ഉനയ് സിമോണിന്റെ ഉരുക്കുവല
text_fieldsഡാളസ്: ഗ്രീക്ക് പുരാണങ്ങളിൽ അർഗസ് പനോപ്റ്റിസെന്ന നൂറു കണ്ണുകളുള്ള രാക്ഷസനെക്കുറിച്ച് പറയുന്നുണ്ട്. ഹീര ദേവതയുടെ ഏറ്റവും വിശ്വസ്തനായ കാവൽക്കാരൻ. അർഗസ് ഉറങ്ങുമ്പോൾ പോലും രണ്ട് കണ്ണുകൾ മാത്രമേ അടച്ചിരുന്നുള്ളൂവത്രെ. ബാക്കി കണ്ണുകളെല്ലാം എപ്പോഴും തുറന്നിരുന്ന് ചുറ്റുപാടും വീക്ഷിച്ചുകൊണ്ടിരുന്നതിനാൽ അർഗസിന്റെ കാവൽ ഭേദിച്ച് കടക്കുക അസാധ്യമായിരുന്നു. സിയൂസ് ദേവൻ പശുവായി മാറ്റിയ അയോ എന്ന അപ്സരസ്സിനെ കാത്തുസൂക്ഷിക്കുക എന്നതായിരുന്നു പ്രധാന ദൗത്യം. അർഗസിനെപ്പോലെ എല്ലായിടത്തും കണ്ണുകൾ പായിച്ച് സ്പാനിഷ് ടീമിന്റെ ക്രോസ് ബാറിന് കീഴിൽ ഒരാൾ സദാ ജാഗരൂകനായി നിൽപുണ്ട്. എതിരാളികളുടെ കാലുകളിൽനിന്ന് തീപ്പൊരി കണക്കെ പാഞ്ഞടുക്കുന്ന പന്തുകളെ നിഷ്പ്രഭമാക്കി അയാൾ മൈതാനത്ത് വിസ്മയമായി മാറുകയാണ്. എതിരാളികൾക്ക് മുന്നിൽ ഒരിക്കൽപോലും തലകുനിക്കാത്ത സാമ്രാജ്യമായി ഉനയ് സിമോണെന്ന ഗോൾ കീപ്പർ ലാ റോജാസിന്റെ വല കാത്തുകൊണ്ടിരിക്കുന്നു. 2026 ലോകകപ്പിൽ സിമോണിനെ ഭേദിക്കാനായത് ഒരൊറ്റ തവണ മാത്രം. ഏഴിൽ ആറ് മത്സരങ്ങളിലും ക്ലീൻ ഷീറ്റുമായി പുതിയ ചരിത്രം സ്ഥാപിച്ചിരിക്കുകയാണ് 29കാരൻ.
ഇതിഹാസങ്ങളുടെ റെക്കോഡ് ഇനി പഴങ്കഥ
2022ൽ ഖത്തറിൽ തുടങ്ങിയതാണ് സിമോണിന്റെ ഗോൾ വഴങ്ങാത്ത യാത്ര. ഈ ലോകകപ്പ് കൂടി ചേർത്ത് ചോരാത്ത കൈകളുമായി തുടർച്ചയായ 650 മിനിറ്റുകൾ ഗോൾ പോസ്റ്റിൽനിന്ന് ഗിന്നസ് വേൾഡ് റെക്കോഡടക്കം സ്ഥാപിച്ചു താരം. 1990 ലോകകപ്പിൽ ഇറ്റാലിയൻ ഇതിഹാസം വാൽട്ടർ സെൻഗ ഗോൾ വഴങ്ങാതെ വല കാത്ത 518 മിനിറ്റായിരുന്നു നിലവിലെ റെക്കോഡ്. ഐകർ കസീയസ് 2010 ലോകകപ്പിലും 2014 ലോകകപ്പിലുമായി സ്ഥാപിച്ച 477 മിനിറ്റുകളായിരുന്നു സ്പാനിഷ് റെക്കോഡ്. ഇത് നേരത്തേതന്നെ സ്വന്തം പേരിനൊപ്പം ചേർത്ത ലോകകപ്പിൽ ക്ലീൻ ഷീറ്റുകളിലും കസീയസിനെ മറികടന്നു. 2010ൽ സ്പെയിൻ ജേതാക്കളായപ്പോൾ ഇതിഹാസ ഗോൾ കീപ്പർക്ക് അഞ്ച് ക്ലീൻ ഷീറ്റുണ്ടായിരുന്നു. ഇത് ആറാക്കി ലോക റെക്കോഡിട്ടു സിമോൺ.
