Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightസാംബാ താളം...

സാംബാ താളം വീണ്ടെടുക്കുമോ? ബ്രസീലിന് തലവേദനയായി താരങ്ങളുടെ പരിക്ക്

text_fields
bookmark_border
Brazil Football Team
cancel

നാല് വർഷങ്ങള്‍ക്കുമുമ്പ് ദോഹ നഗരത്തിലെ അല്‍ അറബി സ്റ്റേഡിയത്തില്‍ നിന്നുള്ള സായാഹ്ന കാഴ്ചകളിലേക്കാണ് മനസ്സ് പോകുന്നത്. ബ്രസീല്‍ ടീമിന്റെ ബേസ് ക്യാമ്പാണ് വേദി. പതിവുപോലെ ടൈറ്റില്‍ ഫേവറിറ്റുകളാണ്. ലോകത്തെ മാധ്യമപ്പടയെല്ലാം സ്റ്റേഡിയത്തിലുണ്ട്. അതിന്റെ സമ്മർദമൊന്നും പക്ഷേ ടിറ്റെയുടെ ടീം ക്യാമ്പില്‍ ഇല്ലായിരുന്നു. മറ്റുള്ള ടീം ക്യാമ്പുകളിലെല്ലാം ഒരു വമ്പൻ പോരാട്ടത്തിന്റെ പിരിമുറുക്കവും സമ്മർദവും പ്രകടമായിരുന്നെങ്കില്‍ ഇവിടെ കളിയും ചിരിയുമെല്ലാം നിറഞ്ഞു. പക്ഷേ, ആത്മവിശ്വാസം അമിതമായപ്പോള്‍ ഖത്തറിലെ യാത്ര ക്വാർട്ടർ ഫൈനലില്‍ അവസാനിച്ചു.

നാല് വർഷങ്ങള്‍ക്കിപ്പുറം ഐഡന്റിറ്റി ക്രൈസിസിലാണ് അഞ്ചുതവണ ലോകകിരീടം ഉയർത്തിയ കാനറികള്‍. സാംബാ ചുവടുകള്‍ക്ക് താളംതെറ്റിയിരിക്കുന്നു. അമേരിക്കൻ ലോകകപ്പില്‍ ബ്രസീലിനെ ടൈറ്റില്‍ ഫേവറിറ്റുകളായി കടുത്ത ആരാധകർ പോലും എണ്ണുന്നില്ല. അവസാനമായി കിരീടം നേടിയിട്ട് 24 വർഷം കഴിഞ്ഞു. 2002ല്‍ ജപ്പാൻ-കൊറിയ ലോകകപ്പിലായിരുന്നു അവസാന കിരീടം.

1970നും 94നും ഇടക്കുള്ള കാലയളവിലാണ് ബ്രസീല്‍ ഇതുപോലെ കിരീട വരള്‍ച്ച നേരിട്ടത്. ഇത്തവണയും കപ്പടിച്ചില്ലെങ്കില്‍ അത് മഞ്ഞപ്പട മറക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു റെക്കോഡാകും. ശരാശരി ടീമുകള്‍ക്കുപോലും ഉള്‍ക്കിടിലമുണ്ടാക്കാൻ ടീമിന് കഴിയുന്നില്ല എന്നതാണ് വാസ്തവം.

ആഞ്ചലോട്ടിയാണ് താരം

സൂപ്പർ താരങ്ങള്‍ക്ക് ക്ഷാമമില്ലാത്ത മണ്ണാണ് റിയോ ഡി ജനീറോയും സാവോ പോളോയുമൊക്കെ. ലോക ഫുട്ബാളിലെ നിരവധി അമൂല്യരത്നങ്ങളാണ് ഈ നഗരങ്ങളിലെ ഫവേലകളില്‍ നിന്നും ഖനനം ചെയ്തെടുത്തിട്ടുള്ളത്. പെലെ മുതല്‍ നെയ്മർ വരെ നീളുന്നു ആ പട്ടിക. പക്ഷേ, ഇത്തവണ അത്തരം മാന്ത്രിക കാലുകളിലല്ല ബ്രസീല്‍ പ്രതീക്ഷവെക്കുന്നത്. മറിച്ച് കാർലോ ആഞ്ചലോട്ടിയെന്ന ഇറ്റലിക്കാരനായ പരിശീലകന്റെ തലച്ചോറിലാണ്.

