Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightഅബൂദബിയിലെ...

അബൂദബിയിലെ സൂപ്പർമാർക്കറ്റുകളിൽ ‘ജങ്ക് ഫുഡ്’ പ്രദർശന വിലക്ക് ജനുവരി ഒന്നുമുതൽ

text_fields
bookmark_border
അബൂദബിയിലെ സൂപ്പർമാർക്കറ്റുകളിൽ ‘ജങ്ക് ഫുഡ്’ പ്രദർശന വിലക്ക് ജനുവരി ഒന്നുമുതൽ
cancel

അബൂദബി: എമിറേറ്റിലെ സൂപ്പർമാർക്കറ്റുകളിൽ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണപദാർഥങ്ങളും പാനീയങ്ങളും (ജങ്ക് ഫുഡ്) പ്രധാന സ്ഥലങ്ങളിൽ പരസ്യമായി പ്രദർശിപ്പിക്കുന്നതിനുള്ള വിലക്ക് ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽവരും. ’ഹെൽത്തി ലിവിങ്’ പ്രോഗ്രാമും അബൂദബി രജിസ്ട്രേഷൻ അതോറിറ്റിയും (എ.ഡി.ആർ.എ) സംയുക്തമായി നടപ്പിലാക്കുന്ന പുതിയ നയത്തിന്റെ ഭാഗമായാണ് നടപടി. കടകളുടെ പ്രവേശന കവാടങ്ങൾ, കാഷ് കൗണ്ടറുകൾ, അലമാരകളുടെ മുൻനിര ഭാഗങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഉയർന്ന കൊഴുപ്പും ഉപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ല.

ഓൺലൈൻ സൂപ്പർമാർക്കറ്റ് പ്ലാറ്റ്‌ഫോമുകൾക്കും ഈ നിയന്ത്രണം ബാധകമാണ്. വെബ്‌സൈറ്റുകളുടെ ഹോം പേജ്, സെർച്ച് റിസൾട്ടുകൾ, കാഷ് ഔട്ട് പേജുകൾ, ഓഫർ പോപ്പ്-അപ്പുകൾ എന്നിവയിൽ ഇത്തരം വസ്തുക്കൾ മുൻഗണന നൽകി കാണിക്കാൻ പാടില്ല. 4,000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണമുള്ള സൂപ്പർമാർക്കറ്റുകൾക്കാണ് ഈ നിബന്ധന ബാധകമാകുന്നത്.

എന്നാൽ, ഇവയുടെ വിൽപന പൂർണമായും നിരോധിക്കുകയോ ഉപഭോക്താക്കൾക്ക് വാങ്ങുന്നതിൽ തടസ്സം നിൽക്കുകയോ ചെയ്യുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം ഭക്ഷണ സാധനങ്ങൾ കടകളുടെ ഷെൽഫുകളിൽ ലഭ്യമായിരിക്കും. അനാവശ്യമായ തോതിലുള്ള ജങ്ക് ഫുഡ് വാങ്ങലുകൾ കുറക്കാനും ഉപഭോക്താക്കളെ കൂടുതൽ ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകളിലേക്ക് ആകർഷിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അബൂദബി പബ്ലിക് ഹെൽത്ത് സെന്ററിന്റെ 'സെഹി' വർഗീകരണ പ്രകാരമാണ് അപകടകരമായ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നിശ്ചയിക്കുന്നത്. ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷക്കുമാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് എ.ഡി.ആർ.എ ഡയറക്ടർ ജനറൽ മുഹമ്മദ് മുനീഫ് അൽ മൻസൂരി പറഞ്ഞു.

ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യം കവർന്നെടുക്കുകയല്ല, മറിച്ച് സ്വഭാവ രൂപീകരണത്തിലൂടെ മികച്ച തിരഞ്ഞെടുപ്പുകൾ നടത്താൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുകയാണ് ഈ നയത്തിന്റെ ലക്ഷ്യമെന്ന് ഹെൽത്തി ലിവിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഹമ്മദ് അൽ ഖസ്​റജി വ്യക്തമാക്കി.

ലുലു, കാരിഫോർ തുടങ്ങിയ പ്രമുഖ റീട്ടെയ്ൽ വ്യാപാരികളുമായി സഹകരിച്ചാണ് നയം രൂപീകരിച്ചിട്ടുള്ളത്. നിർബന്ധിത തിയതിക്ക് മുമ്പായിത്തന്നെ കാരിഫോർ സൂപ്പർമാർക്കറ്റുകൾ ഈ മാറ്റങ്ങൾ നടപ്പിലാക്കി കഴിഞ്ഞതായി മജീദ് അൽ ഫുത്തൈം ഹോൾഡിങ്സ് സി.ഇ.ഒ അഹമ്മദ് ഗലാൽ ഇസ്മായിൽ അറിയിച്ചു.

വിദ്യാലയങ്ങളിൽ ജങ്ക് ഫുഡുകൾ നിരോധിച്ചതും കാന്റീനുകളിൽ ആരോഗ്യകരമായ ഭക്ഷണരീതികൾ നിർബന്ധമാക്കിയതും ഇതിന്റെ ഭാഗമായാണ്. സ്കൂൾ പരിസരങ്ങളിലും വിദ്യാലയങ്ങളിൽ കൊണ്ടുവരുന്ന ഭക്ഷണങ്ങളിലും അടക്കം കൃത്യമായ മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ വിജ്ഞാന വകുപ്പും (അഡെക്) നിർദേശം നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:junk foodAbu DhabiSupermarketHealth policy
News Summary - Abu Dhabi supermarkets to ban display of junk food
Next Story