കേക്ക് വിപണിയിൽ മധുരമേറുന്നു
text_fieldsമൂവാറ്റുപുഴ: ക്രിസ്മസ് ആഘോഷമാക്കാൻ കേക്കുകളുടെ വിപുല ശേഖരങ്ങൾ ഒരുക്കി ബേക്കറികളും സ്ഥാപനങ്ങളും. ഇക്കുറി രുചി വൈവിധ്യങ്ങളുമായാണ് കേക്ക് വിപണി ശ്രദ്ധ നേടുന്നത്. വിലയിൽ അടക്കം എല്ലാത്തരം ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്തുന്ന തരത്തിൽ പല നിറത്തിലും രുചിയിലുമുള്ള കേക്കുകൾ വിപണിയിൽ നിറഞ്ഞിട്ടുണ്ട്. ഐസ് ക്രീം കേക്കും വിപണിയിൽ ഉണ്ട്.
മുൻകാലങ്ങളിൽ തരംഗമായിരുന്ന ബ്ലാക്ക് ഫോറസ്റ്റ്, റെഡ് വെൽവെറ്റ് തുടങ്ങിയ ക്രീം കേക്കുകളുടെ പ്രിയം കുറയുകയും പകരം പ്രീമിയം പ്ലം കേക്കുകൾക്കും ഗിഫ്റ്റ് ഹാംപറുകൾക്കും ആവശ്യക്കാർ ഏറുകയും ചെയ്തു. 800 ഗ്രാമിന് 2700 രൂപ വിലയുള്ള റോയൽ റിച്ച് പ്ലം ആണ് വിപണിയിലെ താരം. 300 രൂപ മുതൽ 3000 രൂപ വരെ വിലയുള്ള കേക്കുകൾ വിപണിയിലുണ്ട്. പ്രമേഹ രോഗികൾക്കായി ഷുഗർ ഫ്രീ കേക്കുകളും കൂട്ടത്തിലുണ്ട്. വിവിധ കമ്പനികളും കേക്കുകളുടെ വൻ ശേഖരവും വിപണിയിൽ എത്തിയിട്ടുണ്ട്.
മധുര വൈവിധ്യങ്ങൾ നിറച്ച ക്രിസ്മസ് ഹാംപെർ ബോക്സുകളും വിപണിയിലുണ്ട്. ഗ്രേപ്പ് അപ്പറ്റൈസർ, മെചേർഡ് പ്ലം കേക്ക്, ചങ്കി റെഡ് കുക്കീസ്, കാഷ്യു ഹണി കുക്കീസ്, ബ്ലൂ ബെറി ചോക്കോ തുടങ്ങിയവ അടങ്ങിയ ഹാംപെർ ബോക്സിന് ആവശ്യക്കാരേറെയാണ്. 1599 രൂപ മുതലാണ് വില. 400 ഗ്രാമിന് ഇരുനൂറ് രൂപ വിലയുള്ള പ്ലം കേക്കുകളും ലഭ്യമാണ്. ക്രീം കേക്കുകളെക്കാൾ ഐസിങ് കേക്കുകൾക്കും പ്ലം കേക്കുകൾക്കും ആവശ്യക്കാരേറെയുണ്ട്. ഐസിങ് കേക്ക് 800 ഗ്രാമിന് 900 രൂപവരെയാണ് വില.
മൈദ അടക്കം കേക്ക് നിർമിക്കാൻ ആവശ്യമായ സാധനങ്ങൾക്ക് വൻ വില വർധന ഉണ്ടായെങ്കിലും കേക്കിന്റെ വില വലിയ തോതിൽ വർധിപ്പിച്ചിട്ടില്ല. പല വ്യാപാരികളും ഉപ ഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് പല ഡിസൈനിൽ കേക്കുകൾ തയാറാക്കി നൽകുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
വിവിധ കേക്ക് ബ്രാൻഡുകൾ സിഗ്നേച്ചർ ഐറ്റം എന്ന നിലയിലും പ്ലം കേക്ക് വിപണിയിലിറക്കിയിട്ടുണ്ട്. കേക്ക്, ഈത്തപ്പഴം, ചോക്ലേറ്റ്, വാഴപ്പഴം, പൈനാപ്പിൾ ജങ്ക് ഫ്രൂട്ട് , കാരറ്റ് , ഗീകേക്ക് തുടങ്ങി വിവിധ രുചികളിലുള്ളതാണ് പ്ലം കേക്കുകൾ. ക്ലാസിക്ക് പ്ലം, റിച്ച് പ്ലം, ചോക്ലേറ്റ് പ്ലം, സ്പൈസ്ഡ് ആൽമണ്ട്, ഫ്രൂട്ട് ആൻഡ് നട്ട് റം, സോക്ക്ഡ് ലെമൻ പ്ലം, കാരറ്റ് പ്ലം, ബനാന പ്ലം തുടങ്ങിയവക്ക് ആവശ്യക്കാർ ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