ഖത്തറിലെ തോല്‍വിക്ക് പിന്നാലെ തന്നെ ബ്രസീല്‍ ആഞ്ചലോട്ടിയെ സമീപിച്ചിരുന്നു. പക്ഷേ, റയലുമായുള്ള കരാർ തീരാത്തതിനാല്‍ ചുമതലയേല്‍ക്കാൻ വൈകി. ലോകകപ്പ് പോലെ ഒരു വലിയ ടൂർണമെന്റിന് ടീമിനെ ഒരുക്കാനുള്ള അവസരം ആഞ്ചലോട്ടിക്ക് കിട്ടിയിട്ടില്ല എന്നതാണ് യാഥാർഥ്യം. പക്ഷേ, നോക്കൗട്ട് ടൂർണമെന്റുകളില്‍ അസാമാന്യമായ ട്രാക്ക് റെക്കോഡുണ്ട് കാർലോയ്ക്ക്. റയലിനും എ.സി മിലാനുമൊപ്പം നേടിയ അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങള്‍ അതിന് അടിവരയിടുന്നു.

പരിക്ക് വില്ലനാവുന്നു

വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും എഡർ മിലിറ്റാവോയുമൊക്കെ എൻറിക്വെയും കസമീറോയും ഒക്കെ റയലില്‍ കാർലോയ്ക്ക് കീഴില്‍ കളിച്ചവരാണ്.

അതിനാല്‍ തന്ത്രങ്ങളുമായി ഇഴുകിച്ചേരാൻ അധികം സമയം വേണ്ടിവരില്ല, പക്ഷേ, പരിക്കാണ് കോച്ചിന്റെ ഏറ്റവും വലിയ തലവേദന. പതിവുപോലെ വിഭവസമൃദ്ധമല്ല ടീം. ഒപ്പം പ്രമുഖ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലാണ്.

സൂപ്പർ താരം നെയ്മർ പരിക്കിന്റെ പിടിയില്‍നിന്ന് പൂർണ മോചിതനല്ല. റോഡ്രിഗോയും നേരത്തെ തന്നെ പുറത്തായി. വിസ്മയ പ്രകടനങ്ങളുമായി മഞ്ഞക്കുപ്പായത്തില്‍ പറന്നുകളിച്ചിരുന്ന ചെല്‍സിയുടെ എസ്റ്റിവാഓയും പുറത്താണ്. ഇടത് വിങ്ങുകള്‍ വഴിയുള്ള ബ്രസീലിയൻ നീക്കങ്ങളെ സാരമായി ബാധിക്കും. വിനീഷ്യസും റഫീഞ്ഞയും കൂടെയുള്ളതാണ് ആശ്വാസം. പ്രതിരോധത്തില്‍ വിശ്വസ്തനായ എഡർ മിലിറ്റാവോയും പരിക്കുമൂലം ലോകകപ്പ് ടീമിൽ ഇല്ല.

പരിക്ക് അലട്ടുന്നുണ്ടെങ്കിലും ആക്രമണം തന്നെയാണ് ബ്രസീലിന്റെ കരുത്ത്. നെയ്മർ, വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, മാത്യൂസ് കുഞ്ഞ,ഗബ്രിയേല്‍ മാർട്ടിനെല്ലി, എൻഡ്രിക്, ആന്റണി, ലൂയിസ് ഹെൻറിക്വെ തുടങ്ങി സമ്പന്നമാണ് മുന്നേറ്റ നിര. ബ്രന്റ്ഫോർഡിനായി ഗോളടിച്ചുകൂട്ടുന്ന ഇഗോർ ടിയാഗോയെയും കോച്ച് കൂടെ കൂട്ടിയിട്ടുണ്ട്.

കംപ്ലീറ്റ് സ്ട്രൈക്കറില്ലാത്ത മഞ്ഞപ്പട

നമ്പർ 9 പൊസിഷനില്‍ ഒരു കംപ്ലീറ്റ് സ്ട്രൈക്കറെ ലഭിക്കാത്തതാണ് മുന്നേറ്റത്തിലെ പ്രധാന പോരായ്മ. നെയ്മറെ മുഴുവൻ സമയവും കളിപ്പിക്കാനുമാകില്ല.

മധ്യനിരയില്‍ ഭാവനാ സമ്പന്നനായ ഒരു പ്ലേ മേക്കറുടെ അഭാവമുണ്ട്. ന്യൂകാസിലിന്റെ ബ്രൂണോ ഗ്വിമറേഷ് ആണ് ടീമിന്റെ ഫസ്റ്റ് ചോയ്സ്. കൂടെ പക്വറ്റയും വെറ്ററന്മാരായ കസെമീറോയും ഫാബീഞ്ഞോയും ഉണ്ട്.

