ലോകത്തിലെ ഏറ്റവും മികച്ച 20 ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഒരു ഇന്ത്യൻ നഗരം; ഇവിടുത്തെ പ്രധാനപ്പെട്ട എട്ട് വിഭവങ്ങളും
text_fieldsഇന്ത്യൻ ഭക്ഷണങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ സാധാരണയായി നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളാണ്. എന്നാൽ പ്രശസ്തമായ 'ടൈം ഔട്ട്' മാഗസിൻ പുറത്തുവിട്ട 2026-ലെ ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടിക ഈ ധാരണകളെ പാടെ തിരുത്തിക്കുറിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഐടി ഹബ്ബും സാങ്കേതിക നഗരവുമായ ബെംഗളൂരു (ബാംഗ്ലൂർ) ഈ ആഗോള പട്ടികയിൽ ഇടംനേടി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നു.
ലോകമെമ്പാടുമുള്ള 24,000-ത്തിലധികം ആളുകൾക്കിടയിൽ നടത്തിയ സർവേയുടെയും പ്രമുഖ ഭക്ഷണ വിദഗ്ധരുടെ പാനൽ നൽകിയ വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് ടൈം ഔട്ട് ഈ പട്ടിക തയാറാക്കിയത്. ഇതിൽ 13-ാം സ്ഥാനമാണ് ബെംഗളൂരു സ്വന്തമാക്കിയത്. നഗരത്തിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തിന് നാട്ടുകാരിൽ നിന്ന് 82 ശതമാനം റേറ്റിങും വിദഗ്ധരിൽ നിന്ന് 60 ശതമാനം സ്കോറും ബെംഗളൂരുവിന് ലഭിച്ചു. പരമ്പരാഗത ദക്ഷിണേന്ത്യൻ രുചികൾ വിളമ്പുന്ന ദർശിനികൾ മുതൽ ആധുനിക രീതിയിലുള്ള സൗർഡോ പിസ്സ ബാറുകളും ക്രാഫ്റ്റ് ബ്രൂവറികളും വരെ നിറഞ്ഞ ബെംഗളൂരുവാണ് ഈ ആഗോള പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു ഇന്ത്യൻ നഗരം. ഈ പട്ടികയിൽ പെറുവിലെ ലിമ ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ ബാങ്കോക്ക്, മെക്സിക്കോ സിറ്റി, ലണ്ടൻ എന്നിവ തൊട്ടുപിന്നാലെയുണ്ട്.
ബെംഗളൂരുവിൽ എത്തിയാൽ തീർച്ചയായും കഴിക്കേണ്ട വിഭവങ്ങൾ
ഒരു നഗരത്തിന്റെ യഥാർത്ഥ സംസ്‌കാരം അറിയണമെങ്കിൽ അവിടുത്തെ പ്രാദേശിക വിഭവങ്ങൾ തന്നെ രുചിച്ചു നോക്കണം. ബെംഗളൂരുവിൽ എത്തുന്ന ഏതൊരാളും നിർബന്ധമായും പരീക്ഷിക്കേണ്ട ചില വിഭവങ്ങൾ താഴെ പറയുന്നവയാണ്:
ബിസിബേലെ ബാത്ത് : ചോറ്, തുവരപ്പരിപ്പ്, പുളി, വിവിധതരം പച്ചക്കറികൾ എന്നിവ പ്രത്യേക മസാലകൂട്ടുകൾ ചേർത്ത് കുഴമ്പ് രൂപത്തിൽ വേവിച്ചെടുക്കുന്ന ഒരു കിടിലൻ വിഭവമാണിത്. ചൂടോടെ കഴിക്കാൻ ഏറെ ഉത്തമമായ ഇത് ഏറ്റവും ജനപ്രിയമായ ഒരു 'വൺ-പോട്ട്' ഭക്ഷണമാണ്.
ബെന്നെ മസാല ദോശ : കന്നഡയിൽ 'ബെന്നെ' എന്നാൽ വെണ്ണ എന്നാണ് അർത്ഥം. നല്ലപോലെ വെണ്ണ ചേർത്ത് മൊരിയിച്ചെടുക്കുന്ന ഈ ദോശയുടെ ഉൾഭാഗം മൃദുവും പുറംഭാഗം നല്ല മൊരിഞ്ഞതുമായിരിക്കും. ഉള്ളിൽ ഉരുളക്കിഴങ്ങ് മസാലയും വച്ച് തേങ്ങാച്ചട്ണിക്കൊപ്പം ഇത് കഴിക്കുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്.
