നിങ്ങളൊരു ജേഴ്സി പ്രേമിയാണോ? ; ലോകകപ്പിലെ ഏറ്റവും മികച്ച ജേഴ്സികൾ ഇവയാണ്
text_fieldsഫുട്ബോൾ ലോകകപ്പ് എന്നത് വെറുമൊരു പോരാട്ടമല്ല, അതൊരു വലിയ ആഘോഷം കൂടിയാണ്. കളിക്കളത്തിലെ വീറും വാശിയും പോലെ തന്നെ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് തങ്ങളുടെ പ്രിയ ടീമുകൾ അണിയുന്ന പുത്തൻ ജേഴ്സികൾ. നിങ്ങൾ ഒരു ജേഴ്സി പ്രേമിയാണോ? എങ്കിൽ വടക്കേ അമേരിക്കയിൽ നടക്കുന്ന ഈ ലോകകപ്പിൽ ആരാധകമനം കവർന്ന ടോപ്പ് 20 ജേഴ്സികൾ ഇതാ! പ്രമുഖ കായിക വാർത്താ വെബ്സൈറ്റായ 'ഗോൾ' ടീമുകളുടെ ജേഴ്സി ഡിസൈൻ, നിറം, സാംസ്കാരിക സ്വാധീനം, റെട്രോ ശൈലി എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയ റാങ്കിംഗ് പ്രകാരമാണ് ഈ പട്ടിക.
20. സെനഗൽ (ഹോം): തലസ്ഥാനമായ ഡാക്കറിലെ കൈകൊണ്ട് പെയിന്റ് ചെയ്ത ബസുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള അബ്സ്ട്രാക്റ്റ് പ്രിന്റാണ് ഈ ജേഴ്സിയുടെ സവിശേഷത. ആഫ്രിക്കൻ കരുത്തരുടെ ഈ കുപ്പായത്തിൽ നിറങ്ങൾ അൽപം കൂടിപ്പോകാമായിരുന്നു എന്നൊരു കുറവ് മാത്രം.
19. അൾജീരിയ (എവേ): അഡിഡാസ് ഒറിജിനൽസിന്റെ വിഖ്യാതമായ 'ട്രെഫോയിൽ' ലോഗോ തിരിച്ചെത്തിയതോടെ ഈ എവേ ജേഴ്സിക്ക് മികച്ചൊരു റെട്രോ ലുക്ക് കൈവന്നിട്ടുണ്ട്. കടും പച്ചക്കൈകളും ചുവപ്പൻ ബോർഡറും ഓഫ്-സെന്റർ നമ്പറിങ്ങും ജേഴ്സിയെ കൂടുതൽ ആകർഷകമാക്കുന്നു.
18. ഐവറി കോസ്റ്റ് (ഹോം): തങ്ങളുടെ പരമ്പരാഗത ഓറഞ്ച് നിറത്തിൽ എപ്പോഴും തിളങ്ങാറുള്ള ഐവറി കോസ്റ്റിനായി ഇത്തവണ പ്യൂമ ഒരുക്കിയത് ഒരു കിടിലൻ ആനിമൽ പ്രിന്റ് ഡിസൈനാണ്. രാജ്യത്തിന്റെ ഫുട്ബോൾ പ്രണയത്തെയാണ് ഈ ജേഴ്സി പ്രതിഫലിപ്പിക്കുന്നത്.
17. ജർമ്മനി (എവേ): സ്പോർട്സ് വെയർ ഭീമൻമാരായ അഡിഡാസ് ഇത്തവണ ജർമ്മനിക്കായി ഒരുക്കിയത് വേറിട്ടൊരു എവേ ജേഴ്സിയാണ്. നാവിക നീല പശ്ചാത്തലത്തിൽ അക്വാ-ബ്ലൂ ഡിസൈനുകൾ ചേർത്ത ഈ കുപ്പായം 1950 മുതൽ 80 വരെയുള്ള വിവിധ കാലഘട്ടങ്ങളെ ഓർമ്മിപ്പിക്കുന്നു.
16. ദക്ഷിണ കൊറിയ (ഹോം): നൈക്കിയുടെ ദക്ഷിണ കൊറിയൻ ജേഴ്സികൾ എപ്പോഴും മാസ്മരികമാണ്. കൊറിയയുടെ മലനിരകളിൽ നിന്നും ദേശീയ ചിഹ്നമായ കടുവയുടെ വരകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചുവപ്പ് പശ്ചാത്തലത്തിലാണ് ഇത്തവണ ഈ ഹോം ജേഴ്സി ഒരുക്കിയിരിക്കുന്നത്.