പ്രതിരോധമാണ് കാർലോയെ കുഴക്കുന്നത്. ഏത് സമയത്തും തുളവീഴുന്ന കോട്ടയായി ബ്രസീല്‍ മാറിയിരിക്കുന്നു. ആഴ്സനലിന്റെ ഗബ്രിയേല്‍ മഗലസ്, മാർക്വീഞ്ഞോസ്, അലക്സാൻഡ്രോ, ബ്രമർ, ഡാനിലോ, ഡഗ്ലസ് സാൻറോസ്, വെസ്ലി എന്നിവർ അടങ്ങുന്ന കാവൽക്കാർ അവിശ്വസനീയമായി ഗോള്‍ വഴങ്ങുന്നതാണ് കോച്ചിനെ കുഴക്കുന്നത്.

അലിസണ്‍, എഡേഴ്സണ്‍, വെവെർട്ടൻ എന്നിവരാണ് ഗോള്‍കീപ്പിങ് ചോയിസ്. ആൻസലോട്ടി ചുമതലയേറ്റ ശേഷമുള്ള 10ല്‍ അഞ്ച് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണം തോറ്റു. രണ്ടെണ്ണം സമനിലയിലായി. എന്നാല്‍, കാര്യമായ എതിരാളികളോട് ഇക്കാലയളവില്‍ ഏറ്റുമുട്ടിയിട്ടില്ല. ഫ്രാൻസിനോട് തോല്‍ക്കുകയും ചെയ്തു. ഏപ്രിലില്‍ ക്രൊയേഷ്യയെ തോല്‍പിക്കാനായതാണ് എടുത്തുപറയാവുന്ന വിജയം. കൊറിയക്കെതിരായ 5 ഗോളിന്റെ വൻ വിജയവും ആരാധകർക്ക് പ്രതീക്ഷ നല്‍കുന്നു.

പന്ത് കൈവശംവെച്ചുള്ള ടിറ്റെയുടെ ശൈലിയില്‍നിന്നും തീർത്തും വ്യത്യസ്തമായ തന്ത്രങ്ങളുമായാണ് ആഞ്ചലോട്ടി ടീമിനെ ഒരുക്കുന്നത്. എതിരാളികള്‍ക്ക് ആവശ്യത്തിന് സ്പേസ് നല്‍കി അവസരങ്ങള്‍ മുതലെടുക്കുകയാണ് തന്ത്രം. മധ്യനിരക്ക് ഡെപ്തില്ലാത്തതും ഈ ശൈലി സ്വീകരിക്കാൻ ആഞ്ചലോട്ടിയെ നിർബന്ധിതനാക്കിയെന്നതാണ് സത്യം. എന്നാല്‍, വേഗതയേറിയ വിങ്ങർമാരുടെ സാന്നിധ്യം പ്ലസ് പോയന്റാണ്. കൗണ്ടർ അറ്റാക്കുകളാകും ആഞ്ചലോട്ടിയുടെ വജ്രായുധം.

ഖത്തർ ലോകകപ്പില്‍ വിസ്മയ മുന്നേറ്റം നടത്തി സെമി ഫൈനല്‍ വരെയെത്തിയ മൊറോക്കോ, ഹെയ്തി, സ്കോട്ട്‍ലൻഡ് ടീമുകളാണ് പ്രാഥമിക ഘട്ടത്തിലെ എതിരാളികള്‍. യൂറോപ്പില്‍ അവിശ്വസനീയ കുതിപ്പ് നടത്തിയാണ് സ്കോട്ലൻഡ് വരുന്നത്.

യോഗ്യതാ റൗണ്ടില്‍ ശക്തരായ ഡെന്മാർക്കിനെ പിന്തള്ളിയാണ് അവർ ഗ്രൂപ് സിയില്‍ ഒന്നാമതെത്തിയത്. സമീപകാല പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ സ്കോട്ലൻഡിനും മൊറോക്കോയ്ക്കും എതിരായ മത്സരങ്ങള്‍ ബ്രസീലിന് അനായാസം ആകില്ല. പരിമിതമായ വിഭവങ്ങള്‍ കൊണ്ട് ആഞ്ചലോട്ടി കാട്ടുന്ന മാജിക്കിനാണ് ആരാധകർ കാത്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neymarcarlo ancelottiBrazil Football TeamFIFA World Cup 2026
News Summary - Will Brazil regain its form?
Next Story