എയർ ഇന്ത്യ യാത്രക്കാർക്ക് ഇനി മുതൽ പിസ്സയും; ഭക്ഷണ മെനുവിൽ പുതിയ ഇനങ്ങൾ ഉൾപ്പെടുത്തി
text_fieldsയാത്രാവേളകളിലെ വിരസതയകറ്റി ആകാശയാത്രകൾ കൂടുതൽ ആസ്വാദ്യകരമാക്കാനുള്ള തീവ്രശ്രമത്തിലാണ് എയർ ഇന്ത്യ. ഇതിന്റെ ഭാഗമായി നോർത്ത് അമേരിക്കക്കും ഇന്ത്യക്കുമിടയിലുള്ള ദീർഘദൂര സർവീസുകളിൽ എയർ ഇന്ത്യ പുതുതായി സ്റ്റോൺ-ബേക്ക്ഡ്, വുഡ്-ഫയേർഡ് പിസ്സകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
മണിക്കൂറുകളോളം നീളുന്ന വിമാനയാത്രകളിൽ നല്ലൊരു ഭക്ഷണാനുഭവം യാത്രക്കാർക്ക് നൽകുക എന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. പലപ്പോഴും വിമാനങ്ങളിലെ പരിമിതമായ സാഹചര്യങ്ങൾ കാരണം വ്യത്യസ്തമായ മെനുവുകൾ ഒരുക്കുക എയർലൈൻസിന് വലിയ വെല്ലുവിളിയാകാറുണ്ട്. പ്രത്യേകിച്ച് പിസ്സ പോലെയുള്ള വിഭവങ്ങൾ തയാറാക്കി, സൂക്ഷിച്ച്, കൃത്യമായ ചൂടിൽ യാത്രക്കാരിലേക്ക് എത്തിക്കുമ്പോൾ അതിന്റെ ക്രിസ്പിയായ ഗുണവും ചീസിന്റെ സ്വാദും നിലനിർത്തുക എന്നത് പ്രയാസകരമാണ്. ഈ സാങ്കേതിക ബുദ്ധിമുട്ടുകളെല്ലാം വിജയകരമായി മറികടന്നുകൊണ്ടാണ് ഇപ്പോൾ എയർ ഇന്ത്യ ഈ പുതിയ രുചിവിഭവം യാത്രാനുഭവത്തിന്റെ ഭാഗമാക്കിയിരിക്കുന്നത്.
നിലവിൽ അഞ്ച് പ്രധാന അന്താരാഷ്ട്ര റൂട്ടുകളിൽ മാത്രമാണ് ഈ പ്രത്യേക സേവനം ലഭ്യമാക്കിയിട്ടുള്ളത്. ന്യൂയോർക്ക്-ഡൽഹി, സാൻ ഫ്രാൻസിസ്കോ-ഡൽഹി, നെവാർക്ക്-മുംബൈ, ടൊറന്റോ-ഡൽഹി, വാൻകൂവർ-ഡൽഹി എന്നീ റൂട്ടുകളിൽ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ഇനി ഫ്ലൈറ്റിൽ പിസ്സ ആസ്വദിക്കാൻ സാധിക്കും. അന്താരാഷ്ട്ര യാത്രകളിൽ ഭക്ഷണം എന്നത് വെറുമൊരു മടുപ്പ് മാറ്റൽ മാത്രമല്ല മറിച്ച് യാത്രയെ കൂടുതൽ മനോഹരമാക്കുന്ന അനുഭവങ്ങളിൽ ഒന്നാണ്. യാത്രക്കാരുടെ താൽപ്പര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് കൂടുതൽ വൈവിധ്യങ്ങൾ കൊണ്ടുവരാനുള്ള എയർ ഇന്ത്യയുടെ ഈ നീക്കം ഇതിനോടകം തന്നെ ഭഷണ പ്രേമികളായ യാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ഈ ആദ്യഘട്ട പരീക്ഷണത്തിന്റെ വിജയവും യാത്രക്കാരുടെ പ്രതികരണങ്ങളും വിലയിരുത്തിയ ശേഷമാകും ഈ സേവനം മറ്റ് റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഉണ്ടാവുക. എങ്കിലും, ദീർഘദൂര യാത്രകളിൽ പതിവ് ഭക്ഷണരീതികളിൽ നിന്ന് മാറി പുതിയൊരു രുചി അനുഭവം ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച വാർത്തയാണ്. ആകാശയാത്രകളിലെ സൗകര്യങ്ങൾ ഓരോന്നായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന എയർ ഇന്ത്യയുടെ ഈ പുതിയ മാറ്റം വരും ദിവസങ്ങളിൽ കൂടുതൽ ജനപ്രീതി നേടുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

