ഉത്സവകാലത്തിന് മുന്നോടിയായി ഭക്ഷ്യപരിശോധനയിൽ 46% വർദ്ധനവ്; എന്നാൽ ശിക്ഷയിലെ ഇളവ് ആശങ്ക കൂട്ടുന്നു
text_fieldsന്യൂഡൽഹി: നവരാത്രി, ദീപാവലി തുടങ്ങിയ ആഘോഷകാലങ്ങളിലേക്ക് രാജ്യം കടക്കുമ്പോൾ വിപണിയിൽ മധുരപലഹാരങ്ങൾ, പാൽ, നെയ്യ്, കോയ, പനീർ എന്നിവക്ക് വൻതോതിലാണ് ആവശ്യക്കാരുണ്ടാകുന്നത്. എന്നാൽ ലാഭം കൂട്ടാനായി ഇത്തരം ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കാനുള്ള സാധ്യതയും ഇതോടൊപ്പം കുത്തനെ ഉയരുന്നു. ഈ പശ്ചാത്തലത്തിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും സാധാരണക്കാരുടെ മനസ്സിൽ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ഭീതി ഇപ്പോഴും അവശേഷിക്കുകയാണ്.
ഭക്ഷ്യസുരക്ഷാ അതോറിറ്റിയും സംസ്ഥാന അധികൃതരും ചേർന്ന് രാജ്യത്തുടനീളം വലിയ രീതിയിലുള്ള പരിശോധനകളാണ് നടത്തിവരുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പരിശോധനകളുടെ എണ്ണത്തിൽ 46 ശതമാനത്തോളം വർദ്ധനവുണ്ടായി. 2025-26 കാലയളവിൽ മാത്രം 5.2 ലക്ഷത്തിലധികം ഇടങ്ങളിൽ പരിശോധന നടത്തുകയും 2.23 ലക്ഷത്തിലധികം സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറികളിൽ പരിശോധിക്കുകയും ചെയ്തു. എന്നാൽ പരിശോധിച്ച സാമ്പിളുകളിൽ അഞ്ചിലൊന്ന് (ഏകദേശം 18%) കൃത്യമായ ഗുണനിലവാരം പുലർത്താത്തവയാണെന്ന് കണ്ടെത്താനായത് വലിയൊരു സുരക്ഷാ വീഴ്ചയിലേക്ക് വിരൽചൂണ്ടുന്നു.
മഹാരാഷ്ട്രയിൽ ഐ.എ.എസ്. ഉദ്യോഗസ്ഥനായ തുകാറാം മുണ്ഡെ ഭക്ഷ്യസുരക്ഷാ കമ്മീഷണറായി ചുമതലയേറ്റതിന് പിന്നാലെ പാൽ, നെയ്യ്, പനീർ വിപണികളെ ലക്ഷ്യമിട്ട് നടത്തിയ കടുത്ത പരിശോധനകൾ രാജ്യ ശ്രദ്ധ നേടിയിരുന്നു. മുംബൈയിലെ പ്രശസ്തമായ 122 വർഷം പഴക്കമുള്ള റെസ്റ്റോറന്റുകളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളാണ് അവിടെയുണ്ടായത്. എന്നിരുന്നാലും പരിശോധനകളിൽ പിടിക്കപ്പെടുന്നതിലും എത്രയോ കുറവാണ് കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുന്നതാണ് പ്രധാന തിരിച്ചടി. ആയിരക്കണക്കിന് വ്യാജ സാമ്പിളുകൾ കണ്ടെത്തുമ്പോഴും കോടതികളിൽ നാമമാത്രമായ ക്രിമിനൽ ശിക്ഷകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
മായം ചേർത്തതും സുരക്ഷിതമല്ലാത്തതുമായ ഭക്ഷണം മൂലംണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ചികിത്സാച്ചെലവുകളും ഇന്ത്യയിലെ കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറയെത്തന്നെയാണ് ബാധിക്കുന്നത്. വൻകിട കമ്പനികൾ പരിശോധനകളെ പിന്തുണക്കുന്നുണ്ടെങ്കിലും ഉൽപ്പാദന ശൃംഖലയുടെ ഓരോ ഘട്ടത്തിലും സ്വയം നിയന്ത്രണവും വൃത്തിയും ഉറപ്പാക്കാതെ ഭക്ഷ്യസുരക്ഷ പൂർണമാകില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉത്സവ സീസണുകളിലെ താൽക്കാലിക മിന്നൽ പരിശോധനകൾക്കപ്പുറം ദിനംപ്രതി പാലിക്കപ്പെടേണ്ട ഒന്നായി ഭക്ഷ്യസുരക്ഷ മാറേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