ചൗ ചൗ ബാത്ത് : ഒരേ സമയം മധുരവും എരിവും ഒന്നിച്ച് ആസ്വദിക്കാൻ പറ്റിയ ഒരു പ്രഭാതഭക്ഷണ കോമ്പോയാണിത്. കാര ബതും (ഉപ്പുമാവ് പോലുള്ള വിഭവം) കേസരി ബതും (കേസരി മധുരം) ചേരുന്നതാണ് ഈ വിഭവം. ബെംഗളൂരുവിലെ പരമ്പരാഗത ഹോട്ടലുകളിൽ (ദർശിനികൾ) ഇത് എപ്പോഴും ലഭ്യമാണ്.
രാഗി മുദ്ദെ : കർണാടകയുടെ പരമ്പരാഗതവും ആരോഗ്യപ്രദവുമായ ഭക്ഷണങ്ങളിൽ ഒന്നാണിത്. റാഗിപ്പൊടി വെള്ളത്തിൽ വേവിച്ച് നല്ല മൃദുവായ പന്തുകളാക്കി മാറ്റിയാണ് ഇത് തയാറാക്കുന്നത്. ഇത് സാധാരണയായി നല്ല എരിവുള്ള സാമ്പാർ, ചാറ് അല്ലെങ്കിൽ ചിക്കൻ/മട്ടൻ കറികൾക്കൊപ്പമാണ് കഴിക്കാറുള്ളത്.
മദ്ദൂർ വട : ബെംഗളൂരുവിനും മൈസൂരുവിനും ഇടയിലുള്ള മദ്ദൂർ എന്ന സ്ഥലത്തുനിന്നാണ് ഈ വടയുടെ ഉത്ഭവം. അരിപ്പൊടി, റവ, സവാള, കറിവേപ്പില, മറ്റ് പൊടികൾകൾ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന നല്ല മൊരിഞ്ഞ ഈ പലഹാരം വൈകുന്നേരത്തെ ഫിൽട്ടർ കോഫിക്കൊപ്പം കഴിക്കാൻ മികച്ചതാണ്.
വാംഗി ബാത്ത് : വഴുതനങ്ങയും പ്രത്യേക മസാലകളും ചേർത്ത് തയാറാക്കുന്ന ഒരു തരം ചോറാണിത്. പുളിയും എരിവും പാകത്തിന് ചേർന്ന ഈ വിഭവം കർണാടകയിലെ വീടുകളിൽ വളരെ സാധാരണയായി ഉണ്ടാക്കാറുണ്ട്.
കോൺഗ്രസ് കട്ലേക്കായ് : നഗരത്തിലെ കോൺഗ്രസ് പാർട്ടി ഓഫീസിന് സമീപത്ത് നിന്ന് തുടക്കം കുറിച്ചതുകൊണ്ട് മാത്രമാണ് ഇതിന് ഈ പേര് ലഭിച്ചത്. വറുത്ത നിലക്കടലയിൽ സവാള, തക്കാളി, മല്ലിയില, പച്ചമുളക്, നാരങ്ങാനീര്, പ്രത്യേക മസാലകൾ എന്നിവ ചേർത്ത് തയാറാക്കുന്ന ഒരു കിടിലൻ ഈവനിങ് സ്നാക്കാണിത്.
മൈസൂർ പാക്ക് : ഇതിന്റെ ഉത്ഭവം മൈസൂരുവിലാണെങ്കിലും ബെംഗളൂരുവിന്റെ ഭക്ഷണ സംസ്‌കാരത്തിൽ നിന്നും മാറ്റിനിർത്താൻ പറ്റാത്ത ഒന്നാണ് മൈസൂർ പാക്ക്. കടലമാവ്, പഞ്ചസാര, കൂടാതെ വലിയ അളവിൽ നെയ്യും ചേർത്ത് തയാറാക്കുന്ന ഈ മധുരം നാവിലിട്ടാൽ അലിഞ്ഞുപോകുന്ന ഒന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

