വിഭവങ്ങൾ അലങ്കരിക്കാൻ 49,000 ഉറുമ്പുകൾ; മിഷ്ലിൻ സ്റ്റാർ റസ്റ്റാറന്റ് ഉടമക്ക് തടവുശിക്ഷ നൽകാൻ ദക്ഷിണ കൊറിയൻ കോടതി
text_fieldsസോളിൽ: ഭക്ഷണവിഭവങ്ങളിൽ അലങ്കാരമായി ഉറുമ്പുകളെ ഉപയോഗിച്ചതിന് ദക്ഷിണകൊറിയയിലെ പ്രശസ്തമായ മിഷ്ലിൻ സ്റ്റാർ റസ്റ്റാറന്റ് ഉടമയ്ക്ക് തടവുശിക്ഷ ആവശ്യപ്പെട്ട് ദക്ഷിണ കൊറിയൻ കോടതിയിൽ ശിപാർശ. രാജ്യത്തെ ഭക്ഷ്യസുരക്ഷ നിയമങ്ങൾ ലംഘിച്ച് അനുമതിയില്ലാത്ത പ്രാണി വർഗത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയതിനാണ് നടപടി. റസ്റ്റാറന്റിന് 2 കോടി വോൺ (ഏകദേശം 13,500 ഡോളർ) പിഴ ഈടാക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റസ്റ്റാറന്റിലെ ഉപഭോക്താക്കൾ സമൂഹ മാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും ഉറുമ്പ് വിതറിയ വിഭവങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് മന്ത്രാലയം അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞ നാല് വർഷത്തിനിടെ അമേരിക്കയിൽനിന്നും തായ്‌ലൻഡിൽനിന്നും ഇറക്കുമതി ചെയ്ത 49,000ത്തോളം ഉറുമ്പുകളെ ഇവർ വിഭവങ്ങളിൽ ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ, ഇവിടെ ഉപയോഗിച്ച ഉറുമ്പുകളിൽ സാധാരണ ഭക്ഷ്യയോഗ്യമായ പ്രാണികളേക്കാൾ 55 മടങ്ങ് വരെ ഹെവി മെറ്റലുകൾ അടങ്ങിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. എന്നാൽ, തങ്ങളുടെ 15 കോഴ്‌സ് വിഭവങ്ങളിൽ ഒരു ചെറിയ ഭാഗമായ സൊർബേകളിൽ മാത്രമാണ് ഉറുമ്പുകളെ അലങ്കാരമായി ഉപയോഗിച്ചതെന്ന് റസ്റ്റാറന്റ് ഉടമ വാദിച്ചു. ഉപഭോക്താക്കൾക്ക് താൽപര്യമില്ലെങ്കിൽ മറ്റ് ഓപ്ഷനുകൾ നൽകിയിരുന്നുവെന്നും ആസ്ട്രേലിയ, ഡെൻമാർക്ക്, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ റസ്റ്റാറന്റുകളിലും ഉറുമ്പുകളെ ചേരുവയായി ഉപയോഗിക്കാറുണ്ടെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. ലോകമെമ്പാടുമുള്ള പാചകകലയിൽ മികച്ച നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്കാണ് 'മിഷ്ലിൻ സ്റ്റാർ' പദവി ലഭിക്കുന്നത്. കേസിൽ സെപ്റ്റംബർ രണ്ടിന് കോടതി വിധി പ്രസ്താവിക്കും.
ദക്ഷിണ കൊറിയയിൽ ഭക്ഷ്യാവശ്യങ്ങൾക്കായി ഉപയോഗിക്കാൻ 10 തരം പ്രാണി വർഗങ്ങൾക്ക് മാത്രമാണ് ഔദ്യോഗിക അനുമതിയുള്ളത്. പുൽച്ചാടികൾ, വെട്ടുക്കിളികൾ, ചിലയിനം ചിറകുള്ള പ്രാണികൾ തുടങ്ങിയവ ഈ പട്ടികയിലുണ്ടെങ്കിലും ഉറുമ്പുകൾ ഉൾപ്പെടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

