ലോകകപ്പ് 2026; കളിയിൽ കാര്യമായ മാറ്റമുണ്ട്
text_fieldsവായ പൊത്തിയാൽ, കളം വിട്ടാൽ ചുവപ്പ്
കളിക്കളത്തിൽവെച്ച് എതിർ കളിക്കാരോടോ റഫറിയോടോ തർക്കിക്കുമ്പോൾ കൈകൊണ്ടോ ജഴ്സികൊണ്ടോ വായ മൂടിപ്പിടിച്ചാൽ നേരിട്ട് ചുവപ്പ് കാർഡ് ലഭിക്കും. വംശീയമായോ മോശമായോ അധിക്ഷേപിക്കുന്നത് കാമറകളിൽ നിന്നും ലിപ്-റീഡിങ്ങിൽ നിന്നും ഒളിപ്പിച്ചുവെക്കുന്നത് തടയാനാണ് ഈ നിയമം. എന്നാൽ, സാധാരണ രീതിയിലുള്ള സൗഹൃദ സംഭാഷണങ്ങൾക്ക് ഇത് ബാധകമല്ല. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കാർ സ്വന്തം ഇഷ്ടപ്രകാരം മൈതാനം വിട്ടുപോയാൽ അവർക്ക് റെഡ് കാർഡ് ലഭിക്കും. പ്രേരിപ്പിക്കുന്ന ഒഫീഷ്യൽസിനെയും പുറത്താക്കും. ഒരു ടീം മുഴുവനായി കളി നിർത്തിപ്പോയാൽ അവർ തോറ്റതായി പ്രഖ്യാപിക്കും.
പാഴാക്കാൻ സമയമില്ല
കളിക്കാരൻ മനഃപൂർവം സമയം കളയുകയാണെന്ന് റഫറിക്ക് തോന്നിയാൽ റഫറി കൈയുയർത്തി അഞ്ച് സെക്കൻഡ് കൗണ്ട്ഡൗൺ കാണിക്കും. ഈ സമയത്തിനുള്ളിൽ ത്രോ-ഇൻ എടുത്തില്ലെങ്കിൽ അത് എതിർ ടീമിന് ലഭിക്കും. ഗോൾകീപ്പർ അഞ്ച് സെക്കൻഡിനുള്ളിൽ കിക്ക് എടുത്തില്ലെങ്കിൽ എതിർ ടീമിന് കോർണർ കിക്ക് നൽകും. സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്ന കളിക്കാരൻ 10 സെക്കൻഡിനുള്ളിൽ മൈതാനത്തിന് പുറത്തുപോകണം. അതിന് സാധിച്ചില്ലെങ്കിൽ, പകരം വരുന്ന കളിക്കാരന് ഒരു മിനിറ്റ് നേരത്തേക്ക് മൈതാനത്ത് ഇറങ്ങാൻ അനുവാദം ലഭിക്കില്ല. ആ ഒരു മിനിറ്റ് നേരം പത്തുപേരുമായി കളിക്കേണ്ടി വരും.
റഫറിയെ കൂടുതൽ തിരുത്തും ‘വാർ’
റഫറിമാരുടെ പിഴവുകൾ തിരുത്താൻ വിഡിയോ അസിസ്റ്റന്റ് റഫറി (വാർ) സംവിധാനത്തിന് കൂടുതൽ അധികാരം നൽകി. തെറ്റായ രീതിയിലാണ് റഫറി കോർണർ കിക്ക് അനുവദിച്ചതെങ്കിൽ വാറിന് അത് തിരുത്താം. തെറ്റായ തീരുമാനത്തിലൂടെ ലഭിക്കുന്ന രണ്ടാമത്തെ മഞ്ഞക്കാർഡ് (അതുവഴി ലഭിക്കുന്ന റെഡ് കാർഡ്) പിൻവലിക്കാൻ ഇനി വാറിന് സാധിക്കും. റഫറി ആളുമാറി വേറെ കളിക്കാരനാണ് മഞ്ഞയോ ചുവപ്പോ കാർഡ് നൽകിയതെങ്കിൽ ഇടപെടും.
ഒരു മിനിറ്റ് പുറത്തിരിക്കൽ; വെള്ളം കുടി ഇടവേള
പരിക്കേൽക്കുന്ന കളിക്കാരനെ ചികിത്സിക്കാൻ മെഡിക്കൽ സംഘം മൈതാനത്ത് ഇറങ്ങിയാൽ, ആ കളിക്കാരൻ മത്സരം പുനരാരംഭിച്ച ശേഷം ഒരു മിനിറ്റ് നേരം മൈതാനത്തിന് പുറത്തുതന്നെ നിൽക്കണം. സമയം കളയാൻ വേണ്ടി കളിക്കാർ പരിക്ക് നടിക്കുന്നത് തടയാനാണിത്. ഗോൾകീപ്പർക്ക് പരിക്കേറ്റ് ചികിത്സ നൽകുമ്പോൾ, മറ്റ് കളിക്കാർ സൈഡ് ലൈനിലേക്ക് ഓടിവന്ന് കോച്ചിന്റെ അടുത്തുനിന്ന് തന്ത്രങ്ങൾ മെനയുന്നത് കർശനമായി നിരോധിച്ചു. കടുത്ത ചൂട് കാരണമായി കളിക്കാർക്ക് വെള്ളം കുടിക്കാൻ ഓരോ പകുതിയിലും 22 മിനിറ്റായാൽ മൂന്ന് മിനിറ്റ് നിർബന്ധിത ഇടവേള ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

