Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightChefchevron_rightഇളവരശിയുടെ...

ഇളവരശിയുടെ രുചിക്കൂട്ടുകൾ

text_fields
bookmark_border
ഇളവരശിയുടെ രുചിക്കൂട്ടുകൾ
cancel

ആത്മവിശ്വാസവും ഉറച്ച തീരുമാനങ്ങളുംകൊണ്ട് എന്തും നേടാം എന്നു തെളിയിച്ചവർ നിരവധിയുണ്ട് നമുക്കു ചുറ്റും. അത്തരത്തിൽ പലഹാരനിർമാണത്തിൽ തുടങ്ങി ഇന്ന് ലോകമറിയുന്ന ബിസിനസ് സംരംഭകയായി മാറിയ ഡോ. ഇളവരശി പി. ജയകാന്തിന്റെ കഥയാണിത്. പതർച്ചയും തകർച്ചയും ഇറക്കവും കയറ്റവുമെല്ലാം മറികടന്ന് തകർന്നിടത്തുനിന്ന് ചാരത്തിൽനിന്നുയർന്ന ഫീനിക്സ് പക്ഷിയെപ്പോലെ വ്യവഹാരങ്ങളുടെ ലോകത്തിൽനിന്ന് വിജയത്തിന്‍റെ വീഥികളിലെത്തിയ വ്യവസായി.

രുചിക്കൂട്ടുകളുടെ കലവറ

ശക്തന്‍റെ നാട്ടിലെ വടക്കുന്നാഥന്‍റെ ഭക്തയായ കൂർക്കഞ്ചേരിയിലെ ഇളവരശിയുടെ കഥ എല്ലാവർക്കും ഒരു പ്രചോദനംതന്നെയാകും. കുട്ടിക്കാലം മുതൽ ബിസിനസ് രക്തത്തിൽ അലിഞ്ഞുചേർന്നതിനാൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്‍റെ രുചിക്കൂട്ടുകൾ ആളുകളിലേക്കെത്തിക്കാൻ തൃശൂരിലെ അശ്വതിഹോട്ട് ചിപ്സ് എന്ന സ്ഥാപനം തുടങ്ങി. അവിടംമുതൽ വിദേശങ്ങളിലേക്കുപോലും ഇന്ന് ചെന്നെത്തിനിൽക്കുന്ന, പലഹാരനിർമാണത്തിൽ പകരംവെക്കാനില്ലാത്തവളായി മാറിയിരിക്കുന്നു തമിഴ്നാട്ടിലെ ഉസലംപെട്ടിയിൽ ജനിച്ച ഈ പെൺകരുത്ത്.

ഒരു കുടുംബമെന്നപോലെ 73 ജീവനക്കാരുടെ അമ്മയായും സഹോദരിയായും നേതാവായും അവരുടെ കരുത്തും മാർഗദർശിയുമാവുകയാണ് ഇളവരശി. പെരിയകറുപ്പതേവരുടെയും പാപ്പാത്തിയുടെയും ഏഴാമത്തെ കുട്ടിയായാണ് ജനനം. ഓർമവെച്ചനാൾ മുതൽ തൃശൂരിന്‍റെ പുത്രിയായി. നീണ്ട 42 വർഷത്തിനിടയിലും പലഹാരനിർമാണമെന്ന ഒറ്റ മേഖലയിൽ ഉറച്ചുനിൽക്കുന്നു ഇവർ.

വറപലഹാരങ്ങളുമായി

വറപലഹാരങ്ങൾ നിർമിച്ച് വീടുകളിലും കടകളിലും വിറ്റുനടന്നിരുന്ന അച്ഛന്‍റെയും അമ്മയുടെയും മകൾ അതുതന്നെയാണ് തന്‍റെയും ജീവിത മാർഗമായി സ്വീകരിച്ചത്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ കഴിഞ്ഞു വരുന്ന വൈകുന്നേരങ്ങളിൽ പൊക്കുവട, മിക്സ്ചർ എന്നിവയുടെ ബാക്കിവന്നിരുന്ന എരിവുള്ള പൊടികൾ ചെറുപൊതികളാക്കി തൊട്ടടുത്ത ചാരായഷാപ്പിനടുത്തുനിന്ന് ഒരു രൂപക്ക് വിറ്റുതുടങ്ങിയതാണ്. അഞ്ചാം ക്ലാസുകഴിഞ്ഞപ്പോൾ പഠിക്കാനാഗ്രഹമുണ്ടായിട്ടും പഠനം ഉപേക്ഷിക്കേണ്ടിവന്നു. രണ്ടുവർഷം വീട്ടുപണികളും അടുക്കളയുമായി ചെലവഴിച്ചെങ്കിലും രുചികളുടെ ലോകം എന്താണെന്ന് അറിഞ്ഞുതുടങ്ങിയത് അന്നായിരുന്നു.