15. ഇംഗ്ലണ്ട് (ഹോം): 60 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കാൻ ഇറങ്ങുന്ന ഇംഗ്ലണ്ടിന് വേണ്ടി 2000-മാണ്ടിലെ വിഖ്യാത അംബ്രോ ജേഴ്സിയെ ഓർമ്മിപ്പിക്കുന്ന ലുക്കാണ് നൈക്കി നൽകിയിരിക്കുന്നത്. കഴുത്തിലും കൈകളിലും ചുവപ്പൻ ബോർഡറുകളുള്ള ക്ലാസിക് വൈറ്റ് ജേഴ്സിയാണിത്.
14. കാനഡ (ഹോം): ആതിഥേയരായ കാനഡയ്ക്കായി നൈക്കി ഒരുക്കിയത് അവരുടെ ദേശീയ ചിഹ്നമായ മേപ്പിൾ ലീഫ് വലിയ രീതിയിൽ പതിപ്പിച്ച ഹോം ജേഴ്സിയാണ്. കടും ചുവപ്പിന്റെ വിവിധ ഷേഡുകളിലാണ് ഇതിന്റെ ഡിസൈൻ.
13. ജോർദാൻ (തേർഡ്): ലോകകപ്പിൽ ഒരു തേർഡ് ജേഴ്സിയുമായി എത്തിയാണ് ജോർദാൻ അദ്ഭുതപ്പെടുത്തുന്നത്. കറുപ്പ് പശ്ചാത്തലത്തിൽ മനോഹരമായ പൂക്കളുടെ ഡിസൈൻ ഉൾപ്പെടുത്തിയ കെൽമെയുടെ ഈ ജേഴ്സി ഏറെ വ്യത്യസ്തമാണ്.
12. ഡിആർ കോംഗോ (ഹോം): 1974-ന് ശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന കോംഗോയ്ക്കായി അംബ്രോ നീല നിറത്തിലാണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. പുള്ളിപ്പുലിയുടെ കരുത്തും വേഗതയും പ്രതിഫലിപ്പിക്കുന്ന ഡിസൈനാണ് ഇതിന്റെ നെഞ്ച് ഭാഗത്തുള്ളത്.
11. സ്പെയിൻ (ഹോം): യൂറോപ്യൻ ചാമ്പ്യൻമാരായ സ്പെയിന്റെ ഹോം ജേഴ്സിയിൽ കടും നീല നിറം വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. സ്പാനിഷ് പതാകയുടെ നിറങ്ങൾ ചേർത്ത മഞ്ഞ വരകളും ലളിതവും മനോഹരവുമായ അഡിഡാസ് ഡിസൈനും ഇതിന് റെട്രോ ലുക്ക് നൽകുന്നു.
10. ഖത്തർ (ഹോം): ആദ്യ പത്തിൽ ഇടംപിടിച്ച ഖത്തറിന്റെ മെറൂൺ നിറത്തിലുള്ള ജേഴ്സി കാഴ്ചക്കാരെ ആകർഷിക്കുന്നതാണ്. ഖത്തർ ദേശീയ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലംബമായി നൽകിയിരിക്കുന്ന സിഗ്-സാഗ് പാറ്റേൺ ഇതിന് ഭംഗി കൂട്ടുന്നു.
9. അർജന്റീന (ഹോം): ലോക ചാമ്പ്യൻമാരായ അർജന്റീനയുടെ വിജയ ഫോർമുലയിൽ അഡിഡാസ് മാറ്റമൊന്നും വരുത്തിയിട്ടില്ല. പരമ്പരാഗതമായ ആകാശ നീലയും വെള്ളയും വരകൾക്കൊപ്പം കറുപ്പ് ബോർഡറുകൾ കൂടി ചേരുന്ന ജേഴ്സി ലളിതവും സുന്ദരവുമാണ്.
8. അർജന്റീന (എവേ): അർജന്റീനയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കറുപ്പ് പശ്ചാത്തലത്തിലുള്ള എവേ ജേഴ്സി അതിമനോഹരമാണ്. പരമ്പരാഗത രൂപങ്ങളും പൂക്കളുടെ ഡിസൈനും നീലയും വെള്ളയും വരകളും ചേരുന്ന ഈ കുപ്പായം ഒരു ക്ലാസിക് ലുക്ക് നൽകുന്നു.
