Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightആകാശത്തിരുന്ന് അവൻ ആ...

ആകാശത്തിരുന്ന് അവൻ ആ ഗോളുകൾ കൺകുളിർക്കെ കണ്ടിട്ടുണ്ടാവും....

text_fields
bookmark_border
ആകാശത്തിരുന്ന് അവൻ ആ ഗോളുകൾ കൺകുളിർക്കെ കണ്ടിട്ടുണ്ടാവും....
cancel

‘‘രക്തത്തിൽ ഫുട്ബാളിന്റെ ലഹരി കൊണ്ടുനടന്ന, ജീവിതമേ കാൽപന്തുകളിയിൽ ഒതുക്കി തീർത്ത, അർജന്റീനയുടെ കടുത്ത ആരാധകനായിരുന്ന എന്റെ പ്രിയ സുഹൃത്ത് ഒപ്പമില്ലല്ലോ എന്ന് വേദനയോടെ ഓർക്കുന്ന ഒരു ലോകകപ്പ് കൂടിയാണിത്..’’

ഫുട്ബാൾ എന്നത് വെറുമൊരു കളിയല്ല. മറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളെ വംശ-ഭാഷ-ദേശ ഭേദമന്യേ ഒന്നിപ്പിക്കുന്ന ഒരു വികാരമാണ്. അതിന്റെ തെളിവാണ് ഓരോ ലോകകപ്പും. വർഷങ്ങൾ ഒന്നു പുറകോട്ട് പോയാൽ ഓരോ ലോകകപ്പും കേരളക്കരയിൽ ഉണ്ടാക്കിയ ഓളങ്ങൾ ചെറുതല്ലെന്ന് മനസ്സിലാവും. ആ ഓർമയിൽ സഞ്ചരിച്ചു വന്ന എനിക്ക് ഇന്ന് അതെല്ലാം മറക്കാനാവാത്ത അനുഭവങ്ങളാണ്.

ഓർമവെച്ച നാൾ മുതൽ കാൽപന്തുകളിയെ ഏറെ സ്നേഹിച്ചിരുന്ന എനിക്ക് ലോകകപ്പ് എന്നും ഒരു ആവേശമായിരുന്നു. കാറ്റും കോളുംവകവെക്കാതെ തിമിർത്തു പെയ്ത മഴയിൽ ചെളി പുരണ്ട പന്തിനൊപ്പം തകർത്താടിയ കളിപ്പറമ്പ് മൈതാനങ്ങളിൽ നിന്നും കൂട്ടുകാരോടൊപ്പം മടങ്ങുമ്പോൾ കാലിലെ ചെറിയ പരിക്കുകൾ കണ്ടു ഉമ്മ അല്പം നീരസത്തോടെ നോക്കുമെങ്കിലും സ്നേഹത്തോടെ എനിക്ക് നേരെ നീട്ടുന്ന ചായയും പലഹാരവും കാണുമ്പോൾ കൂട്ടുകാർക്ക് എന്നും അത്ഭുതമായിരുന്നു. അവർ അവരുടെ വീടുകളിൽ ചെല്ലുമ്പോൾ കേൾക്കുന്ന വഴക്കുകളിൽ നിന്ന് വ്യത്യസ്തമായ ഒരു ഗൃഹാതുര കാഴ്ച കണ്ട് അൽഭുതം എന്നല്ലാതെ മറ്റെന്തു പറയാനാണ് ! ബാല്യവും കൗമാരവും കളിക്കളം വിനോദമാക്കിയ കാലത്ത് എടക്കഴിയൂർ ഫുട്ബാൾ ക്ലബ് ലക്കി ബ്രദേഴ്സിന്റെ നേതൃത്വത്തിൽ ടൂർണമെന്റ് കളിച്ചും ആരാധിച്ചും നടന്നിരുന്ന 90 കളുടെ കാലം മനസ്സിൽ എന്നും മായാത്ത ഒരു ഓർമയാണ്.