ക്രിസ്റ്റ്യാനോയെ പൂട്ടി, എംബാപ്പെയെയും
സിമോൺ കെട്ടിയ മതിൽ തകർക്കാനാവാതെ തലകുനിച്ച് മടങ്ങിയവരിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മുതൽ കിലിയൻ എംബാപ്പെ വരെയുണ്ട്. ഗ്രൂപ് റൗണ്ടിലെ ആദ്യ കളിയിൽ കാബോ വെർഡെ ഗോളടിപ്പിക്കാതെ സ്പെയിനിനെ വിറപ്പിച്ച് നിർത്തിയെങ്കിലും മറുതലക്കൽ സിമോണും വഴങ്ങിയില്ല. പിന്നെ സൗദി അറേബ്യയും ഉറുഗ്വായിയും റൗണ്ട് ഓഫ് 32ൽ ഓസ്ട്രിയയും പ്രീക്വാർട്ടറിൽ പോർചുഗലുമെല്ലാം മുട്ടുമടക്കി. സ്പെയിനിനെതിരായ ക്വാർട്ടറിൽ 41ാം മിനിറ്റിൽ ചാൾസ് ഡി കറ്റേലെറെയെ സിമോൺ കോട്ട ഒരേയൊരുവട്ടം ഭേദിച്ചു. ഖത്തറിൽ ജപ്പാനെതിരായ ഗ്രൂപ് മത്സരത്തിന്റെ 51ാം മിനിറ്റിന് ശേഷം ലോകകപ്പിൽ ആദ്യമായി സിമോൺ വഴങ്ങിയ ഗോൾ. സെമി ഫൈനലിൽ ഫ്രാൻസിന്റെ മധ്യനിരയും ആക്രമണനിരയും ദുർബലമായിരുന്നു. പെനാൽറ്റി ബോക്സിന്റെ അരികിലാണ് സിമോൺ സ്റ്റാർട്ടിങ് പൊസിഷൻ. എതിരാളികളുടെ ലോങ് ബാളുകൾ ക്ലിയർ ചെയ്യാനും നിരന്തരം ബാക്ക് പാസിനും ലഭ്യമായിരുന്നു കീപ്പർ. സ്പെയിനിന് അതിന്റെ പ്രതിരോധ യൂനിറ്റിനെ ഹാഫ് ലൈനിലേക്ക് അടുപ്പിക്കുന്നതിലും മിഡ്ഫീൽഡിന് ഫ്രാൻസിനെ ഇത്രയധികം സമ്മർദത്തിലാക്കുന്നതിനും സിമോൺ നിൽക്കുന്ന പൊസിഷൻ നിർണായകമായി.
ഫ്യൂവന്റെയുടെ ദശാബ്ദം പിന്നിട്ട വിശ്വാസം
സിമോണിലുള്ള പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂവന്റെയുടെ വിശ്വാസത്തിന്റെ ദശാബ്ദം പിന്നിട്ട പഴക്കമുണ്ട്. 2015ൽ അണ്ടർ-19 യൂറോപ്യൻ ചാമ്പ്യൻഷിപ്പും 2019ൽ അണ്ടർ-21 യൂറോപ്യൻ ചാമ്പ്യൻഷിപ്പും 2021ലെ ടോക്യോ ഒളിമ്പിക്സിൽ വെള്ളി മെഡലും നേടുമ്പോൾ തന്ത്രജ്ഞനായി ഫ്യൂവന്റെയുണ്ടായിരുന്നു. 2022ൽ അദ്ദേഹം സീനിയർ ടീമിനെയും ഏറ്റെടുത്തു. ലാ റോജയുടെ യൂറോ 2024 വിജയത്തിന് അടിത്തറയിട്ടതും സിമോണായിരുന്നു. എന്നാൽ, ക്ലബ് ഫുട്ബാളിലെ സിമോണിന്റെ താരതമ്യേന ദുർബലമായ പ്രകടനം ഡേവിഡ് റയയും ജൊവാൻ ഗാർസിയയുമുള്ള ദേശീയ ടീമിലെ അദ്ദേഹം സ്ഥാനം എപ്പോഴും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കി. അത്ലറ്റിക് ബിൽബാവോയുടെ ഗോൾകീപ്പറായി സ്പാനിഷ് ലാലിഗയിലും തിളങ്ങുന്ന സിമോണിനപ്പുറത്തേക്ക് ഫ്യൂവന്റെക്കിപ്പോൾ മറ്റൊരു ചോയ്സില്ല.
നേട്ടങ്ങൾ
- 6 ക്ലീൻ ഷീറ്റുകൾ: ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ നേടുന്ന ഗോൾകീപ്പർ
- ടൂർണമെന്റിലുടനീളം നേരിട്ട 11 ഷോട്ടുകളിൽ 10 എണ്ണവും തടുത്തിട്ടു (90.9% സേവ് റേറ്റ്).
- ഡിഫൻസിവ് ലൈനിന് പുറത്തേക്ക് ഇറങ്ങിവന്ന് പന്ത് ക്ലിയർ ചെയ്യുന്നതിൽ (8 തവണ) ടൂർണമെന്റിൽ ഏറ്റവും മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

