Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightപാൽ നിർമിക്കാൻ...

പാൽ നിർമിക്കാൻ ഉപയോഗിക്കുന്നത് കോസ്റ്റിക് സോഡയും ഷാംപൂവും; പിന്നിൽ വൻ റാക്കറ്റ്! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

text_fields
bookmark_border
food
cancel

മുംബൈ: ഇന്ത്യയിലെ ജനങ്ങളുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പാൽ. ചായ, കാപ്പി മുതൽ തൈര്, പനീർ, പലതരം വിഭവങ്ങൾ തയാറാക്കാൻ പാൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതിലെ മായവുമായി ബന്ധപ്പെട്ട ആശങ്കകൾ വീണ്ടും ശക്തമാവുകയാണ്. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) കമ്മീഷണർ തുക്കാറാം മുന്ധെ 'ഫുഡ് ഫാർമർ' പോഡ്കാസ്റ്റിൽ നടത്തിയ നിർണ്ണായക വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വലിയ ചർച്ചക്ക് വഴിവെച്ചിരിക്കുന്നത്. കൃത്രിമമായി പാൽ നിർമിക്കുന്ന വൻ റാക്കറ്റിന്റെ പ്രവർത്തനരീതികളെക്കുറിച്ചും അതിൽ ഉപയോഗിക്കുന്ന അപകടകരമായ വസ്തുക്കളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

വിലകുറഞ്ഞ ചേരുവകളും രാസവസ്തുക്കളും ഉപയോഗിച്ച് സമാന്തര ഉൽപ്പാദന ലൈനുകളിലൂടെയാണ് ഈ സിന്തറ്റിക് പാൽ നിർമിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി തുക്കാറാം മുന്ധെ വെളിപ്പെടുത്തി. പാൽ കൃത്രിമമായി ഉണ്ടാക്കാൻ സ്കിംഡ് മിൽക്ക് പൗഡർ, വിവിധ രാസവസ്തുക്കൾ, ചേരുവകൾ പരസ്പരം ഒട്ടിച്ചേരാൻ സഹായിക്കുന്ന ഇമൽസിഫയറുകൾ, കോസ്റ്റിക് സോഡ, ഒടുവിൽ ഷാംപൂ വരെയാണ് ചില മാഫിയകൾ ഉപയോഗിക്കുന്നത്. യഥാർത്ഥ പാലിന് സമാനമായ നിറവും രൂപവും നൽകാനാണ് ഇവയെല്ലാം ചേർക്കുന്നത്. യഥാർത്ഥ പാലിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിൽ ഇത്തരം സിന്തറ്റിക് പാൽ നിർമിക്കാൻ സാധിക്കുന്നതിനാൽ തട്ടിപ്പുകാരെ സംബന്ധിച്ച് ഇത് വലിയ ലാഭമുണ്ടാക്കുന്ന ഒരു ബിസിനസായി മാറുന്നു.

പശുവിൻ പാലിന് സമാനമായ സിന്തറ്റിക് പാൽ ഒരു ലിറ്ററിന് ഏകദേശം 15 രൂപ ചിലവിൽ നിർമിക്കുമ്പോൾ എരുമപ്പാലിന് സമാനമായവക്ക് ഏകദേശം 30 രൂപയാണ് ചിലവ് വരുന്നത്. എന്നാൽ വിപണിയിൽ യഥാർത്ഥ പശുവിൻ പാൽ ലിറ്ററിന് 40 മുതൽ 50 രൂപ വരെ വിലക്കാണ് വിൽക്കുന്നത്. കുറഞ്ഞ ചിലവിൽ കൃത്രിമ പാൽ നിർമിച്ച് യഥാർത്ഥ പാലിൽ ചേർത്ത് വിൽക്കുന്നതിലൂടെ വൻതോതിലുള്ള സാമ്പത്തിക നേട്ടമാണ് കുറ്റവാളികൾ സ്വന്തമാക്കുന്നത്. ഈ നിയമവിരുദ്ധവും തികഞ്ഞ മനുഷ്യത്വരഹിതവുമായ പ്രവൃത്തിയെ കമ്മീഷണർ ശക്തമായ ഭാഷയിൽ അപലപിച്ചു.

