സീൻ കോൺട്രവേഴ്സി; ലോകകപ്പ് ഒരു മാസം പൂർത്തിയാവുമ്പോൾ കളംപിടിച്ച് സർവത്ര വിവാദങ്ങൾ
text_fieldsന്യൂയോർക്: ചരിത്രത്തിലെ ഏറ്റവും വലിയ ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് ആരംഭിച്ച് ഒരു മാസം പൂർത്തിയാവുമ്പോൾ വിവാദങ്ങൾക്കും പഞ്ഞമില്ല. കളിക്ക് മുമ്പെ ചൂടുപിടിച്ചിരുന്ന വിവാദങ്ങൾ മത്സരങ്ങൾ ക്വാർട്ടർ ഫൈനൽ റൗണ്ടിലേക്ക് കടന്നപ്പോൾ അവ മൂർധന്യത്തിലെത്തിയിരിക്കുകയാണ്. റഫറിയിങ്ങിനെക്കുറിച്ച പരാതികളും താരങ്ങൾക്കെതിരായ അധിക്ഷേപങ്ങളും മുമ്പുമുണ്ടായിട്ടുണ്ടെങ്കിലും ഫുട്ബാൾ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പലതും ഇക്കുറി സംഭവിച്ചു.
‘ട്രംപ് കാർഡി’ലെ നാണക്കേട്
യു.എസ് താരം ഫോലാരിൻ ബലോഗന് ലഭിച്ച ചുവപ്പ് കാർഡും തുടർന്നുള്ള വിലക്കും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലിനെത്തുടർന്ന് റദ്ദാക്കിയതാണ് അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവം. ഫിഫ പ്രസിഡന്റ് ജിയോനി ഇൻഫാന്റിനോയെ പല തവണ വിളിച്ചാണ് ട്രംപ് തീരുമാനം മാറ്റിച്ചത്. തുടർന്ന്, ബെൽജിയത്തിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ ബലോഗനെ കളിക്കാൻ അനുവദിച്ച നടപടി കായികരംഗത്തെ നിഷ്പക്ഷതയും വിശ്വാസ്യതയും തകർത്തെന്ന് വിമർശനമുണ്ടായി. ഫിഫക്കെതിരെ രൂക്ഷവിമർശനവുമായി യൂറോപ്യൻ ഫുട്ബാൾ സംഘടനയായ യുവേഫ, ബെൽജിയം ഫുട്ബാൾ അസോസിയേഷൻ ഉൾപ്പെടെ രംഗത്തെത്തി.
റഫറിയിങ്ങിൽ പിഴച്ചോ?
അർജന്റീന-ഈജിപ്ത് പ്രീക്വാർട്ടർ മത്സരത്തിൽ റഫറിയെടുത്ത ചില തീരുമാനങ്ങൾ സംശയത്തിന്റെ മുനയിലാവുകയും വിമർശിക്കപ്പെടുകയും ചെയ്തു. കളിയിൽ ഈജിപ്ത് നേടിയ രണ്ടാം ഗോൾ, ഫൗളിന്റെ പേരിൽ വിഡിയോ പരിശോധനയിലൂടെ റദ്ദാക്കിയതും ഇവർക്ക് ലഭിക്കാവുന്ന പെനാൽറ്റികൾ നിഷേധിച്ചതും പക്ഷപാതപരമാണെന്ന് ആരോപണമുയർന്നു. ഈ സംഭവങ്ങൾക്കുമുമ്പ് ഫൗളിനെത്തുടർന്ന് അർജന്റീനക്ക് പെനാൽറ്റി അനുവദിച്ചിരുന്നു റഫറി. ലയണൽ മെസ്സിയെയും അർജന്റീനയെയും ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ മനഃപൂർവം ശ്രമിക്കുന്നുവെന്ന് ഈജിപ്ത് കോച്ച് ഹൊസാൻ ഹസ്സൻ കുറ്റപ്പെടുത്തി.
