Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightതീരാതെ യു.എസ് ക്രൂരത;...

തീരാതെ യു.എസ് ക്രൂരത; ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ മേധാവിക്ക് വിസ നിഷേധിച്ചു

text_fields
bookmark_border
തീരാതെ യു.എസ് ക്രൂരത; ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ മേധാവിക്ക് വിസ നിഷേധിച്ചു
cancel

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിന്റെ സഹആതിഥേയരായ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ തലവന് അമേരിക്കൻ സർക്കാരിന്റെ വിലക്ക്. ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ മേധാവി ജിബ്രിൽ റജൂബിനാണ് വിസ നിഷേധിച്ചത്. വ്യാഴാഴ്ച മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ പങ്കെടുത്ത അദ്ദേഹം, അമേരിക്കൻ വിസ ലഭിക്കുമെന്ന പ്രതീക്ഷയിൽ നിലവിൽ മെക്സിക്കോ സിറ്റിയിൽ കാത്തിരിക്കുകയാണ്.

ഫലസ്തീൻ ടീം ലോകകപ്പിന് യോഗ്യത നേടിയിട്ടില്ലെങ്കിലും, ആഗോള ഐക്യത്തിന്റെ പ്രതീകമായി ലോകമെമ്പാടുമുള്ള എല്ലാ ഫുട്ബാൾ അസോസിയേഷൻ തലവൻമാരെയും ഫിഫ ലോകകപ്പിലേക്ക് ക്ഷണിക്കാറുണ്ട്. എന്നാൽ ജിബ്രിൽ റജൂബിനെ കൂടാതെ ലോകകപ്പിൽ പങ്കെടുക്കാൻ അക്രഡിറ്റേഷൻ ലഭിച്ച മറ്റ് പലർക്കും അമേരിക്ക വിസ നിഷേധിക്കുകയോ വൈകിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. സൊമാലിയൻ റഫറി ഒമർ അർതാൻ, ഇറാഖ് ടീമിനൊപ്പമുള്ള ഫോട്ടോഗ്രാഫർ എന്നിവരും അമേരിക്ക പ്രവേശനം നിഷേധിച്ചവരിൽ ഉൾപ്പെടുന്നു.

''ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രതിനിധികൾക്ക് പങ്കെടുക്കാനുള്ള അവകാശം ഇത്തരത്തിൽ നിഷേധിക്കുന്നത് ഒട്ടും നീതീകരിക്കാനാവില്ല,'' മുതിർന്ന ഫലസ്തീൻ രാഷ്ട്രീയ നേതാവ് കൂടിയായ ജിബ്രീൽ റജൂബ് പറഞ്ഞു. 2018-ൽ റഷ്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോൾ ഇത്തരം വിസ നിയന്ത്രണങ്ങൾ ആർക്കും ഏർപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൈമലർത്തി ഫിഫ

ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അമേരിക്കൻ സർക്കാരിന്റെ തീരുമാനങ്ങളെ മറികടക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോ. ''സർക്കാരുകൾക്കും പൊലീസ് സേനകൾക്കും മേൽ ആധിപത്യം സ്ഥാപിക്കാൻ ഞങ്ങൾ ലോകത്തിന്റെ രാജാക്കന്മാരല്ലെന്ന് ഓർക്കണം,'' എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഫലസ്തീൻ പാസ്‌പോർട്ട് ഉടമകൾക്ക് കഴിഞ്ഞ വർഷം മുതൽ അമേരിക്ക പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഫലസ്തീൻ അതോറിറ്റിയിൽ ജോലി ചെയ്തിരുന്നവർക്കും ഇത് ബാധകമാണ്. കഴിഞ്ഞ സെപ്റ്റംബറിൽ യു.എൻ പൊതുസഭയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും വിസ റദ്ദാക്കി അമേരിക്ക വിലക്കിയിരുന്നു. ജിബ്രീൽ റജൂബിന്റെ വിസ വിഷയത്തിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

ഇസ്രായേലിനെതിരെ ഉപരോധം ആവശ്യപ്പെട്ട് ഫലസ്തീൻ

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ഇസ്രായേലിനെതിരെ ഫിഫ ശക്തമായ ഉപരോധം ഏർപ്പെടുത്തണമെന്ന് ജിബ്രീൽ റജൂബും മറ്റ് ഫലസ്തീൻ ഫുട്ബാൾ പ്രതിനിധികളും നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഫലസ്തീൻ കായിക മേഖല നേരിടുന്ന പ്രതിസന്ധികൾ അവർ ഫിഫയ്ക്ക് മുന്നിൽ അവതരിപ്പിച്ചു:

* ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീനിലെ 80 ശതമാനം കായിക കേന്ദ്രങ്ങളും പൂർണ്ണമായി തകർക്കപ്പെട്ടു.

* യുദ്ധത്തിൽ ഇതുവരെ കുറഞ്ഞത് 565 ഫുട്ബാൾ താരങ്ങളെങ്കിലും കൊല്ലപ്പെട്ടതായി ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കുന്നു.

* ഫലസ്തീൻ താരങ്ങളുടെ യാത്രകൾക്കും ഇസ്രായേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ മാസം ഫിഫ പ്രസിഡന്റിന്റെ അഭ്യർഥന മാനിക്കാതെ ഇസ്രായേൽ ഫുട്ബാൾ ഫെഡറേഷൻ തലവന് ഹസ്തദാനം നൽകാൻ ജിബ്രിൽ റജൂബ് വിസമ്മതിച്ചിരുന്നു. ഹസ്തദാനം ചെയ്യുന്നത് ഇസ്രായേൽ നടത്തുന്ന ക്രൂരതകളെ വെള്ളപൂശുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റജൂബിന്റെ ഈ പ്രതിഷേധം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineFIFAGianni Infantinovisa banUSA
News Summary - US Denies Visa to Palestine Football Association Chief Jibril Rajoub for FIFA World Cup
Next Story