അതിഥികൾ വീട്ടിലെത്തിയാൽ പാചകത്തിന്‍റെ ചുക്കാൻ പിടിക്കുന്നത് കുഞ്ഞിളവരശിയായിരുന്നു. പഠിക്കാനുള്ള ആഗ്രഹവും അയൽപക്കത്തെ വയോധികയായ ആന്‍റിയുടെ സഹായവും ഉപവാസമിരിക്കലുംകൂടിയായപ്പോൾ മൂത്ത സഹോദരന്റെ സഹായത്താൽ പഠനം തുടർന്നു. ആദ്യം തോൽവി രുചിച്ചെങ്കിലും ദൃഢനിശ്ചയത്തിന് മുന്നിൽ രണ്ടാം തവണ എസ്.എസ്.എൽ.സിയെന്ന കടമ്പ കടന്നു. തുടർന്ന് കാൽഡിയൻ കോളജിലെ പ്രീഡിഗ്രി പഠനം. പരീക്ഷദിനമടുത്തപ്പോൾ എന്തിനും ധൈര്യമായിരുന്ന അച്ഛന്‍റെ മരിച്ചു. പിന്നീട് ഓപൺ യൂനിവേഴ്സിറ്റി വഴി എഴുതിയെടുത്തു. ഇപ്പോഴും വിദ്യാർഥിയായിരിക്കുന്നു, ഡിഗ്രി രണ്ടാം വർഷം പഠനത്തോടുള്ള തന്റെ ആഗ്രഹത്തെ പിന്തുടരുകയാണവർ.

അശ്വതി നാളുകാരൻ

കൃത്യമായി പറഞ്ഞാൽ വിവാഹശേഷമാണ് അതുവരെ സഹോദരന്മാരുടെ കടയിൽനിന്ന് പലഹാരങ്ങൾ വീടുകളിലും മറ്റുകടകളിലുമായി വിറ്റ് ജീവിച്ചിരുന്ന ദമ്പതികൾക്ക് സ്വന്തമായി ബിസിനസ് വേണമെന്ന തോന്നലുദിച്ചത്. അതിനുള്ള ശ്രമത്തിലായിരുന്നു പിന്നീടങ്ങോട്ട്. ആദ്യമാദ്യം ചെറുകടകളിലേക്കായിരുന്നു വറപലഹാരങ്ങൾ എത്തിച്ചിരുന്നത്. സ്വാദിന്‍റെയും കൈപ്പുണ്യത്തിെൻറയും പെരുമ പതുക്കപ്പതുക്കെ സൂപ്പർമാർക്കറ്റുകളിലേക്കും പടർന്നു.

ബിസിനസിൽ പേരില്ലാത്തൊരു വിഭവമാവുമോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് അശ്വതിനാളുകാരനായി ഹൃദുലിന്‍റെ ജനനം. പിന്നെ രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല, മകന്‍റെ നാളായ അശ്വതിതന്നെയായി ബ്രാൻഡ് നെയിം- അശ്വതി ഹോട്ട് ചിപ്സ്. ആഗ്രഹങ്ങൾ കൈമുതലായ ആത്മവിശ്വാസംകൊണ്ട് നേടിയെടുത്ത നാളുകളിൽ സ്വന്തമായി വാഹനം, വീട്, സ്ഥലം എന്നിവയെല്ലാം സ്വന്തമാക്കി. പക്ഷേ, ആത്മവിശ്വാസം അമിതമായോ എന്ന് സ്വയം തോന്നിയ സമയവും അധികം വൈകാതെ എത്തി.

തുടർച്ചയായ മോഷണങ്ങൾ

സ്വന്തമായി ഒരു സൂപ്പർമാർക്കറ്റ് എന്നതായിരുന്നു അടുത്ത ആശയം. പലഹാരനിർമാണ യൂനിറ്റോടുകൂടിയ സൂപ്പർമാർക്കറ്റ്, അതായിരുന്നു ലക്ഷ്യം. എന്നാൽ, തുടർച്ചയായി ഉണ്ടായ മോഷണങ്ങൾ സ്ഥാപനത്തെ തളർത്തി. ചാക്കുകണക്കിന് ചിപ്സുകളും വിതരണത്തിന് തയാറാക്കിയ ലോഡുകയറ്റിയ വാഹനവും ആഭരണങ്ങളും നഷ്ടപ്പെട്ടു. പൊലീസിൽ പരാതിപ്പെട്ടെങ്കിലും ഇന്നുവരെ മോഷ്ടാക്കളെ കിട്ടിയിട്ടില്ല. തൃശൂരിലെ നെടുപുഴ പൊലീസ് സ്റ്റേഷനിൽ എട്ടു മോഷണക്കേസുകൾ ഇപ്പോഴുമുണ്ട്. സ്വന്തം തൊഴിലാളികളെ അത്രമേൽ വിശ്വസിച്ചിരുന്ന അവർക്ക് സംശയിക്കാനായി ആരുമില്ലായിരുന്നു.