ഹൈഡ്രേഷൻ ബ്രേക്കും; വാണിജ്യ താൽപര്യങ്ങളും
ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന വടക്കെ അമേരിക്കൻ രാജ്യങ്ങളിലെ കടുത്ത ചൂട് ചൂണ്ടിക്കാട്ടി കളിക്കാർക്ക് വിശ്രമിക്കാനും വെള്ളം കുടിക്കാനും ഹൈഡ്രേഷൻ ബ്രേക്കുകൾ അനുവദിച്ചിട്ടുണ്ട്. ഓരോ പകുതിയിലും 22 മിനിറ്റ് പിന്നിടുമ്പോഴാണിത്. ഈ മൂന്ന് മിനിറ്റ് ഇടവേളകൾ, ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ചാനലുകൾ പരസ്യങ്ങൾ കാണിക്കാൻ ഉപയോഗിച്ചതോടെ ഫിഫയുടെ വാണിജ്യ താൽപര്യമാണ് ഹൈഡ്രേഷൻ ബ്രേക്കിന് പിന്നിലെന്ന ആരോപണമുയർന്നു.
ടിക്കറ്റ് വിലക്കയറ്റം, വഞ്ചന; ഫിഫക്കെതിരെ അന്വേഷണം
ഡൈനാമിക് പ്രൈസിങ് രീതി കാരണം ലോകകപ്പ് ടിക്കറ്റ് നിരക്കുകൾ 11,000 ഡോളർ വരെയായി കുതിച്ചുയർന്നു. ഇതിനെതിരെ ന്യൂയോർക്, ന്യൂജഴ്സി സംസ്ഥാനങ്ങൾ ഫിഫക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡിമാൻഡ് കൂടുന്നതിനനുസരിച്ച് ടിക്കറ്റ് നിരക്കുകൾ സ്വയം വർധിക്കുന്ന ഡൈനാമിക് പ്രൈസിങ് രീതി ഫിഫ ആദ്യമായാണ് നടപ്പിലാക്കുന്നത്. ഇതോടെ സാധാരണക്കാർക്ക് താങ്ങാനാവാത്ത വിധം ഫൈനൽ മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ ഏകദേശം ഒമ്പത് ലക്ഷത്തിലധികം ഇന്ത്യൻ രൂപ വരെയായി ഉയർന്നു. ടിക്കറ്റ് വിതരണത്തിലെ സുതാര്യതയില്ലായ്മ, കൃത്രിമമായ ക്ഷാമം സൃഷ്ടിക്കൽ, ഉയർന്ന നിരക്കുകൾ ഈടാക്കൽ എന്നിവക്കെതിരെയാണ് അന്വേഷണം. ഇതിന്റെ ഭാഗമായി ഫിഫക്ക് കോടതി ഉത്തരവിലൂടെയുള്ള സമൻസും അയച്ചിട്ടുണ്ട്. ഉയർന്ന തുക നൽകി മികച്ച കാറ്റഗറിയിലുള്ള ടിക്കറ്റുകൾ വാങ്ങിയ ആരാധകർക്ക്, പിന്നീട് സ്റ്റേഡിയത്തിൽ പിറകിലെ സീറ്റുകൾ അനുവദിച്ച് ഫിഫ വഞ്ചിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഫൈനൽ ഉൾപ്പെടെ നടക്കുന്ന ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലെ ടിക്കറ്റ് വിതരണത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
വംശീയത സർവത്ര
ഫ്രാൻസിന്റെ പ്രീക്വാർട്ടർ മത്സരത്തിനുശേഷം പരഗ്വേയിലെ സെനറ്റർ സെലസ്റ്റെ അമരില്ല ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയുടെ പാരമ്പര്യത്തെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കടുത്ത വംശീയ പരാമർശം നടത്തി. ഇതിനെതിരെ ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. പരഗ്വേയുടെ മുൻ ഗോൾകീപ്പർ ഹോസെ ലൂയിസ് ചിലവർട്ടും ഫ്രഞ്ച് ടീമിനെ വംശീയമായി അധിക്ഷേപിച്ച് സംസാരിച്ചു. മയാമിയിൽ നടന്ന അർജന്റീന-കാപ് വെർഡെ മത്സരത്തിനിടെ പ്രശസ്ത അമേരിക്കൻ സ്ട്രീമർ ഐഷോസ്പീഡിനുനേരെ ഒരു അർജന്റീന ആരാധകൻ വംശീയമായ വാക്കുകൾ ഉപയോഗിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇതിനെതിരെ ഫിഫ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻ ജർമൻ താരം ബാസ്റ്റ്യൻ ഷെയ്ൻസ്റ്റീഗർ ആഫ്രിക്കൻ ഫുട്ബാളിനെ മോശമായി ചിത്രീകരിച്ചതിനെതിരെ ഐവറി കോസ്റ്റ് പരിശീലകൻ രംഗത്തുവന്നു. സെർബിയൻ, ഡച്ച് ടെലിവിഷൻ അവതാരകരും കറുത്തവർഗക്കാരായ കളിക്കാർക്കെതിരെ നടത്തിയ വംശീയ പരാമർശങ്ങൾക്ക് പിന്നീട് മാപ്പുപറയേണ്ടിവന്നു.
സോമാലിയൻ റഫറിയെ മടക്കി
ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട പ്രമുഖ സോമാലിയൻ റഫറി ഉമർ അർതാന് യു.എസിൽ പ്രവേശനാനുമതി നിഷേധിച്ചു. ലോകകപ്പ് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് മയാമിയിൽ വിമാനമിറങ്ങിയ ഇദ്ദേഹത്തെ യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം തടയുകയും തുടർന്ന് തിരിച്ചയക്കുകയുമായിരുന്നു.
സുരക്ഷാ പരിശോധനകളിലെ ആശങ്കകളെത്തുടർന്നാണ് നടപടിയെന്ന് അധികൃതർ അവകാശപ്പെട്ടു. അർതാൻ ആവശ്യമായ എല്ലാ ഔദ്യോഗിക രേഖകളുമായാണ് യാത്ര ചെയ്തതെന്ന് സോമാലിയൻ കായിക മന്ത്രാലയത്തിന്റെ മുതിർന്ന ഉപദേശകൻ സ്ഥിരീകരിച്ചു. നേരത്തെയുണ്ടായ വിസ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പ്രത്യേക നയതന്ത്ര പാസ്പോർട്ട് വരെ അനുവദിച്ചിരുന്നുവെന്ന് നൈറോബിയിലെ സോമാലിയൻ എംബസി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരെയും കാണികളെയും കടുത്ത സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു യു.എസിൽ.
ഇറാനോട് അനീതി
ഇറാൻ ഫുട്ബാൾ ടീം കടുത്ത അനീതിയാണ് യു.എസ് ഭരണകൂടത്തിൽനിന്ന് നേരിട്ടത്. അവരുടെ മത്സരങ്ങൾ അമേരിക്കയിലായിരുന്നിട്ടും അവിടെ താമസിക്കാൻ അനുവദിച്ചില്ല. ആയതിനാൽ ഇറാൻ ടീമിന് മെക്സികോയിൽ ക്യാമ്പ് ചെയ്യേണ്ടി വന്നു. മത്സരങ്ങളുള്ള ദിവസങ്ങളിൽ യു.എസിൽ പോയി കഴിഞ്ഞാലുടൻ മടങ്ങുകയായിരുന്നു. തുടർ യാത്രകളും വിശ്രമമില്ലായ്മയും മതിയായ പരിശീലനം ലഭിക്കാത്തതും ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്ന് പരിശീലകനടക്കം പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇറാനിയൻ ആരാധകർക്കായി അനുവദിച്ചിരുന്ന ടിക്കറ്റ് ക്വോട്ടയും അമേരിക്ക പിൻവലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

