ക്ലീൻ സ്വീപ്പിന് ജർമനി; കടക്കാൻ ജപ്പാൻ
text_fieldsന്യൂയോർക്: ഡി, ഇ, എഫ് ഗ്രൂപ്പുകളിൽ അവസാന അങ്കങ്ങൾക്ക് വേദികളുണരുമ്പോൾ ചിലർക്ക് മരണപ്പോര്. ആദ്യ രണ്ട് കളികളും ജയിച്ച് നേരത്തെ നോക്കൗട്ട് ഉറപ്പിച്ച ജർമനി, യു.എസ് ടീമുകൾ സമ്പൂർണ വൈറ്റ്വാഷ് ലക്ഷ്യമിടുമ്പോൾ നിർണായക പോയന്റുകളുമായി അവസാന 32ൽ ഇടമുറപ്പിക്കാനിറങ്ങുന്ന കരുത്തരുമുണ്ട്. നേരിയ പ്രതീക്ഷകൾ മാത്രമെങ്കിലും വൻ അട്ടിമറികൾ തീർക്കാൻ ആകാശത്തോളം കണക്കുകൂട്ടലുകളുമായി ബൂട്ടുകെട്ടുന്ന ഇത്തിരിക്കുഞ്ഞന്മാരും ഇന്നത്തെ മത്സരങ്ങളുടെ സവിശേഷത. എന്നാൽ, ഒരു പ്രതീക്ഷയും ബാക്കിയില്ലാതെ സമ്പൂർണ തോൽവിയുടെ നാണക്കേട് ഒഴിവാക്കാൻ ഇറങ്ങുന്ന തുനീഷ്യ, തുർക്കിയ ടീമുകളും ഇന്നിറങ്ങുന്നു.
യോഗ്യത നേരത്തെ ഉറപ്പാക്കിയ ജർമനി ഗ്രൂപ്-ഇയിൽ എക്വഡോറിനെ നേരിടുമ്പോൾ മൂന്നാം ജയത്തോടെ ഗ്രൂപ് ഘട്ടം തൂത്തുവാരലാണ് ലക്ഷ്യം. മറുവശത്ത്, ഐവറി കോസ്റ്റിനെതിരെ തോറ്റും കുറസാവോയെ ഗോൾരഹിത സമനിലയിൽ പിടിച്ചും ഒറ്റ പോയന്റിൽ നിൽക്കുന്ന എക്വഡോറിന് ജയം പോലും പ്രതീക്ഷയേറെ നൽകുന്നില്ല. കുറസാവോ മാത്രമാണ് ഗ്രൂപ്പിൽ ടീമിന് പിറകിലുള്ളത്. കുറസാവോക്ക് ഇന്ന് ഐവറി കോസ്റ്റാണ് എതിരാളികൾ. മൂന്നു പോയന്റുമായി രണ്ടാമതുള്ള ഐവറി കോസ്റ്റിന് ജയിക്കാനായാൽ അനായാസം നോക്കൗട്ട് ഉറപ്പിക്കാം. കുറസാവോക്കും ജയം പ്രതീക്ഷകൾ നൽകുന്നുണ്ട്.
മരണപ്പോര് നടക്കുന്ന ഗ്രൂപ് എഫിൽ ഏഷ്യൻ സിംഹങ്ങളായ ജപ്പാന് സ്വീഡനെതിരെ സമനില പോലും നോക്കൗട്ട് ഉറപ്പാക്കുന്നു. തുനീഷ്യക്കെതിരെ എതിരില്ലാത്ത നാലു ഗോൾ ജയത്തിന്റെ ആവേശവുമായാണ് ജപ്പാൻ ഇറങ്ങുന്നതെങ്കിൽ ഉഗ്രപോരാട്ടം നയിച്ചിട്ടും 5-1ന് ഡച്ചുപടക്ക് മുന്നിൽ മുട്ടുമുടക്കിയ ഞെട്ടലിലാണ് സ്വീഡന്റെ പോരാട്ടം. ആദ്യ രണ്ടു കളിയും വൻ മാർജിനിൽ തോറ്റ് നാണംകെട്ട തുനീഷ്യക്കെതിരെ ഗോൾമഴ തീർക്കാനാണ് ഡച്ചുപട ഇന്നിറങ്ങുന്നത്. ഗ്രൂപ്പിലെ ഫാവറിറ്റുകളാണ് നെതർലൻഡ്സ്.
ഗ്രൂപ് ഡിയിൽ ആതിഥേയരായ യു.എസ് തുടർച്ചയായ മൂന്നാം ജയം തേടിയാണ് തുർക്കിയക്കെതിരെ ഇറങ്ങുന്നത്. ആദ്യ രണ്ടു കളിയും തോറ്റ തുർക്കിയക്കാകട്ടെ, സമ്പൂർണ വീഴ്ച ഒഴിവാക്കാനുള്ള അഭിമാന പോരാട്ടമാണ്. രണ്ടാം മത്സരത്തിൽ ആസ്ട്രേലിയക്ക് പരഗ്വേ ആണ് എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