ചിന്തകളും നഷ്ടങ്ങളും ആരോഗ്യത്തെയും ബാധിച്ചു, കിടപ്പിലായി. ആശുപത്രിയിൽ കിടക്കുമ്പോൾ സൂപ്പർമാർക്കറ്റിന്‍റെ മാത്രം നഷ്ടം ഒരുകോടി 40 ലക്ഷം. വട്ടിപ്പലിശക്കാർക്ക് നൽകാനുള്ള തുക വേറെ. വീടും സ്ഥലങ്ങളും പണയപ്പെടുത്തി അമിത ആത്മവിശ്വാസത്തിൽ ആരംഭിച്ച സംരംഭം ജീവിതത്തെ കീഴ്മേൽ മറിച്ചു. ദുരിതപർവത്തിന്‍റെ എട്ടുമാസക്കാലം. ചുറ്റും വട്ടിപ്പലിശക്കാരുടെയും ഡിസ്ട്രിബ്യൂട്ടർമാരുടെയും എന്തിനേറെ സ്വന്തം ബന്ധുക്കളുടെ വരെ കുത്തുവാക്കുകൾ മാത്രം. വാഴ്ചയിൽ കൂടെയുണ്ടായിരുന്നവരാരും വീഴ്ചയിൽ ഒപ്പമുണ്ടായില്ലെന്ന് ഇളവരശി പറയുന്നു. സ്വന്തം സഹോദരന്‍റെ മകന്‍റെ വിവാഹംപോലും വിളിച്ചില്ല. 55ഓളം ജീവനക്കാരുണ്ടായിരുന്ന സ്ഥാപനം നഷ്ടത്തിൽ പൂട്ടേണ്ടിവന്നു.

'തമിഴ്നാട്ടുകാരിയാണ്, നാടുവിടും'

തമിഴ്നാട്ടുകാരിയാണ് നാടുവിടുമെന്ന കരക്കമ്പി പരന്നതോടെ പലിശക്കാർ കൈയിൽ കിട്ടിയ സാധനങ്ങളെല്ലാം എടുത്തുകൊണ്ടുപോയി. നിർമാണയൂനിറ്റിലെ ലക്ഷങ്ങൾ വിലയുള്ള വലിയപാത്രങ്ങളും ഗ്യാസ് അടുപ്പുകളും വരെ നഷ്ടപ്പെട്ടു. കുട്ടികളുടെയും ഭർത്താവിന്‍റെയും മുന്നിൽ വെച്ചുള്ള അവഹേളനങ്ങൾ കുട്ടികളുടെ മാനസികനിലയെത്തന്നെ ബാധിക്കുമെന്ന് തോന്നിയപ്പോൾ വീണ്ടും ഒരു ഉന്തുവണ്ടി തട്ടുകടയുമായി മണ്ണുത്തി ബൈപാസിനരികിൽ. പിന്നാലെ ബാങ്കുകാരും വട്ടിപ്പലിശക്കാരും പണം നൽകിയവരും വീട്ടിൽ മണ്ണുത്തിയിലെത്തി.

പൊളിഞ്ഞ ബിസിനസിന് ഈടുവെച്ച വീട് ജപ്തിക്ക് നോട്ടീസുമെത്തി. പൊങ്കൽദിനത്തിൽ പാലുകാച്ചൽ നടന്ന് വീട് പൊങ്കൽ ദിവസംതന്നെ ജപ്തിയെന്നത് യാദൃച്ഛികം മാത്രമായിരുന്നു. ജപ്തി ഒഴിവാക്കാൻ സ്വന്തം അക്കൗണ്ടിലെ അഞ്ചുലക്ഷം രൂപ നൽകിയ ജില്ല ബാങ്ക് മാനേജർ അശോകൻ സാറിനോടുള്ള കടപ്പാട് പിന്നീടുള്ള ജീവിതയാത്രക്ക് കരുത്തേകിയെന്ന് അവർ പറയുന്നു. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണമെന്ന ആത്മവിശ്വാസവും ലഭിച്ചു.