1994, 1998 ലോകകപ്പുകൾ ഇന്നും മനസ്സിൽ ഒരു കുളിർ മഴയാണ്. ഇന്നത്തെ പോലെ സാങ്കേതികവിദ്യ വികസിച്ചിട്ടില്ലാത്ത അന്ന് എടക്കഴിയൂർ ഐ.എൻ.ടി.യു.സി ഓഫീസിൽ ഒരൂ ടീവിക്കു മുന്നിൽ ഒരുപാട് പേർ കൂടിയിരുന്നു കളി കണ്ട പാതിരാവിന്റെ ഓർമകൾ, ഇന്നത്തെ സ്മാർട്ട് ഫോണുകളിൽ കാണുന്ന യുവതലമുറകൾക്ക് ചിന്തിക്കാവുന്നതിനെക്കാൾ അപ്പുറം മനോഹരമാണ്. 94ലെ കലാശ പോരാട്ടത്തിൽ ഇറ്റലിയെ പരാജയപ്പെടുത്തി ബ്രസീൽ കപ്പ് ഉയർത്തിയപ്പോൾ മനസ്സിൽ പൂവിട്ടത് മഞ്ഞപ്പടയോടുള്ള കരുത്തുറ്റ ആരാധനയായിരുന്നു. അക്കാലത്ത് ബ്രസീലിയൻ ടീമിനെ അടക്കി വാണിരുന്ന താരരാജാക്കന്മാർ റൊമാരിയും ബെബേറ്റെയും കാണികളെ അമ്പരപ്പിച്ചുകൊണ്ട് അടിച്ച തീപ്പൊരി ഗോളുകൾ ഇന്നും മനസ്സിലുണ്ട്. പിന്നാലെ ചരിത്രം തിരുത്തിക്കുറിച്ച് റൊണാൾഡോ, റൊണാൾഡീഞ്ഞ്യോ, റിക്കാഡിയോ കടന്നു വന്നതോടെ ബ്രസീൽ ഒരു ലഹരിയായി മാറി. 98 ലെ ലോകകപ്പ് കാനറിപടയെ പരാജയപ്പെടുത്തി ഫ്രാൻസ് കിരീടം ചൂടിയപ്പോൾ അന്നത്തെ കൂട്ടുകാരുടെ കളിയാക്കലുകൾ ഒരു ചെറുപുഞ്ചിരിയോടെയല്ലാതെ ഓർക്കാൻ കഴിയില്ല. ബ്രസീലിന്റെ പരാജയം നിരാശയുണ്ടാക്കിയെങ്കിലും ഫ്രാൻസിന്റെ പടക്കുതിര സിനദിൻ സിദാൻ നയനവിസ്മയം തീർത്ത മാന്ത്രിക ഗോളുകൾ അദ്ദേഹത്തോടുള്ള ആരാധനയിൽ കൊണ്ടെത്തിച്ചു. പിന്നീട് പ്രവാസത്തിലേക്ക് ചേക്കേറിയപ്പോൾ മസ്കത്തിന്റെ മൈതാനങ്ങളിൽ ബൂട്ട് കെട്ടി ഇറങ്ങി ഫുട്ബോൾ എന്ന ലഹരിയെ വിടാതെ കൂടെ കൂട്ടി.

ഇന്ന് ലോകം ലോകകപ്പിന്റെ ചൂടിലാണ്. ആഘോഷങ്ങളും ആരവങ്ങളും ഇരട്ടിയായി തന്നെ തുടരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ ആരവങ്ങൾക്കിടയിലും വേദനയോടെ കടന്നുപോകുന്ന ഒരു ലോകകപ്പ് കൂടിയാണിത്. രക്തത്തിൽ ഫുട്ബാളിന്റെ ലഹരി കൊണ്ടുനടന്ന ജീവിതമേ കാൽപന്തുകളിയിൽ ഒതുക്കി തീർത്ത, അർജന്റീനയുടെ കടുത്ത ആരാധകനായിരുന്ന എന്റെ പ്രിയ സുഹൃത്ത് ഷാനവാസ്‌ നമ്മളോടൊപ്പം ഇല്ലല്ലോ എന്ന് വേദനയോടെ ഓർക്കുന്ന ഒരു ലോകകപ്പ് കൂടിയാണിത്.

2022ലെ ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ അർജന്റീന കിരീടം ചൂടിയ രംഗമാണ് അദ്ദേഹത്തിന്റെ ഫുട്ബാൾ ജീവിതത്തിലെ അവസാന കാഴ്ച. കാണാൻ ആഗ്രഹിച്ച കാഴ്ചകൾ ഇനിയും ഒരുപാടുണ്ടായിരുന്നു. കഴിഞ്ഞദിവസം ലോകകപ്പ് മത്സരത്തിൽ ലയണൽ മെസ്സി ഹാട്രിക് ഗോളുകൾ നേടിയപ്പോൾ ആ കാഴ്ചക്ക് സാക്ഷ്യം വഹിക്കാൻ പ്രിയ കൂട്ടുകാരൻ ഇല്ലല്ലോ എന്ന് വിങ്ങലോടെ ഞാൻ ഓർത്തുപോയി. കാണാമറയത്ത് ആണെങ്കിലും മറ്റൊരു ലോകത്തിലിരുന്ന് കാൽപന്തുകളിയുടെ മാന്ത്രിക കാഴ്ചകൾ കാണുന്നുണ്ടാകും എന്ന് വിശ്വാസമാണ് എന്റെ മനസ്സിന് ഇപ്പോൾ ആശ്വാസം നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsfootball world cupOman NewsGulf Update
News Summary - world cup football memories
Next Story