മഹാരാഷ്ട്രയിൽ എഫ്.ഡി.എ കമ്മീഷണറായി ചുമതലയേറ്റ മെയ് 25 മുതൽ സംസ്ഥാനത്തുടനീളം കർശന പരിശോധനകളാണ് വകുപ്പ് നടത്തിവരുന്നത്. ഇതുവരെ 1,131 പരിശോധനകൾ നടത്തുകയും 49.57 കോടി രൂപ വിലമതിക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ ഏകദേശം 1.6 ലക്ഷം ലിറ്റർ മായം കലർന്ന പാലും അധികൃതർ കണ്ടുകെട്ടിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദിവസവും 20-ലധികം പരിശോധനകളാണ് എഫ്.ഡി.എ സംഘം നടത്തിക്കൊണ്ടിരിക്കുന്നത്.

പാൽ ഉൽപ്പാദന ശൃംഖലയിലെ വിവിധ ഘട്ടങ്ങളിൽ മായം കലർത്തൽ നടക്കുന്നുണ്ടെന്നാണ് തുക്കാറാം മുന്ധെ ചൂണ്ടിക്കാണിക്കുന്നത്. ഫാം തലത്തിലും പാൽ ശേഖരണ കേന്ദ്രങ്ങളിലും ചിലിങ് സെന്ററുകളിലും മായം ചേർക്കപ്പെടാൻ സാധ്യതയുണ്ട്. ഡയറികളിൽ എത്തുന്നതിന് മുൻപ് തന്നെ ഇത്തരം തിരിമറികൾ നടക്കുന്നത് കൃത്യമായ ഉറവിടം കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുന്നു. ഇതിന് ശാശ്വത പരിഹാരം കാണാൻ ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ പ്രശ്നത്തിന് ഏറ്റവും ഫലപ്രദമായ പരിഹാരം പാലിന്‍റെ ട്രാസബിലിറ്റി (ഉറവിടം കണ്ടെത്തൽ) ഉറപ്പാക്കുകയാണെന്ന് മുന്ധെ അഭിപ്രായപ്പെടുന്നു. പാൽ ശേഖരണ കേന്ദ്രങ്ങളിൽ ഏത് കർഷകനാണ് പാൽ നൽകിയത്, എത്ര പശുക്കളും എരുമകളുമുണ്ട്, ശേഖരിച്ച പാലിന്റെ അളവ് എത്രയാണ് തുടങ്ങിയ വിവരങ്ങൾ നിലവിലെ ചട്ടപ്രകാരം രേഖപ്പെടുത്താറുണ്ട്. ഈ രേഖകൾ കൂടുതൽ കർശനമാക്കുന്നത് മായം കലർന്ന പാൽ ശൃംഖലയിലേക്ക് പ്രവേശിക്കുന്നത് തടയും. ഇതിനകം തന്നെ മഹാരാഷ്ട്രയിൽ ഇത്തരം കർശനമായ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അവ മികച്ച ഫലങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ നാഷണൽ ഡിജിറ്റൽ ലൈവ്‌സ്റ്റോക്ക് മിഷൻ വഴി മൃഗങ്ങൾക്ക് ഡിജിറ്റൽ ടാഗുകൾ നൽകുന്നതും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഉൽപ്പാദനക്കണക്കുകൾ കൃത്യമായി പരിശോധിക്കുന്നതും ഇത്തരം തട്ടിപ്പുകൾ തടയാൻ സഹായിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food SafetymilkFoodssynthetic milkFDA
News Summary - caustic soda and shampoo are used to make synthetic milk
Next Story