കളി ഒരു വേദനസംഹാരിയാണ്, എല്ലാ വേദനകളും മറന്ന് ആവേശം കൊട്ടിക്കയറുന്ന പൂരക്കളം - മുഖ്യമന്ത്രി വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: ലോകം ഒന്നാകെ കാത്തിരിക്കുന്ന ഫുട്ബാൾ ലോകകപ്പിന്റെ ആവേശത്തിൽ പങ്കുചേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വികാരനിർഭരവും ആവേശം നിറക്കുന്നതുമായ ഒരു കുറിപ്പാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. ലോകകപ്പ് വെറുമൊരു കളി മാത്രമല്ലെന്നും, എല്ലാ വേദനകളും മറന്ന് ജനങ്ങൾ ഒന്നാകുന്ന ഒരു വലിയ ‘വേദനസംഹാരി’ കൂടിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ ക്യാൻവാസിലാണ് ഇത്തവണത്തെ ലോകകപ്പ് അരങ്ങേറുന്നത്. 48 ടീമുകൾ, 104 മത്സരങ്ങൾ, 1,248 കളിക്കാർ എന്നിവരടങ്ങുന്ന ഈ മഹാമേളക്ക് ഏറെ സവിശേഷതകളുണ്ടെന്ന് അദ്ദേഹം കുറിച്ചു.
‘ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇനി ഒരു ലോകകപ്പിനുണ്ടാകില്ല. ആ രാജകീയ വേദിയിൽ അവർ ആറു തവണ അണിനിരന്നു. ഒരുപക്ഷേ നെയ്മറും ഇനി ഒരു ലോകകപ്പിന്റെ തിളക്കത്തിലുണ്ടാകില്ല. പക്ഷേ അപ്പോഴും ഒരു ഫുട്ബോൾ മൈതാനം രണഭൂമിയായി അവിടെയുണ്ടാകും’- മുഖ്യമന്ത്രി കുറിച്ചു.
മൈതാനങ്ങൾക്ക് തീപിടിപ്പിക്കുന്ന കാൽപന്തിന്റെ ഈ പൂരം ഒന്നിനും പകരമല്ലെന്നും, ലോകം ഒരു പന്തിലേക്ക് ചുരുങ്ങുന്ന ഈ നാളുകളിൽ ഫുട്ബാളിന്റെ ആവേശത്തോടൊപ്പം ഒന്നിച്ച് ചലിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകം ഒന്നാകെ ആഘോഷിക്കുന്ന ഈ മഹോത്സവത്തിൽ പങ്കാളികളാകാൻ എല്ലാ കായികപ്രേമികളോടും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
പോസ്റ്റിന്റെ പൂർണരൂപം
ആവേശം കൊടുമുടിയോളം... ലോകം ഇനി ഒരു പന്തിന് ചുറ്റും... മൈതാനങ്ങൾക്ക് തീപിടിപ്പിക്കുന്ന കാൽപന്തിന്റെ പൂരം... ഇനി പോരാട്ടങ്ങളുടെ കാലവും ലോകവും... അങ്ങനെ എത്രയോ വിശേഷണങ്ങൾ. ഒന്നും അധികമല്ല. ഒന്നും മറ്റൊന്നിന് പകരവുമല്ല. കളി ഒരു വേദനസംഹാരിയാണെന്ന് കരുതേണ്ടിവരും. എല്ലാ വേദനകളും മറന്ന് ആവേശം കൊട്ടിക്കയറുന്ന പൂരക്കളം.
ഓരോ ലോകകപ്പിനും ഓരോ വിശേഷണങ്ങളുണ്ട്. ഈ ലോകകപ്പിന്റെ പ്രത്യേകത എന്താണ്? 48 ടീമുകൾ, 104 മത്സരങ്ങൾ, 1,248 കളിക്കാർ. വലിയൊരു കാൻവാസിലാണ് ഇത്തവണത്തെ ലോകകപ്പ് അരങ്ങേറുന്നത്. ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇനി ഒരു ലോകകപ്പിനുണ്ടാകില്ല.
ആ രാജകീയ വേദിയിൽ അവർ ആറു തവണ അണിനിരന്നു. ഒരുപക്ഷേ നെയ്മറും ഇനി ഒരു ലോകകപ്പിന്റെ തിളക്കത്തിലുണ്ടാകില്ല. പക്ഷേ അപ്പോഴും ഒരു ഫുട്ബോൾ മൈതാനം രണഭൂമിയായി അവിടെയുണ്ടാകും.
ലോകം ഒരു പന്തിലേക്ക് ചുരുങ്ങുന്ന നാളുകൾ. അതിനൊപ്പം മിടിക്കുന്ന ഫുട്ബോളിന്റെ ആവേശത്തോടൊപ്പം ചലിക്കുക. മൈതാനത്തെ ഓരോ നീക്കവും ആവേശത്തോടെ കാണുക. ലോകം ഒന്നാകെ ആഘോഷിക്കുന്ന ഈ മഹോത്സവത്തിൽ പങ്കാളിയാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