7. ക്രോയേഷ്യ (എവേ): ക്രോയേഷ്യയുടെ പരമ്പരാഗത ചെക്കർബോർഡ് ഡിസൈൻ ഇത്തവണ എവേ ജേഴ്സിയുടെ ഇരുവശങ്ങളിലുമായാണ് നൈക്കി നൽകിയിരിക്കുന്നത്. നീലയുടെ രണ്ട് ഷേഡുകൾ ചേരുന്ന ഈ ജേഴ്സി കളിക്കളത്തിന് പുറത്തും ആരാധകരുടെ പ്രിയപ്പെട്ടതാകും.
6. സ്വീഡൻ (എവേ): സ്വീഡന്റെ എഴുപതുകളിലെ സംഗീത-പോപ്പ് സംസ്കാരത്തെ (വിഖ്യാത അബ്ബ ബാൻഡ്) ഓർമ്മിപ്പിക്കുന്ന വെയ്‌വി ഡിസൈനാണ് അഡിഡാസ് ഒരുക്കിയിരിക്കുന്നത്. കടും നീല പശ്ചാത്തലത്തിലുള്ള ഈ തരംഗ രൂപങ്ങൾ കണ്ണിന് ഏറെ കുളിർമയുള്ളതാണ്.
5. ഫ്രാൻസ് (ഹോം): മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വലിയ കോളറും ജ്യാമിതീയ ഗ്രേഡിയന്റും പരീക്ഷിച്ച നൈക്കിയുടെ ഫ്രഞ്ച് ഹോം ജേഴ്സി ആരാധകരിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാക്കിയേക്കാം. എങ്കിലും ഭാവിയിൽ ഇതൊരു കൾട്ട് ക്ലാസിക് ആയി മാറാൻ സാധ്യതയുണ്ട്.
4. ജർമ്മനി (ഹോം): എൺപതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ജർമ്മൻ പട അണിഞ്ഞിരുന്ന വിഖ്യാത ജേഴ്സിയുടെ ഓർമ്മപ്പെടുത്തലാണ് പുതിയ ഹോം കുപ്പായം. തോളിൽ നിന്ന് തുടങ്ങി നെഞ്ചിലേക്ക് പടരുന്ന ജർമ്മൻ പതാകയുടെ നിറങ്ങൾ ഈ അഡിഡാസ് ജേഴ്സിയെ അതിമനോഹരമാക്കുന്നു.
3. ക്യുറസാവോ (എവേ): ലോകകപ്പിലെ ഏറ്റവും ചെറിയ രാജ്യമായ ക്യുറസാവോയുടെ മഞ്ഞ പശ്ചാത്തലത്തിലുള്ള എവേ ജേഴ്സി മൂന്നാം സ്ഥാനം സ്വന്തമാക്കി അദ്ഭുതപ്പെടുത്തി. അഡിഡാസിന്റെ റെട്രോ ലോഗോയും ചുവപ്പ്, പച്ച, ഓറഞ്ച് നിറങ്ങളിലുള്ള വരകളും ഇതിനെ ആകർഷകമാക്കുന്നു.
2. ജപ്പാൻ (ഹോം): ജപ്പാന്റെ ജേഴ്സി ഡിസൈനുകൾ ഒരിക്കലും നിരാശപ്പെടുത്താറില്ല. കടലും ആകാശവും ചക്രവാളത്തിൽ ഒന്നിക്കുന്ന മനോഹരമായ കാഴ്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അഡിഡാസ് ഒരുക്കിയ ഈ നീലക്കുപ്പായം റെട്രോ ലുക്കും മോഡേൺ ഫിനിഷുമുള്ള ഒന്നാണ്.
1. മെക്സിക്കോ (ഹോം): ഈ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത് ആതിഥേയരായ മെക്സിക്കോയുടെ ഹോം ജേഴ്സിയാണ്. പരമ്പരാഗത മെക്സിക്കൻ രൂപങ്ങൾ കടും പച്ച പശ്ചാത്തലത്തിൽ മനോഹരമായി കോർത്തിണക്കിയ ഈ അഡിഡാസ് ജേഴ്സി രാജ്യത്തിന്റെ ഊർജ്ജത്തെയും ഫുട്ബോൾ പ്രണയത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

