കാലിത്തീറ്റക്കുള്ള തവിട് ഉപയോഗിച്ചു; ‘പ്രിയ ഗോള്ഡ്’ ബിസ്കറ്റ് നിര്മാതാക്കളായ സൂര്യ ഫുഡ്സിനെതിരെ നടപടി
text_fieldsന്യൂഡൽഹി: കാലിത്തീറ്റക്കുള്ള തവിട് ബിസ്കറ്റില് ഉപയോഗിച്ചത് ഉള്പ്പെടെയുള്ള ഗുരുതര ചട്ടലംഘനങ്ങൾക്ക് ‘പ്രിയ ഗോള്ഡ്’ ബിസ്കറ്റ് നിര്മാതാക്കളായ സൂര്യ ഫുഡ് ആന്ഡ് അഗ്രോ കമ്പനിക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) നിയമ നടപടികള് ആരംഭിച്ചു.
ഉപഭോക്താവിന്റെ പരാതിയെ തുടര്ന്ന് നടത്തിയ പരിശോധനയിലാണ് സൂര്യ ഫുഡ് ആന്ഡ് അഗ്രോയുടെ പ്ലാന്റിൽ ഗുരുതരമായ ആരോഗ്യ -ശുചിത്വ വീഴ്ചകൾ കണ്ടെത്തിയത്.
ബിസ്കറ്റില് ഫൈബര് സോഴ്സായി ഉപയോഗിക്കുന്നതിനായി കാലിത്തീറ്റക്കുള്ള തവിടാണ് കമ്പനി ഉപയോഗിച്ചിരുന്നത്. ഈ തവിട് സൂക്ഷിച്ചിരുന്ന ചാക്കുകളില് ഇത് മൃഗങ്ങള്ക്കുള്ളതാണെന്ന് വ്യക്തമാക്കുന്ന അടയാളങ്ങളും ഉണ്ടായിരുന്നു.
ഫാക്ടറിയിലെ ശുചിത്വം, കീട നിയന്ത്രണം, അസംസ്കൃത വസ്തുക്കളുടെ സംഭരണം, തൊഴിലാളികളുടെ വ്യക്തിഗത ശുചിത്വം എന്നിവയിലെല്ലാം ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് കമ്പനിയുടെ ലൈസന്സ് എഫ്.എസ്.എസ്.എ.ഐ സസ്പെന്ഡ് ചെയ്യുകയും പ്രോസിക്യൂഷന് നടപടികൾ ആരംഭിക്കുകയും ചെയ്തു.
എഫ്.എസ്.എസ്.എ.ഐ ചട്ടങ്ങള് ലംഘിച്ചതിന് സൂര്യ ഫുഡ്സിന് പുറമെ ദൊഡ്ല ഡെയറി, യു.ഇ.ഐ.ആര് ഓര്ഗാനിക് ഫുഡ്സ് എന്നീ രണ്ട് കമ്പനികള്ക്കെതിരെയും പ്രോസിക്യൂഷന് നടപടികള് തുടങ്ങിയിട്ടുണ്ട്.
ദൊഡ്ല ഡെയറിയില് നിന്നെടുത്ത ഫുള് ക്രീം പാല് സാമ്പിൾ നിലവാരമില്ലാത്തതാണെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തി. പാല് സാമ്പിളില് ഡിറ്റര്ജന്റോ കാസ്റ്റിക് സോഡയോ അടങ്ങിയിട്ടുണ്ടെന്നും നിശ്ചിത അളവിലും താഴെയാണ് കൊഴുപ്പെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. 2006 ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഇത് ഗുരുതര കുറ്റമാണ്.
കൂടാതെ, യു.ഇ.ഐ.ആര് ഓര്ഗാനിക് ഫുഡ്സ് കമ്പനി വില്പന നടത്തിയ മഞ്ഞ ഉണക്ക മുന്തിരിയില് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നും നടപടി സ്വീകരിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള് കാറ്റിൽപ്പറത്തിയ ഈ കമ്പനികള്ക്കെതിരെ കര്ശന നടപടികള് സ്വീകരിച്ചതായി എഫ്.എസ്.എസ്.എ.ഐ സമൂഹ മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

