും പൾപ്പും നീക്കം ചെയ്ത് ഒരു ബൗളിലേക്ക് മാറ്റുന്നു. തുടർന്ന് പുളി പിഴിഞ്ഞ്, അതിലേക്ക് ആവശ്യത്തിന് മുളകുപൊടിയും ഉപ്പും ചേർക്കുന്നു. ഒപ്പം, വറുത്തുപൊടിച്ച ജീരകപ്പൊടിയും കൂടി ചേർത്ത ശേഷം കുറച്ചു വെള്ളം ഒഴിച്ച് ഗ്ലൗസ് ധരിച്ച് കൈകൊണ്ട് ഇതെല്ലാം നന്നായി കുഴച്ച് മസാലക്കൂട്ടാക്കി മാറ്റുന്നു.
തയാറാക്കി വെച്ച ഈ പുളി മസാലയിലേക്ക് നേരത്തെ മാറ്റി വെച്ച വെള്ളരിക്കയുടെ പൾപ്പും കുരുവും ചേർത്ത് ഇളക്കുന്നു. ശേഷം, മുകളിൽ പറഞ്ഞ രീതിയിൽ പൊള്ളയാക്കി വെച്ച വെള്ളരിയ്ക്കയുടെ ഉള്ളിലേക്ക് ഈ പുളി മിശ്രിതം നിറയ്ക്കുന്നു. ഇതിനുമുകളിലായി നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് വെള്ളരിയ്ക്കയുടെ വശങ്ങളിൽ മുളകുപൊടി കൂടി പുരട്ടുമ്പോൾ സംഭവം കളറായി.
ഈ അടിപൊളി കുക്കുംബർ ഇംലി ഷോട്ട് തയാറാക്കിയ ഉടൻ തന്നെ വംശി ആദ്യം താൻ രുചിച്ചു നോക്കുകയും തുടർന്ന് അത് കൂട്ടുകാർക്ക് നൽകുകയും ചെയ്യുന്നു. ഇത് കഴിച്ച ഉടൻ അവരുടെ മുഖത്തുണ്ടായ ഭാവങ്ങളും പ്രതികരണങ്ങളുമാണ് ഏറ്റവുമധികം ആകർഷിച്ചിരിക്കുന്നത്. പുളിയും എരിവും ഒരേപോലെ ഒത്തുവരുന്ന ഈ സ്നാക്ക് വീഡിയോ കണ്ടിട്ട് പലരുടെയും വായിൽ വെള്ളമൂറിക്കഴിഞ്ഞു. നിരവധി ആളുകളാണ് വിഡിയോക്ക് താഴെ അഭിപ്രായങ്ങളുമായി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

