കടുപ്പം, കടക്കണം; ബ്രസീലും മൊറോക്കോയും സൂപ്പർ പോരാട്ടത്തിന്
text_fieldsബ്രസീൽ താരം വിനീഷ്യസ് ജൂനിയറും മൊറോക്കോ ഗോൾ കീപ്പർ അഹമദ് റിദയും പരിശീലനത്തിനിടെ
ന്യൂജഴ്സി: ലോകകപ്പെന്ന മഹാമാമാങ്കത്തിൽ ബ്രസീലിന്റെ വരവിന് ചന്തം വേറെയാണ്. രണ്ട് വ്യാഴവട്ടത്തിലെ കിരീടവരൾച്ചക്ക് അറുതിയാക്കാൻ മഞ്ഞപ്പടയുടെ കന്നിയങ്കം നാളെയാണ്. ഇന്ത്യൻ സമയം പുലർച്ചെ 3.30ന് മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന സി ഗ്രൂപ്പിലെ പോരാട്ടത്തിന് കടുപ്പമേറെയാണ്. കഴിഞ്ഞ വർഷത്തെ സെമിഫൈനലിസ്റ്റുകളായ മൊറോക്കോയാണ് എതിരാളികൾ. ഇതുപോലൊരു പോര് മറ്റൊരു ഗ്രൂപ്പിലുമില്ല. ലോകറാങ്കിങ്ങിലെ ആദ്യ പത്തു സ്ഥാനത്തിനുള്ളിലുള്ള ടീമുകൾ ഒരേ ഗ്രൂപ്പിൽ വന്നത് ഇവിടെ മാത്രം.1982ന് ശേഷം ഗ്രൂപ് ഘട്ടത്തിൽ ഒന്നാമതായി തന്നെയാണ് ബ്രസീൽ മുന്നേറിയത്.
ആറാം കിരീടത്തിനായി വടക്കേ അമേരിക്കയിലേക്കെത്തിയ കാനറികൾക്ക് സൂപ്പർ പരിശീലകനായ കാർലോ ആഞ്ചലോട്ടിയുടെ തന്ത്രങ്ങൾ പ്ലസ്പോയന്റാണ്. ചാമ്പ്യൻസ് ലീഗും ലോകകപ്പും നേടുന്ന മൂന്നാമത്തെ കോച്ചാകണമെന്ന് ഈ ഇറ്റലിക്കാരന്റെ ആഗ്രഹം. പരിക്കിൽ നിന്ന് മോചിതനായി വരുന്ന നെയ്മർ ഇന്ന് കളിക്കില്ല. റോഡ്രിഗോ, വെസ്‍ലി, മിലിറ്റാവോ തുടങ്ങിയ താരങ്ങൾ പരിക്ക് കാരണം ടീമിലില്ല. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നിരവധി തോൽവികളും നാല് പരിശീലകരുമൊക്കെയായി കടമ്പകൾ കടന്നാണ് ബ്രസീലെത്തുന്നത്.
കഴിഞ്ഞ തവണ ഖത്തറിൽ ക്രൊയേഷ്യയോട് ക്വാർട്ടർ ഫൈനലിൽ തോറ്റ് മടങ്ങാനായിരുന്നു മഞ്ഞപ്പടയുടെ വിധി. ഇത്തവണ കടലാസിൽ അതിശക്തരാണ്. ബാറിന് കീഴിൽ അലിസൺ ബെക്കർ മുതൽ മുൻനിരയിൽ വിനീഷ്യസ് ജൂനിയറും തിയാഗോയും വരെയുള്ളവർ. ഖത്തറിൽ ക്വാർട്ടർ ഫൈനലിൽ നിരവധി അവസരങ്ങൾ കളഞ്ഞ റാഫിഞ്ഞയെന്ന സൂപ്പർ അറ്റാക്കർ ഫോമിലാണ്. അലക്സ് സാൻഡ്രോയും മാർക്കിഞ്ഞോസും ഡാനിലോയുമടക്കമുള്ള പ്രതിരോധം. കാസിമിറോയുടെ മേൽനോട്ടത്തിൽ ലുകാസ് പക്വേറ്റയും ബ്രൂണോ ഗ്വിമാറസും മധ്യനിരയിൽ കണ്ണിമക്കാതെ കളിക്കുന്നവരാണ്. 4-1-2-1-2 ശൈലിയിലാണ് പന്ത് തട്ടുക.
മറുഭാഗത്ത് മൊറോക്കോയുടെ ആവേശവും കളി മികവ് വർധിച്ചിട്ടേയുള്ളൂ. അഷ്റഫ് ഹക്കീമിയും ബ്രാഹിം ഡയസും അയുബ് അൽകാബിയും അപകടകാരികളാണ്. മുന്നേറ്റത്തിലെ ഊർജസ്വലനായ ഇസ്മയിൽ സായ്ബരിയാണ് മറ്റൊരു ശ്രദ്ധേയൻ. 4-2-3-1 എന്ന ഫോർമേഷനിലാണ് കോച്ച് മുഹമ്മദ് ഒഹാബി ടീമിനെ ഒരുക്കുന്നത്. ഖത്തറിൽ പോർചുഗലിനെയും സ്പെയിനിനെയും തോൽപിച്ച് സെമി വരെ മുന്നേറിയ മൊറോക്കോ ടീമിൽ സ്പാനിഷ്, ഫ്രഞ്ച് ലീഗുകളിലെ പരിചയസമ്പന്നർ ഏറെയാണ്. ഏറെക്കാലം ടീമിനൊപ്പമുണ്ടായിരുന്ന പരിശീലകൻ വലിദ് റെഗ്രാഗുയ് ലോകകപ്പിന് മൂന്ന് മാസം മുമ്പ് രാജിവെച്ചത് ടീമിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
ബ്രസീലും മൊറോക്കോയും രണ്ടാം തവണയാണ് ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. 2002ൽ റൊണാൾഡോയും റിവാൾഡോയും നേടിയ ഗോളുകൾക്ക് ബ്രസീൽ ജയിച്ചു. മൂന്ന് വർഷം മുമ്പ് സൗഹൃദ മത്സരത്തിൽ മൊറോക്കോക്കായിരുന്നു ജയം. ലോകകപ്പിൽ എട്ടുതവണ ആഫ്രിക്കൻ ടീമുകുളോട് ഏറ്റുമുട്ടിയ മഞ്ഞപ്പട ഒരു തവണ മാത്രമാണ് തോറ്റത്. മറ്റ് മത്സരങ്ങളിൽ നാളെ ഇന്ത്യൻ സമയം രാവിലെ 6.30ന് ഹെയ്തി സ്കോട്ട്‍ലൻഡിനെയും 9.30ന് ആസ്ട്രേലിയ തുർക്കിയയെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