തിരിച്ചുവരവ്

വീണ്ടും റെയിൽവേ സ്റ്റേഷനടുത്ത് വെള്ളവും വെളിച്ചവുമില്ലാത്ത കടമുറിയിൽ കച്ചവടത്തിന് തുടക്കംകുറിച്ചു. വീഴ്ചകളിലെ അനുഭവപാഠങ്ങൾ നൽകിയ ധൈര്യം മാത്രമായിരുന്നു മുതൽക്കൂട്ട്. വായ്പകൾ പതിയെ അടഞ്ഞുതുടങ്ങി, ചെറുകിട പലിശക്കാരെ പൂർണമായി ഒഴിവാക്കാനായി. കച്ചവടം എന്നതിലുപരി ബിസിനസിനെക്കുറിച്ച് പഠിക്കാൻ പി.പി. വിജയൻ സാറിന്‍റെ ക്ലാസിൽ പങ്കെടുത്തു. അതിനുശേഷമാണ് വ്യവസായമെന്ന വലിയ ലോകത്തേക്ക് ശാസ്ത്രീയമായും സാങ്കേതികമായും പിച്ചവെച്ചതും ഇന്നു കാണുന്നവിധം വളർന്നതും. മുമ്പ് ബാങ്ക് വായ്പകൾക്കായി മുട്ടിയിട്ടും തുറക്കാത്ത വാതിലുകൾ ഇപ്പോൾ അക്കൗണ്ട് തുറക്കാൻ തന്നെ ഇങ്ങോട്ടുവന്ന് സമീപിക്കുമ്പോൾ ഒരു മധുരപ്രതികാരത്തിന്‍റെ തമിഴ്പുഞ്ചിരിയാണ് ആ മുഖത്ത്.

ഒരു ഇറക്കത്തിന് ഒരു കയറ്റമുണ്ടെന്നപോലെ ആത്മസമർപ്പണത്തിന്റെയും ആത്മവിശ്വാസത്തിന്‍റെയും കരുത്തിൽ സമൂഹത്താൽ അംഗീകരിക്കപ്പെട്ട ബിസിനസ് സംരംഭകയാണ് ഇന്ന് ഇളവരശി ജയകാന്ത്. പഠനത്തോട് ഇഷ്ടമുള്ള അവർ ഇന്ന് സ്വന്തം ബിസിനസ് ജീവിതത്തെക്കുറിച്ച് വളർന്നുവരുന്ന ബിസിനസ് തലമുറക്ക് ക്ലാസെടുക്കുന്നു. കേരളത്തിന്‍റെ തനതായ ചക്കയിൽ 17 വിഭവങ്ങൾ ഉണ്ടാക്കി ലഭിച്ച കേരള സർക്കാറിന്‍റെ പുരസ്കാരത്തിൽ തുടങ്ങി അമേരിക്കയിലെ ഇന്‍റർനാഷനൽ പീസ് ഫൗണ്ടേഷന്‍റെ പുരസ്കാരം, ഇന്ത്യയിലെ മികച്ച ബിസിനസ് സംരംഭക, കർമശ്രേഷഠ, കർമരത്ന തുടങ്ങി ബ്രിട്ടനിലെ കിങ്സ് യൂനിവേഴ്സിറ്റിയുടെ ഒാണററി ഡോക്ടറേറ്റിൽ വരെ എത്തിനിൽക്കുന്നു ഇളവരശിയുടെ യാത്ര. ബിസിനസിൽ ഒന്നും കണ്ണുമടച്ച് വിശ്വസിക്കരുതെന്നതാണ് താൻ പഠിച്ച വലിയപാഠമെന്നും പ്രശ്നങ്ങളെ അതിനുള്ളിൽനിന്നുകൊണ്ടുതന്നെ പൊരുതി ജയിക്കുകയാണ് വേണ്ടതെന്നും പറയുകയാണ് ഇളവരശി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ മേധാവി ഡോ. ഇളവരശി പി. ജയകാന്ത്.

തൃശൂർ നഗരത്തിൽ മാത്രം അശ്വതിഹോട്ട് ചിപ്സിന്‍റെ അഞ്ച് ഔട്ട്ലെറ്റുകളുണ്ട് ഇന്ന്. കൂടാതെ കാനഡ, ഖത്തർ, യു.എസ്.എ, സിംഗപ്പൂർ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് വിഭവങ്ങൾ കയറ്റിയയക്കുന്നു. തികച്ചും ഹോംമെയ്ഡ് എന്ന ബ്രാൻഡുമാത്രമല്ല വീട്ടിൽ ഉണ്ടാക്കുന്ന അതേ രുചിക്കായി ഒരു വിട്ടുവീഴ്ചക്കും തയാറല്ല ഇളവരശി. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും രാഹുൽ ഗാന്ധിയുമെല്ലാം അശ്വതി ഹോട്ട് ചിപ്സിന്‍റെ കായവറുത്തതിന്‍റെയും അച്ചാറിന്‍റെയും ശർക്കര ഉപ്പേരിയുടെയും ആരാധകരാണ്.

Show Full Article
TAGS:FOOD SELLING women empowerment 
News Summary - Food Tasty of eleverassi
Next Story