ലോകകപ്പ് 2026: സ്പെയിനിനെതിരായ നിർണായക പോരാട്ടം ഇന്ന്; സൗദി ടീമിെൻറ അവസാനഘട്ട പരിശീലനം കായികമന്ത്രി വിലയിരുത്തി
text_fieldsറിയാദ്: ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് എച്ചിലെ രണ്ടാം റൗണ്ട് മത്സരത്തിൽ കരുത്തരായ സ്പെയിനിനെ നേരിടാനൊരുങ്ങുന്ന സൗദി അറേബ്യൻ ദേശീയ ഫുട്ബോൾ ടീമിെൻറ (അൽ-അഖ്ദർ) അവസാനവട്ട ഒരുക്കങ്ങൾ കായികമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ നേരിട്ടെത്തി വിലയിരുത്തി.
അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തുള്ള അറ്റ്ലാൻറയിലെ പ്രശസ്തമായ അറ്റ്ലാൻറ സ്റ്റേഡിയത്തിൽ സൗദി സമയം ഇന്ന് (ജൂൺ 21, ഞായറാഴ്ച) വൈകീട്ട് ഏഴിനാണ് ഇരു ടീമുകളും തമ്മിലുള്ള ഈ ആവേശകരമായ പോരാട്ടം അരങ്ങേറുന്നത്. മുഖ്യ പരിശീലകൻ ജോർജിയോസ് ഡോണിസിെൻറ നേരിട്ടുള്ള മേൽനോട്ടത്തിൽ അറ്റ്ലാൻറയിലെ കെന്നസോ സ്റ്റേറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് സൗദി ടീം തങ്ങളുടെ അവസാന പരിശീലന സെഷൻ പൂർത്തിയാക്കിയത്.
ആദ്യ മത്സരത്തിൽ ഉറുഗ്വേയോട് 1-1 ന് സമനില വഴങ്ങിയ സൗദിക്ക് ഗ്രൂപ്പ് ഘട്ടത്തിൽ മുന്നേറാൻ ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. ഈ സാഹചര്യത്തിൽ കളിക്കാർക്ക് ആത്മവിശ്വാസം പകരാനും അവരുടെ സന്നദ്ധത നേരിട്ട് ബോധ്യപ്പെടാനുമായി കായികമന്ത്രി നേരിട്ടെത്തിയത് ടീമിന് വലിയ ഊർജ്ജമായി മാറിയിട്ടുണ്ട്. ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള വാം-അപ്പ് വ്യായാമങ്ങളോടെയാണ് പരിശീലന സെഷൻ ആരംഭിച്ചത്.
തുടർന്ന് പന്ത് കൂടുതൽ സമയം കൈവശം വെച്ചുകൊണ്ടുള്ള കളിയിലും, പകുതി മൈതാനം കേന്ദ്രീകരിച്ചുള്ള തന്ത്രപരമായ നീക്കങ്ങളിലും കളിക്കാർ സജീവമായി ഏർപ്പെട്ടു. സെറ്റ്-പീസുകൾ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാനുള്ള പ്രത്യേക തന്ത്രങ്ങൾ പരിശീലിച്ചുകൊണ്ടാണ് ഇന്നത്തെ സെഷൻ അവസാനിച്ചത്. ലോകകപ്പിലെ തങ്ങളുടെ രണ്ടാമത്തെ കടുത്ത വെല്ലുവിളിയെ നേരിടാൻ പൂർണ്ണ സജ്ജരായാണ് സൗദി പടയൊരുക്കം പൂർത്തിയാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

